കൊച്ചി: കളമശേരി എസ്.ഐ അമൃത് രംഗനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസെെൻ രംഗത്തെത്തി. കളമശേരി എസ്.ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്.ഐയാണ് അപമര്യാദയായി പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു. എസ്.ഐക്കെതിരെ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരന്റെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്‌ത് എസ്.ഐ പ്രചരിപ്പിക്കുകയായിരുന്നെന്നും സക്കീർ ഹുസെെൻ വ്യക്തമാക്കി.
ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് എസ്.ഐയുടെ സ്ഥിരം പരിപാടിയെണെന്നും മേലുദ്യോഗസ്ഥരുടെ അടക്കം ഫോൺ സംഭാഷണം കളമശേരി എസ്.ഐ റെക്കോർഡ് ചെയ്യാറുണ്ടെന്നും സക്കീർ ഹുസൈൻ ആരോപിച്ചു. എസ്.ഐയുടെ രാഷ്ട്രീയ നിലപാടുകളും തന്റെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തു പുറത്തു വിടാൻ കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് എസ്.ഐയെ സക്കീർ ഹുസെെൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്ത് വന്നത്. വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ഭാരവാഹിയെ അറസ്റ്റ് ചെയ്തതിനെതിരെയാണ് എസ്.ഐ അമൃത് രംഗനെ ഭീഷണിപ്പെടുത്തിയതെന്നായിരുന്നു റിപ്പോർട്ട്. കളമശേരിയിലെ രാഷ്ട്രീയവും മറ്റും നോക്കി ഇടപെടുന്നത് നന്നാവുമെന്ന് സക്കീർ ഹുസൻ പറഞ്ഞു. എന്നാൽ, തനിക്ക് അങ്ങനൊരു നിലപാടില്ലെന്നും നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും എസ്.ഐ.മറുപടി നൽകിയിരുന്നു.
കുട്ടികൾ തമ്മിൽ തല്ലുന്നത് നോക്കി നിൽക്കാനാവില്ല. ഇവിടെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും എസ്.ഐ മറുപടി പറയുന്നുണ്ട്. എസ്.എഫ്.ഐ നേതാവിനെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് എസ്.ഐ പറഞ്ഞിട്ടും സക്കീർ ഹുസൈൻ വഴങ്ങാൻ തയ്യാറായില്ല. എന്നാൽ, വിദ്യാർത്ഥികളോട് വളരെ മോശമായ രീതിയിലാണ് എസ്.ഐ പെരുമാറിയതെന്ന് സക്കീർ ഹുസൈൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |