കോവളം: തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ ബലിതർപ്പണത്തിനെത്തിയ വീട്ടമ്മയുടെ 6 പവന്റെ മാല മോഷണം പോയ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തുന്നില്ലെന്ന് പരാതി. ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് രാവിലെ 9 ഓടെയാണ് പള്ളിച്ചൽ മായംകോട് അവിട്ടത്തിൽ രമേഷും ഭാര്യ ശ്രീലേഖയും ക്ഷേത്രത്തിലെത്തിയത്. തുടർന്ന് ബലതർപ്പണത്തിനു ശേഷം മൃത്യുഞ്ജയ ഹോമത്തിന്റെ പ്രസാദം വാങ്ങുന്നതിനിടയിൽ പെട്ടെന്ന് തിരക്കനുഭവപ്പെട്ടു. 10.40 ഓടെ ഇരുവരും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരമറിയുന്നത്. ഉടൻതന്നെ ഇരുവരും തിരികെ തിരുവല്ലം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
തുടർന്ന് സിസി.ടിവി ക്യാമറ പരിശോധിച്ചപ്പോൾ മാല പൊട്ടിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. എന്നാൽ തുടരന്വേഷണത്തിൽ തമിഴ്നാട് മാർത്താണ്ഡം പുതുക്കട - അരുവിക്കര സ്വദേശിയായ ഒരു യുവാവിനെ പൊലീസ് പിടികൂടി. എന്നാൽ ഇയാൾക്കെതിരെ വേണ്ടത്ര തെളിവുകളില്ലെന്ന കാരണത്താൽ യുവാവിനെ വിട്ടയിച്ചു. എന്നാൽ ഇയാളുടെ സമീപത്തുണ്ടായിരുന്ന രണ്ട് സ്ത്രീകളെ കണ്ടെത്താനായില്ല. ഏതാനും മാസങ്ങളായി തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലും പരിസരത്തുമായി 16 ഓളം മാലകളാണ് മോഷണം പോയത്. എന്നാൽ പലരും മോഷണവിവരം പുറത്തറിയിക്കാതെ മടങ്ങുകയാണ് പതിവ്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർ,ഡി.ജി.പി, മുഖ്യമന്ത്രി എന്നിവർക്ക് കുടുംബം പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |