ഉപ്പുരസം മാറ്റാൻ മണൽ കഴുകിയും വില്പന
കൊല്ലം: തീരശോഷണത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിച്ച് മുണ്ടയ്ക്കൽ തീരത്തു നിന്ന് ചാക്കുകളിൽ മണൽ കടത്തുന്നു. കടൽക്ഷോഭം അതിരൂക്ഷമായ പ്രദേശമാണ് ഇവിടം. രാത്രികാലങ്ങളിൽ പെട്ടി ഓട്ടോകളിലും പകൽ സമയത്ത് സ്കൂട്ടറുകളിലുമാണ് മണൽ കടത്തുന്നത്.
രഹസ്യ സംഭരണ കേന്ദ്രങ്ങളിൽ എത്തിച്ച ശേഷമാണ് മണൽ ആവശ്യക്കാർക്ക് വിൽക്കുന്നത്.
ഉപ്പുരസം പോകാൻ ചില ഘട്ടങ്ങളിൽ കടത്തുകാർ തന്നെ കഴുകി വൃത്തിയാക്കും. കഴുകാത്ത ഒരു ചാക്ക് മണൽ 150 രൂപയ്ക്കും കഴുകിയത് 250 രൂപയ്ക്കുമാണ് വിൽക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. നിർമ്മാണ കരാറുകാരാണ് പ്രധാന ഉപഭോക്താക്കൾ. നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമ്പോൾ പൊലീസ് പിടികൂടിയാലും കേസ് എടുക്കുന്നത് ഒഴിവാക്കാനാണ് ചെറിയ അളവിൽ ചാക്കുകളിലാക്കി കൊണ്ടുപോകുന്നത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ പൊലീസ് 20 ചാക്ക് മണൽ പിടിച്ചെടുത്തിരുന്നു.
നേരത്തെ പാപനാശനം തീരം കേന്ദ്രീകരിച്ച് മാത്രമാണ് മണൽ വാരിയിരുന്നത്. ഇപ്പോൾ ഇരവിപുരം ഭാഗത്തേക്ക് നീങ്ങി പുലിമുട്ടിനോടു ചേർന്നും മണൽ വാരുന്നുണ്ട്. ഇരവിപുരം മുതൽ കൊല്ലം ബീച്ച് വരെ കടൽ ക്ഷോഭത്തിൽ നൂറിലേറെ വീടുകളാണ് തകർന്നിട്ടുള്ളത്. തീരദേശ റോഡ് തകരുന്നതും പതിവാണ്.ട
...............................
പ്രശ്നങ്ങൾ പലവിധം
കടൽ ക്ഷോഭത്തിന്റെ ആഘാതം വർദ്ധിക്കും
പുലിമുട്ടുകൾക്കും ഭീഷണി
പുലിമുട്ടുകൾ ഇടിഞ്ഞുതാഴും
ഇനിയുള്ള പുലിമുട്ട് നിർമ്മാണത്തിന് ചെലവേറും
തീരം ഇടിയുന്നതോടെ റോഡ് തകരും
തീരദേശ റോഡ് തകരുന്നതിന് പുറമേ നൂറുകണക്കിന് കുടുംബങ്ങളെ കടലാക്രമണത്തിന്റെ ഇരകളാക്കുന്ന തരത്തിലാണ് ഇപ്പോൾ തീരത്ത് നിന്നു മണൽ കടത്തുന്നത്. ജില്ലാ ഭരണകൂടം അടിയന്തിരമായി വിഷയത്തിൽ ഇടപെടണം
പ്രദേശവാസി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |