ചെന്നൈ: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കുറ്റപത്രം അംഗീകരിക്കാനാവാത്തതെന്നും ലജ്ജാകരമെന്നും ഡിഎംകെ. ബിജെപിയുടെ പ്രതികാര നടപടിയാണിത്. വഖഫ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കിയ കോൺഗ്രസിനെതിരെ ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ കേന്ദ്രം കെട്ടഴിച്ചുവിട്ടിരിക്കുകയാണെന്നും ഡിഎംകെ ട്രഷററും പാർലമെന്ററി പാർട്ടി നേതാവുമായ ടി ആർ ബാലു ആരോപിച്ചു.
നടപടിയെ ഡിഎംകെയുടെ പേരിൽ ശക്തമായി അപലപിക്കുന്നുവെന്നും ടി ആർ ബാലു പാർട്ടി പ്രസ്‌താവനയിലൂടെ വ്യക്തമാക്കി. 'ഗുജറാത്തിൽ അടുത്തിടെ നടന്ന എഐസിസി യോഗത്തിൽ കേന്ദ്രത്തിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടിയത് ബിജെപിയെ അസ്വസ്ഥരാക്കി. ഛത്തീസ്ഗഡിലെ റായ്പൂരിൽ നടന്ന എഐസിസി സമ്മേളനത്തിനിടയിലും ഇഡി റെയ്ഡുകൾ നടത്തി.
വഖഫ് ബില്ലിനെതിരെ കോൺഗ്രസ് ഉറച്ചുനിൽക്കുന്നതും പ്രതിപക്ഷ പാർട്ടികളെ ചേർത്തുനിർത്തുന്നതും ബിജെപി സർക്കാരിനെ അസ്വസ്ഥരാക്കുന്നു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സംരംഭങ്ങളെയും അതിന്റെ പരാജയങ്ങളെയും കോൺഗ്രസ് ജനങ്ങളിലേക്ക് എത്തിക്കുമെന്ന് അവർ ഭയപ്പെടുന്നു. അതുകൊണ്ടാണ് ഇഡി കോൺഗ്രസിനെ ചുറ്റിപ്പറ്റി പ്രവർത്തിക്കുന്നത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അവർ വെറുതെവിടുന്നില്ല. കോൺഗ്രസിനെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാൽ ബിജെപി സർക്കാർ ഇഡിയെയും മറ്റ് ഏജൻസികളെയും കെട്ടഴിച്ചുവിടുകയാണ്. ഇത് അംഗീകരിക്കാനാവാത്തതാണ്. ലജ്ജാകരമായ രാഷ്ട്രീയ പ്രതികാരമാണിത്'- ഡിഎംകെ നേതാവ് ടി ആർ ബാലു വിമർശിച്ചു.
അതേസമയം, നാഷണൽ ഹെറാൾഡ് കേസിൽ സിപിഎം നിലപാട് വ്യക്തമാക്കി. ഇഡി ആരെ വേട്ടയാടുന്നുവോ അവർക്കൊപ്പമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. ഇക്കാര്യത്തിൽ സിപിഎമ്മിന് രണ്ട് നിലപാട് ഇല്ലെന്നും എം എ ബേബി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |