വക്കം: നീണ്ട 14വർഷങ്ങൾക്കുശേഷം അഴിയിൽ മണൽമൂടി കായലും കടലും വേർപെട്ടതോടെ അഞ്ചുതെങ്ങ്,വക്കം,കടയ്ക്കാവൂർ,കഠിനംകുളം,അഴൂർ,ചിറയിൻകീഴ് പഞ്ചായത്തുകളിലെ കായൽ തീരങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറിത്തുടങ്ങി. മിക്ക വീടുകളുടെയും പടിക്കെട്ടോളം വെള്ളം കയറിയിട്ടുണ്ട്. മുതലപ്പൊഴിയിൽ കായൽ കടലിൽ ചേരുന്ന ഭാഗത്ത് മണൽത്തിട്ട രൂപപ്പെട്ടത്തോടെ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുകയും കഴിഞ്ഞ ദിവസങ്ങളിൽ വേനൽമഴ ശക്തമായതുമാണ് കായൽ കരകവിഞ്ഞൊഴുകി പ്രദേശങ്ങളിൽ വെള്ളം കയറാൻ കാരണമായത്. വരുംദിവസങ്ങളിൽ മഴ ശക്തമാകാനിരിക്കെ പ്രദേശവാസികൾ ആശങ്കയിലാണ്. ഈ സ്ഥിതി തുടർന്നാൽ വീടുകൾക്കുള്ളിൽ വെള്ളം കയറി അഞ്ഞൂറോളം കുടുംബങ്ങൾ ദുരിതത്തിലാവും. നിലവിൽ വാമനപുരം നദിക്കരയിലും മേൽ കടയ്ക്കാവൂർ,അഞ്ചുതെങ്ങ് പഞ്ചായത്തിലെ കേട്ടുപുര,മാമ്പള്ളി,കായിക്കര,കടയ്ക്കാവൂർ പഞ്ചായത്തിലെ വയൽതിട്ട,തെക്കുംഭാഗം,ആയിക്കുടി,വക്കം പഞ്ചായത്തിലെ പണയിൽകടവ്,ഇറങ്ങുകടവ് പ്രദേശങ്ങളിൽ കായൽ അഞ്ഞൂറ് മീറ്ററോളം കയറിക്കഴിഞ്ഞു. ഇറങ്ങുകടവിൽ 11 വീടുകളുടെ ചുറ്റുപ്രദേശം വെള്ളം കയറി ആളുകൾക്ക് പുറത്തേക്കിറങ്ങാനാവാത്ത അവസ്ഥയാണ്.
വീടുകളുടെ എണ്ണത്തിൽ വർദ്ധന
വീടുകളുടെ ഇരുവശങ്ങളിലുമുള്ള വലിയ തോടുകൾ വെള്ളം കയറി മൂടി,പുരയിടവും തോടും ഒന്നായി കിടക്കുകയുമാണ്.വെള്ളക്കെട്ടിന് പുറമെ പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.വർഷങ്ങളായി മുതലപ്പൊഴിയിൽ മണൽത്തിട്ട രൂപപ്പെട്ട് പൊഴി അടയാറില്ലായിരുന്നു.14 വർഷങ്ങൾക്ക് മുൻപാണ് പൊഴിയടഞ്ഞത്. വർഷങ്ങൾക്കു ശേഷം കായലോര പ്രദേശങ്ങളിൽ വീടുകളുടെ എണ്ണം വളരെയധികം വർദ്ധിച്ചിട്ടുണ്ട്. അഞ്ചുതെങ്ങ് പഞ്ചായത്തിൽ പുനർഗേഹം പദ്ധതിപ്രകാരം നിർമ്മിച്ചുനൽകിയ വീടുകൾ കൂടുതലും കേട്ടുപുര മാമ്പള്ളി കായിക്കര മേഖലകളിലാണ്. മറ്റു പഞ്ചായത്തുകളിലെ വീടുകളുടെ എണ്ണം വർദ്ധിച്ചതും പ്രതിസന്ധി രൂക്ഷമാകാൻ കാരണമായി.
മത്സ്യക്കർഷകരും പ്രതിസന്ധിയിൽ
കായൽ കരകവിഞ്ഞതോടെ മത്സ്യക്കൃഷിക്കാരുടെ ജീവിതവും പ്രതിസന്ധിയിലാണ്. മീൻപാടങ്ങൾ ഭൂരിഭാഗവും വെള്ളത്തിലാണ്. കരിമീനും കൊഞ്ചുമാണ് കൃഷി. അഞ്ചുതെങ്ങ് വക്കം പഞ്ചായത്തുകളിലെ കായൽക്കരയിൽ ഏക്കറുകളോളം സ്ഥലത്ത് മത്സ്യകൃഷി നടക്കുന്നുണ്ട്. ആറ് പഞ്ചായത്തുകളിലായി ഇരുന്നൂറ് കോടിക്ക് മുകളിലാണ് മത്സ്യക്കൃഷിക്കായി കർഷകർ മുടക്കിയിരിക്കുന്നത്. നൂറുകണക്കിന് കർഷകരാണ് മത്സ്യക്കൃഷി നടത്തുന്നത്. മിക്ക പാടങ്ങളിലും വെള്ളം കയറി. ഇതിന് ശാശ്വത പരിഹാരമായില്ലെങ്കിൽ പ്രദേശത്തിലെ ജനജീവിതം ദുഃസഹമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |