മലപ്പുറം: സാധാരണക്കാരുടെ സാമ്പത്തിക പ്രയാസത്തിന് പരിഹാരമായി ആരംഭിച്ച മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജില്ലയിൽ കുടിശ്ശിക 46.7 കോടി രൂപ. നാല് മാസത്തെ വേതനമാണ് മുടങ്ങിക്കിടക്കുന്നത്. ജില്ലയിൽ 84,775 തൊഴിലുറപ്പ് തൊഴിലാളികളാണുള്ളത്. വേതനം ലഭിക്കാത്തതോടെ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ്. വിഷു എത്തുമ്പോഴേക്കും കുടിശ്ശിക നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തൊഴിലുറപ്പിനെ മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളാണ് ജില്ലയിലുള്ളത്.
ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ വ്യവസ്ഥ അനുസരിച്ച് തൊഴിലാളികൾക്കുള്ള വേതന വിതരണം 15 ദിവസം വൈകിയാൽപ്പോലും പലിശയ്ക്ക് അർഹതയുണ്ട്. എന്നാൽ, ആ തുക പോലും ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. ജോലിയ്‌ക്കെത്തി മസ്റ്റർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്താൽനേരത്തെ 15 ദിവസത്തിനകം വേതനം ലഭിക്കാറുണ്ടായിരുന്നു.
വർദ്ധനവ് എന്ന് ലഭിക്കും
തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള വേതനം 346 രൂപയിൽ നിന്നും 369 രൂപയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ മാസം ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. വർദ്ധനവ് നിലവിൽ വന്നെങ്കിലും എന്ന് മുതൽ ലഭിച്ച് തുടങ്ങുമെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്.
കുടിശ്ശിക - 46.7 കോടി
ആകെ തൊഴിലുറപ്പ് തൊഴിലാളികൾ - 84,775
ഗവൺമെന്റ് ഓഫ് ഇന്ത്യ അനുവദിച്ച തൊഴിൽ ദിനത്തേക്കാൾ കൂടുതൽ കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചിരുന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പിന്നീട് ഇത് പ്രകാരം ഉയർത്തി നൽകുന്നതാണ് പതിവ്. എന്നാൽ, ഇത്തവണ ഇതുവരെ ലേബർ ബഡ്ജറ്റ് ഉയർത്തിയിട്ടില്ല. അതാണ് കുടിശ്ശികയ്ക്ക് കാരണം. ഉടൻ കുടിശ്ശിക തീർക്കു മെന്ന് പ്രതീക്ഷിക്കുന്നു.
പ്രീതി മേനോൻ, ജോയിന്റ് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ
വേതനം ലഭിക്കാത്തതിനാൽ ദൈനംദിന ചിലവുകൾക്ക് പോലും പ്രയാസപ്പെടുകയാണ്. വിഷുവെല്ലാം പ്രതിസന്ധിയിലായിരുന്നു. വേതനം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും തൊഴിലുറപ്പിന് പോവുകയാണ്. 65 വയസായതിനാൽ തന്നെ ശാരീരിക അവശതകളുമുണ്ട്.
കെ.സരോജിനി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |