തിരുവനന്തപുരം: സംസ്ഥാനത്ത് സൂക്ഷ്മ സംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കി കുടുംബശ്രീ. ഒരു ലക്ഷത്തിലേറെ വ്യക്തിഗത സംരംഭങ്ങളും അമ്പതിനായിരത്തിലേറെ ഗ്രൂപ്പ് സംരംഭങ്ങളും ഉൾപ്പെടെ 1,63,458 സംരംഭങ്ങൾ രൂപീകരിച്ചാണ് ഇത്രയും വനിതകൾക്ക് ഉപജീവന മാർഗമൊരുക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച പ്രത്യേക ഉപജീവന ക്യാമ്പയിൻ കെ-ലിഫ്റ്റ് വഴി രൂപീകരിച്ച 34,422 സംരംഭങ്ങളും ഇതിലുൾപ്പെടും. 61,158 പേർക്കാണ് ഇതിലൂടെ തൊഴിൽ ലഭിച്ചത്.
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പാക്കുന്ന സുപ്രധാന പദ്ധതിയാണ് സൂക്ഷ്മസംരംഭങ്ങൾ. വിവിധ പദ്ധതികളുടെ ഭാഗമായി ഉത്പാദന സേവന മേഖലകളിലടക്കം കുടുംബശ്രീ വനിതകൾക്ക് സ്വയംതൊഴിൽ ലഭ്യമാക്കുന്നു.
വനിതകളുടെ സംരംഭകത്വശേഷി വികസിപ്പിക്കുന്നതിനും കുടുംബശ്രീ പ്രത്യേക പരിഗണന നൽകുന്നു. സംസ്ഥാനമൊട്ടാകെ ആരംഭിച്ച 288 ബ്രാൻഡഡ് കഫേ,13 ജില്ലകളിൽ ആരംഭിച്ച പ്രീമിയം കഫേ റെസ്റ്റോറന്റുകൾ എന്നിവയാണ് ഇതിൽ പ്രധാനം. നിലവിൽ വിവിധ വകുപ്പുകളുമായി സഹകരിച്ച് എഴുപതോളം പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |