തൃശൂർ: സ്വദേശത്തും വിദേശത്തുമായി ജില്ലയിലെ അരലക്ഷത്തിലേറെ പേർക്ക് തൊഴിൽ അവസരങ്ങളുമായി തൊഴിൽ പൂരം.
വിജ്ഞാന കേരളം തൊഴിൽ മേളയുടെ ഭാഗമായി 26 ന് രാമവർമ്മപുരം എൻജീനീയറിംഗ് കോളേജിലും വിമല കോളേജിലുമായാണ് തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. തൊഴിലില്ലാത്ത വീട്ടമ്മമാർക്ക് ഉൾപ്പെടെ തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നേരിട്ട് സ്വകാര്യ എജൻസികൾ വഴി തൊഴിൽ മേള ഒരുക്കുന്നത്. ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ പേര് രജിസ്റ്റർ ചെയ്തവർക്കാണ് മേളയിൽ പങ്കെടുക്കാൻ അവസരം. 25 വരെ ജോലിക്ക് അപേക്ഷിക്കാം.
കൂടുതൽ പേർ എത്തുകയാണെങ്കിൽ രാമവർമ്മപുരം കേന്ദ്രീയ വിദ്യാലയത്തിലും സൗകര്യം ഒരുക്കുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു.
മേളയിൽ കൂടുതൽ പേരെ എത്തിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ ജില്ലയിലെ എല്ലാ വീടുകളിലും 21 മുതൽ സന്ദർശനം നടത്തി നിർദ്ദേശങ്ങൾ നൽകും. ബ്ലോക്കുകളിലും മുനിസിപ്പാലിറ്റികളിലുമുള്ള ജോബ് സ്‌റ്റേഷനുകൾ ഇതിനായി രാത്രി വൈകിയും പ്രവർത്തിക്കും. അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് ലഘുപരിശീലനം നൽകും. രാവിലെ പത്ത് മുതൽ ഒരു മണി വരെയും വൈകിട്ട് മൂന്നു മുതൽ അഞ്ച് വരെയുമാണ് പരിശീലനം.
132 കമ്പനികൾ
ജില്ലയിൽ നടക്കുന്ന തൊഴിൽ പൂരത്തിൽ രാജ്യത്തിനകത്തും പുറത്തും നിന്നുമായി 132 കമ്പനികൾ പങ്കെടുക്കും. ഇതിലൂടെ 35000 പേർക്ക് തൊഴിൽ നൽകാമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. ഇതിന് പുറമേ പതിനായിരത്തോളം പേർക്ക് വിദേശത്തും കോർപറേഷന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന തൊഴിൽ മേളയിലൂടെ 10000 പേർക്കും ജോലി ലഭ്യമാക്കും. വിദേശത്തേക്കുള്ള റീക്രൂട്ട്‌മെന്റ് മെയ് മൂന്നാം വാരം നടക്കും. വാർത്താ സമ്മേളനത്തിൽ മന്ത്രി ആർ.ബിന്ദു, മുൻ മന്ത്രി തോമസ് ഐസക്, എ.സി.മൊയ്തീൻ എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, അനൂപ് കിഷോർ,ജ്യോതിഷ് കുമാർ എന്നിവരും പങ്കെടുത്തു.
ചെറു തൊഴിൽ മേളകൾ
മെഗാ ജോബ് എക്‌പോയെ തുടർന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് പ്രാദേശിക തൊഴിലുകൾക്ക് വേണ്ടി ചെറു തൊഴിൽ മേളകൾ സംഘടിപ്പിക്കും. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലന കോഴ്‌സുകൾ നൽകും.
ഓൺലൈൻ തൊഴിൽ മേള
മാർച്ച് മാസത്തിൽ ആരംഭിച്ച ഓൺലൈൻ തൊഴിൽ മേളയിലൂടെ 436 പേർക്ക് തൊഴിൽ ലഭിച്ചു. 313 പേർ ഷോർട്ട് ലിസ്റ്റിലുണ്ടെന്ന് ജില്ലാ മിഷൻ കോഡിനറ്റർ ജ്യോതിഷ് കുമാർ പറഞ്ഞു. എല്ലാ ശനിയാഴ്ച്ചകളിലും എൻജീനിയറിംഗ് കോളേജിലാണ് ഓൺലൈൻ ഇന്റർവ്യു.
യാത്ര സൗകര്യം
കെ.എസ്.ആർ.ടി.സി, ശക്തൻ സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തുന്നവരെ തൊഴിൽ മേള നടക്കുന്ന സ്ഥലത്ത് എത്തിക്കാൻ യാത്രസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. സംശയനിവാരണത്തിന് കോൾ സെന്റർ സംവിധാനവുമുണ്ട്. തൊഴിൽ മേളയ്ക്കും നൈപുണ്യ പരിശീലത്തിനുമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ 6.6 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
തൊഴിൽ അന്വേഷകരെ തേടി സർക്കാർ എത്തുകയാണ്. രാജ്യത്തിന് തന്നെ ഇത് മാതൃകയാണ്
( മന്ത്രി കെ.രാജൻ)
സംസ്ഥാന ചരിത്രത്തിൽ തന്നെ ഇത്തരമൊരു സംവിധാനം ആദ്യമായിട്ടാണ്. 55 വയസു വരെയുള്ള തൊഴിലില്ലാത്ത എല്ലാവർക്കും പരമാവധി തൊഴിൽ നൽകുകയാണ് ലക്ഷ്യം.
(മന്ത്രി ഡോ.ആർ.ബിന്ദു)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |