
കൊച്ചി: എന്താടാ വിജയാ... എന്താടാ ദാസാ... നമുക്കെന്താടാ ഈ ബുദ്ധി നേരത്തേ തോന്നാത്തത്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ... 38 വർഷത്തിനിപ്പുറവും മലയാളികൾ ഓമനിക്കുന്ന നാടോടിക്കാറ്റിലെ കൂട്ടുകെട്ട്.
ഇന്നലെ വിജയൻ ചലനമറ്റ് ചില്ലുപെട്ടിയിലാണ്, ദാസനെത്തിയതറിയാതെ. പ്രിയപ്പെട്ടവനു മുന്നിൽ കരഞ്ഞുപോയി ദാസൻ. എറണാകുളം ടൗൺ ഹാളിൽ ഉച്ചയ്ക്ക് രണ്ടേ കാലോടെയാണ് ശ്രീനിവാസനെക്കാണാൻ മോഹൻലാൽ എത്തിയത്. ശ്രീനിയുടെ മുഖത്തേക്ക് നിറകണ്ണുകളോടെ നോക്കി. സമീപത്തുണ്ടായിരുന്ന മമ്മൂട്ടിയുടെ തോളിൽ കൈകൾ ചേർത്ത് നിശ്ശബ്ദനായി നിന്നു. പിന്നീട് മമ്മൂട്ടിക്കും സത്യൻ അന്തിക്കാടിനും സമീപത്തിരുന്നു. വിനീതിനെയും ധ്യാനിനെയും ആശ്വസിപ്പിച്ചു. അരമണിക്കൂറിനു ശേഷം മടങ്ങാൻ നേരം വീണ്ടും ഉറ്റചങ്ങാതിയുടെ ഭൗതികദേഹത്തിനരികിലെത്തി. അപ്പോഴും കണ്ണുകൾ നിറഞ്ഞു. കൈകൂപ്പി യാത്രാമൊഴി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |