ആലപ്പുഴ : പൊന്തുവള്ളങ്ങൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് നിയന്ത്രണം ഉടൻ ഏർപ്പെടുത്തില്ലെന്നും ബദൽ സംവിധാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ശേഷമേ തീരുമാനം ഉണ്ടാകുകയുള്ളുവെന്നും മന്ത്രി സജിചെറിയാൻ വ്യക്തമാക്കിയത് മത്സ്യബന്ധനമേഖലക്ക് ആശ്വാസം പകരുന്നു. സുരക്ഷാ ഭീഷണിചൂണ്ടിക്കാട്ടിയാണ് പൊന്തുവള്ളങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം.കോസ്റ്റ് ഗാർഡ് പലതവണ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.
ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതമാർഗമാണ് പൊന്തുവള്ളങ്ങൾ. ഇവയ്ക്ക് നിരോധനം വരുന്നതോടെ കുറഞ്ഞ ചെലവിൽ ചെറുമത്സ്യങ്ങൾ വാങ്ങുവാനുള്ള അവസരവും നഷ്ടമാകും. ട്രോളിംഗ് നിരോധന സമയത്തും ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത അവസരങ്ങളിലും തൊഴിലാളികളുടെ ഉപജീവനമാർഗം പൊന്തുവള്ളങ്ങളിലെ മത്സ്യബന്ധനമാണ്. ഒരു പൊന്തുവള്ളത്തിൽ ഒരാളോ രണ്ടുപേരോ മാത്രമായിരിക്കും കടലിൽ പോകുക. അനുബന്ധമായി മറ്റു തൊഴിലാളികൾക്കും തൊഴിൽ ലഭിക്കും. നിയന്ത്രണം വരുന്നതോടെ ഇവരുടെയും വരുമാനം ഇല്ലാതാകും.
ബദൽ സംവിധാനത്തിൽ ചർച്ച
പൊന്തുവള്ളങ്ങളിൽ തുഴയുന്നത് മുട്ടുകുത്തിനിന്നായതുകൊണ്ട് അപകടസാദ്ധ്യത കൂടുതലാണ്
തിരമാലയിൽപ്പെട്ട് അപകടസാദ്ധ്യത കൂടുമെന്നാണ് തുറമുഖവകുപ്പിന്റെയും കോസ്റ്റ് ഗാർഡിന്റെയും കണ്ടെത്തൽ
അതുകൊണ്ടാണ് രജിസ്ട്രേഷൻ അനുവദിക്കാത്തതും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാത്തതും
മുമ്പ് രണ്ട്തവണ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം വന്നപ്പോഴും മത്സ്യത്തൊഴിലാളി സംഘടനകൾ രംഗത്തെത്തിയിരുന്നു
ചെലവ് കുറവ്
ചെലവു കുറഞ്ഞ മത്സ്യബന്ധന ഉപാധിയാണ് പൊന്തുവള്ളങ്ങൾ. മത്സ്യമേഖലയെ ശക്തിപ്പെടുത്തുന്നതിന് ത്രിതല പഞ്ചായത്തുകൾ കേന്ദ്ര സംസ്ഥാന ഫണ്ട് വിനിയോഗിച്ച് തൊഴിലാളികൾക്ക് പൊന്തുവള്ളവും വലയും നൽകുന്നുണ്ട്. ഇപ്പോൾ പൊന്തുവള്ളങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ മത്സ്യത്തൊഴിലാളി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
ലവിലെ കേന്ദ്രനിയമം അനുസരിച്ച് പൊന്തുവള്ളങ്ങളുടെ പ്രവർത്തനം അനുവദനീയമല്ല. ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗമായതിനാൽ ബദൽസംവിധാനത്തെക്കുറിച്ച് തൊഴിലാളി സംഘടനാ നേതാക്കളുമായി ചർച്ച ചെയ്തായിരിക്കും നിയന്ത്രണ തീരുമാനം എടുക്കുക
- സജിചെറിയാൻ, ഫിഷറീസ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |