മണ്ണിന്റെ ഘടനയിൽ വ്യത്യാസം കണ്ടെത്തി
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ ഇനിയും വൈകും.
റെയിൽവേ അധികൃതരുമായുള്ള ചർച്ചയ്ക്ക് ശേഷം എൻ.കെ.പ്രേമചന്ദ്രൻ എം.പിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2026 ജനുവരിയിൽ കമ്മിഷൻ ചെയ്യുന്ന തരത്തിൽ പ്രവൃത്തികൾ പുരോഗമിക്കുകയായിരുന്നു. എന്നാൽ പ്രധാന കെട്ടിടത്തിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിനു വേണ്ടിയുള്ള പരിശോധനയിൽ മണ്ണിന്റെ ഘടനയിൽ വ്യത്യാസം കണ്ടെത്തി. നിലവിലെ ഓഫീസുകളും യാത്രക്കാർക്ക് വേണ്ടിയുള്ള സൗകര്യങ്ങളും മാറ്റി സ്ഥാപിക്കുന്നതിലുണ്ടായ കാലതാമസവും നിർമ്മാണ പ്രവർത്തനങ്ങൾ നീളാൻ കാരണമായി. നിർമ്മാണ പ്രവൃത്തികൾ നിലവിലെ ആസൂത്രണം അനുസരിച്ചു തന്നെ ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്. അടുത്ത മേയിൽ നിർമ്മാണങ്ങളെല്ലാം പൂർത്തിയാവുമെന്നാണ് പ്രതീക്ഷ.
എയർപോർട്ടിന് സമാനമായ സൗകര്യങ്ങളോടെ എയർ കോൺകോഴ്സ് നിർമ്മാണവും നടക്കുന്നുണ്ട്. എയർ കോൺകോഴ്സിന്റെ ഒന്നാം പ്ലാറ്റ്‌ഫോമിലൊഴികെയുള്ള നിർമ്മാണങ്ങളും ഒന്നാം പ്ലാറ്റ്‌ഫോമിലുള്ള ഗർഡറുടെ നിർമ്മാണവും പൂർത്തിയായി. 36 മീറ്റർ വീതിയിൽ രണ്ട് ടെർമിനലുകളെയും എല്ലാ പ്ലാറ്റുഫോമുകളെയും ബന്ധിപ്പിക്കുന്നതാണ് എയർ കോൺകോഴ്‌സ്. യാത്രക്കാർക്കുളള റസ്റ്റോറന്റുകൾ, എ.ടി.എമ്മുകൾ, ഷോപ്പിംഗ് കോംപ്ലക്‌സ്, വിശ്രമ കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളാണ് കോൺകോഴ്‌സിൽ ഒരുക്കുന്നത്. നാല് എസ്‌കലേറ്ററുകളും നാലു ലിഫ്റ്റുകളും സ്ഥാപിക്കും. സബ് സ്റ്റേഷൻ കെട്ടിടം, എം.എൽ.സി.പി ഫെയ്‌സ് 1, പാഴ്സൽ ബിൽഡിംഗ്, ബ്ലോക്ക് എയിലെ നിർമ്മാണം എന്നിവ പൂർത്തിയായി. അന്തിമ മിനുക്കുപണികളാണ് അവശേഷിക്കുന്നത്.
മേൽപ്പാലം കോൺക്രീറ്റിംഗ്
പൂർത്തിയായി
റെയിൽവേ മേൽപ്പാലത്തിന്റെ കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തീകരിച്ചു. ഫാബ്രിക്കേഷൻ പുരോഗമിക്കുന്നു. നോർത്ത് ടെർമിനൽ ബിൽഡിംഗിന്റെ അടിസ്ഥാനം പൂർത്തീകരിച്ചു. മറ്റു നിർമ്മാണ പ്രവൃത്തികൾ ആസൂത്രണം ചെയ്ത പ്രകാരം നടക്കുന്നുണ്ട്.
എസ്.എസ്.സി വർക്ക്‌സ് ബിൽഡിംഗ്, ഗ്യാംഗ് റസ്റ്റ് റൂം, സർവ്വീസ് ബിൽഡിംഗ് എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കി റെയിൽവേ ഡിവിഷന് കൈമാറിയിട്ടുണ്ട്.
.........................................
പദ്ധതി ചെലവ്: ₹ 361.18 കോടി
കരാർ നൽകിയത്: 2022 ൽ
യാത്രക്കാർക്കുള്ള ബുദ്ധിമുട്ടുകൾ പരമാവധി കുറച്ച് സുരക്ഷാ ക്രമീകരണങ്ങൾ പൂർണ്ണമായും ഒരുക്കിയാണ് നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് .
എൻ.കെ. പ്രേമചന്ദ്രൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |