തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ശുദ്ധജല ദൗർലഭ്യത്തിന് പരിഹാരമായി പേപ്പാറ അണക്കെട്ടിന്റെ സംഭരണശേഷി വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം ഇപ്പോഴും അനിശ്ചിതത്വത്തിൽ. ഓരോ വേനലിലും തലസ്ഥാന ജില്ലയിൽ ജല ദൗർലഭ്യം ഉണ്ടാകുമ്പോൾ പേപ്പാറ ഡാമിന്റെ സംഭരണശേഷി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചന നടക്കുമെങ്കിലും പിന്നീടത് നടക്കാറില്ല.
പേപ്പാറ ഡാമിന്റെ ജലനിരപ്പ് 107.5 മീറ്ററിൽ നിന്ന് 110.5 മീറ്ററായി ഉയർത്താനുള്ള നിർദ്ദേശം കേരള ജല അതോറിട്ടി 2019ൽ സമർപ്പിച്ചിരുന്നു. എന്നാൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഡാം നിലനിൽക്കുന്നത് പേപ്പാറ വന്യജീവി സംരക്ഷണ കേന്ദ്രത്തിനുള്ളിലാണ്. ജലനിരപ്പ് ഉയരുന്നതോടെ പരിസ്ഥിതി ആഘാതം,വനനശീകരണം എന്നിവ ചൂണ്ടിക്കാട്ടി സംഭരണശേഷി വർദ്ധിപ്പിക്കുന്നത് കേന്ദ്ര വനം പരിസ്ഥിതി വകുപ്പുകൾ അനുമതി നൽകിയിട്ടില്ല. നിലവിൽ 100.15 മീറ്ററാണ് പേപ്പാറ ഡാമിലെ ജലനിരപ്പ്.
സംഭരണശേഷി ഉയർത്തണം
തലസ്ഥാന നഗരത്തിനായുള്ള ബദൽ ജല സ്രോതസായ നെയ്യാർ റിസർവോയറിനെ അടിസ്ഥാനമാക്കിയുള്ള 120 എം.എൽ.ഡി പദ്ധതിയെക്കുറിച്ചുള്ള വിശദമായ എൻജിനിയറിംഗ് പദ്ധതി 2022 ജനുവരിയിൽ വാട്ടർ അതോറിട്ടി തയാറാക്കിയിരുന്നു. എന്നാൽ ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. പേപ്പാറ അണക്കെട്ടിന്റെ സംഭരണശേഷിയുടെ പൂർണ പ്രയോജനം തലസ്ഥാനത്തിന് ലഭിക്കുന്നതിനും വർദ്ധിച്ചുവരുന്ന നഗര ജല ആവശ്യകത നിറവേറ്റുന്നതിനും അനുവദനീയമായ സംഭരണശേഷി 110.5 മീറ്ററായി ഉയർത്തേണ്ടത് അത്യാവശ്യമാണെന്ന് ജല അതോറിട്ടി ഉദ്യോഗസ്ഥർ പറയുന്നു.
കരമന നദിയിൽ അരുവിക്കര അണക്കെട്ടിന് മുകളിലായാണ് പേപ്പാറ അണക്കെട്ട്. 2002ൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് നടത്തിയ പഠനത്തിൽ സംഭരണിയിൽ 100 മില്യൻ ക്യുബിക് മീറ്റർ മണൽ അടിഞ്ഞുകൂടിയതായും ഇതിലൂടെ ഡാമിന്റെ സംഭരണശേഷി 31.5 ശതമാനം നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു. മണൽ എടുക്കുന്നതിന് കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ സാധിച്ചിട്ടില്ല.
പേപ്പാറ ഡാം
നിർമ്മിച്ചത് 1983
ഡാമിന്റെ ഉയരം മീറ്റർ - 120 മീറ്റർ
നിലവിലെ സംഭരണ ശേഷി -107.5 മീറ്ററിൽ
നിലവിൽ ജലനിരപ്പ് -100.15 മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |