വടകര: ഓർക്കാട്ടേരിയിൽ അഖിലേന്ത്യാ പുരുഷ - വനിതാ വോളിബോൾ ടൂർണമെന്റിന് തുടക്കം. ഇനി ഏഴുനാൾ ഉറക്കമില്ലാ രാവുകൾ, ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ചന്ത മൈതാനിയിലെ കസ്തൂരി കാട്ടിൽ കുഞ്ഞമ്മദ് ഹാജി ഫ്ലഡ് ലിറ്റ് സ്റ്രേഡിയത്തിൽ കായികമന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കായിക മേഖലയിൽവൈവിദ്ധ്യങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്ത് തൊഴിൽ സാദ്ധ്യതകൾ സൃഷ്ടിക്കുന്ന സമീപനമാണ് സർക്കാർ ആവിഷ്ക്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി രൂപീകരിച്ച കായികക്ഷമതാ മിഷൻ മുഴുവൻ പഞ്ചായത്തുകളിലും സ്പോർട്സ് കൗൺസിൽ മുഖേന പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ടൂർണമെന്റ് കമ്മിറ്റി ട്രഷറർ എൻ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി ചന്ദ്രശേഖരൻ,ടി .പി മിനിക, കോച്ച് വി സേതുമാധവൻ, മനയത്ത് ചന്ദ്രൻ, ആർ.ഗോപാലൻ, ഷക്കീല ഈങ്ങോളി, ബാബു പറമ്പത്ത്, പി ശ്രീധരൻ, തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ കൺവീനർ ടി .പി ബിനീഷ് സ്വാഗതം പറഞ്ഞു. വനിതാ മത്സരത്തോടെയാണ് വോളി മേളയ്ക്ക് തുടക്കമായത്. ഇൻകം ടാക്സ് ചെന്നൈയും അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരിയും ഏററുമുട്ടി. പുരുഷ വിഭാഗത്തിൽ ഇന്ത്യൻ നേവിയും കേരള പൊലീസും തമ്മിലായിരുന്നു മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |