ആലപ്പുഴ : അഭിരുചിക്കനുസരിച്ച് തൊഴിൽവൈദഗ്ദ്ധ്യം നേടാൻ യുവാക്കൾക്ക് അവസരമൊരുക്കാനായി സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ അടുത്തമാസം ജില്ലയിൽ പത്ത് സ്കൂളുകളിൽ നൈപുണി വികസന കേന്ദ്രങ്ങൾ ആരംഭിക്കും. പത്താം ക്ലാസ് പാസ്സായ 16നും 22നുമിടയ്ക്ക് പ്രായമുള്ളവർക്കാകും സൗജന്യ പരിശീലനം നൽകുക.
അവധി ദിവസങ്ങളിൽ തിരഞ്ഞെടുത്ത സ്കൂളുകൾ കേന്ദ്രീകരിച്ചാകും പരിശീലനം. നിലവിൽ അമ്പലപ്പുഴ ഗവ മോഡൽ വി.എച്ച്.എസ്.എസിൽ നൈപുണി കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. അക്കാദമിക് സ്കോറിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ഓരോ ബി.ആർ.സിയിലും ഓരോ സ്‌കൂളുകൾ എന്ന നിലയിൽ വി.എച്ച്.എസ്.ഇ, ഹയർ സെക്കൻഡറി സ്‌കൂളുകളിലാകും പരിശീലനം. ഒരു നൈപുണി കേന്ദ്രത്തിന് 21.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 11.5 ലക്ഷം പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും ബാക്കി തുക പരിശീലകരുടെ ശമ്പളത്തിനുമുള്ളതുമാണ്.
പ്രവേശനം സൗജന്യം
ഒരു കേന്ദ്രത്തിൽ രണ്ട് ഇനംതൊഴിലുകൾ പരിശീലിപ്പിക്കും
അവധി ദിവസങ്ങളിലാകും പരിശീലനം ക്രമീകരിക്കുക
ഭിന്നശേഷിക്കാർക്കും ആദിവാസി മേഖലയിലുള്ളവർക്കും പ്രായത്തിൽ ഇളവ് ലഭിക്കും
പരിശീലനത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും
പരിശീലന കേന്ദ്രങ്ങൾ
എസ്.സി.യു.ജി.വി എച്ച്.എസ്.എസ് പട്ടണക്കാട്, ജി.വി.എച്ച്.എസ്.എസ് തലവടി, എ.ടി ജി.വി.എച്ച്.എസ്.എസ് മങ്കൊമ്പ്, ഗവ വി.എച്ച്.എസ്.എസ് മാവേലിക്കര, ജി.വി.എച്ച്.എസ്.എസ് കൃഷ്ണപുരം കായംകുളം, ജി.ആർ.എഫ്.ടി.എച്ച്.എസ് വി.എച്ച്.എസ്.എസ് അർത്തുങ്കൽ, ഗവ വി.എച്ച്.എസ്.എസ് ഗേൾസ് ചെങ്ങന്നൂർ, ഗവ മോഡൽ വി.എച്ച്.എസ്.എസ് അമ്പലപ്പുഴ, ഗവ വി.എച്ച്.എസ്.എസ് ആര്യാട്, ജി.എച്ച്.എസ്.എസ് ആയാപറമ്പ് ഹരിപ്പാട്, ജി.എച്ച്.എസ്.എസ് കിടങ്ങറ.
കോഴ്സുകൾ
ഫിറ്റ്നസ് ട്രെയിനർ, ജി.എസ്.ടി അസിസ്റ്റന്റ്, റോബോട്ടിക്സ് ടെക്നീഷ്യൻ, കോസ്മറ്റോളജിസ്റ്റ്, ഗ്രാഫിക് ഡിസൈനർ, ഇലക്ട്രിക് വാഹന സർവീസ് ടെക്നീഷ്യൻ, ഫുഡ് ആൻഡ് ബിവറേജസ് സർവീസ് അസോസിയേറ്റ്, മൊബൈൽ ഫോൺ ഹാർഡ് വെയർ റിപ്പയർ ടെക്നീഷ്യൻ, സി.സി ടിവി ടെക്നീഷ്യൻ, ഇലക്ട്രീഷ്യൻ, എ.ഐ ഡിവൈസ് ഇൻസ്റ്റാളർ, വെബ് ഡെവലപ്പർ
ഉടൻ തന്നെ പ്രവേശന നടപടികൾ ആരംഭിച്ച് മേയ് ആദ്യവാരം മുതൽ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിച്ചു തുടങ്ങും
- സമഗ്ര ശിക്ഷാ കേരളം അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |