കൊച്ചി: എക്‌സൈസിന്റെ പ്രത്യേക ലഹരിവിരുദ്ധ പരിശോധനയായ 'ഓപ്പറേഷൻ ക്ലീൻ സ്ലേറ്റി'ന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. ജില്ലയിൽ ഏഴ് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ പൊലീസുമായി ചേർന്ന് കോളേജ് ഹോസ്റ്റലുകളിലുൾപ്പെടെ പരിശോധനകൾ നടത്തും. സിനിമാ ലൊക്കേഷനുകളിൽ പരിശോധന നടത്തുമെന്ന് എക്‌സൈസ് മന്ത്രി പറഞ്ഞിരുന്നുവെങ്കിലും രണ്ടാംഘട്ട ഓപ്പറേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം എക്‌സൈസ് കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവിൽ ഇതേപ്പറ്റി പരമാർശമില്ല.
വിദ്യാർത്ഥികളിലുൾപ്പെടെ കേരളത്തിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമായ പശ്ചാത്തലത്തിലാണ് കഴിഞ്ഞമാസം ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഒന്നാംഘട്ടം നടന്നത്. ഈ കാലയളവിൽ ജില്ലയിൽ മയക്കുമരുന്ന് കേസുകളിൽ കാര്യമായ വർദ്ധനവുണ്ടായതായി എക്‌സൈസ് അവകാശപ്പെടുന്നു. 10 ദിവസം നീളുന്ന രണ്ടാംഘട്ടത്തിൽ കൂടുതൽ ശക്തമായി പരിശോധനകൾ നടത്താനാണ് നിർദ്ദേശം.
ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ:
പൊലീസ്, തൊഴിൽവകുപ്പുകളുമായി ചേർന്ന് അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന.
പൊലീസും മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് വ്യാപക വാഹന പരിശോധന.
പൊലീസുമായി ചേർന്ന് കോളേജ് ഹോസ്റ്റലുകളിൽ പരിശോധന.
സ്‌കൂൾ, കോളേജ് പരിസരത്തുള്ള കടകളിലും താൽക്കാലിക താവളങ്ങളിലും പരിശോധന, സ്‌കൂൾ പരിസരങ്ങളിൽ പ്രത്യേക നിരീക്ഷണം.
കൊമേഴ്‌സ്യൽ അളവിലുള്ള മയക്കുമരുന്ന് കേസുകളും പ്രധാന അബ്കാരി കേസുകളും വർദ്ധിപ്പിക്കുക.
നിലവിലുള്ള മയക്കുമരുന്ന് കേസുകളിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് ഉത്ഭവം കണ്ടെത്തൽ.
ഒളിവിൽ കഴിയുന്ന പ്രതികളുടെ അറസ്റ്റ്.
കുറ്റവാളികളുടെ സഹായികളുടെ താമസസ്ഥലങ്ങളിലും ഒളിത്താവളങ്ങളിലും മിന്നൽ പരിശോധനകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |