ഫെസ്റ്ര് 10ന് തുടങ്ങി 30ന് അവസാനിക്കും
തിരുവനന്തപുരം: മൂന്നര ഏക്കർ സ്ഥലം, കണ്ണിനും കരളിനും കുളിർമ്മയേകുന്ന പൂന്തോപ്പാക്കി മാറ്രിയിരിക്കുകയാണ് സഹപാഠികളായ രണ്ട് കൂട്ടുകാർ. സൂര്യകാന്തി,ജമന്തി,കടുക് പാടങ്ങൾ ഉൾപ്പെടെ വിവിധ പൂക്കളുടെ ആരാമവും എട്ടുതരം മില്ലറ്ര് ചെടികളുടെ കൃഷിയും,കിളികളും പറവകളും മത്സ്യകൃഷിയും ഒക്കെയായി ഭൂമിയിലെ ചെറിയൊരു സ്വർഗ്ഗം. മദ്ധ്യവേനലവധിക്ക് ഒത്തുകൂടാനൊരു വേദി. കുട്ടികളുമായി ആയിരങ്ങളാണ് ഇവിടേക്കൊഴുകുന്നത്.
വൈകുന്നേരങ്ങളിൽ ഫുഡ് കോർട്ടുകളും സ്റ്രേജ് ഷോയും ഒക്കെയായി രാത്രി ഉത്സവമാണ്.
നെയ്യാറ്റിൻകര കുളത്തൂർ ഊരംവിളയിൽ പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെയും കുളത്തൂർ കൃഷിഭവന്റെയും സഹകരണത്തോടെ പാറശാല ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ സിജു,വിമുക്ത ഭടൻ വിനോദ് എന്നിവരുടെ നേതൃത്വത്തിൽ ഊരംവിള കൃഷിക്കൂട്ടത്തിന്റെ 'മില്ലറ്റ് ഫെസ്റ്റ് ആൻഡ് ഫ്ലവർ ഷോ' മാമാങ്കമാണ് നടക്കുന്നത്.
വ്ലാത്താങ്കര ചീര
റോഡിൽ നിന്ന് പൂന്തോട്ടത്തിലേക്ക് കയറിയാൽ ആദ്യം വരവേൽക്കുന്നത് വ്ലാത്താങ്കര ചീരക്കൂട്ടമാണ്. പൂക്കാത്ത ചീരയാണിത്. ഒരു വർഷം വിളവ് തരും.
പൂക്കളുടെ പറുദീസ
സൂര്യകാന്തി പാടവും ജമന്തി,കോഴിപ്പൂവ്,കോസ്‌മോസ്,ഡാലിയ,കാശിതുമ്പ എന്നിവയുടെ മാസ്മര ലോകം.
എട്ട് തരം മില്ലറ്റ് കൃഷി
റാഗി(കൂരവ്),കമ്പ(പവിഴ ചോളം),മണിച്ചോളം,ചാമ,മധുരച്ചോളം,പോപ്പ്കോൺ(ചോളം),കുതിരവാലി(കവട പുല്ല്),തിന എന്നിങ്ങനെ ഏക്കറോളം ഭൂമിയിൽ എട്ടുതരം മില്ലറ്റ് കൃഷിയിറക്കിയിട്ടുണ്ട്.
ഫിഷ് സ്പാ
ചതുരാകൃതിയിൽ ഒരുക്കിയ ചെറിയൊരു ടാങ്ക്. നാലുചുറ്റും ടാങ്കിലേക്ക് കാലിടാൻ പാകത്തിൽ ഇരിക്കാം. കാൽ നീട്ടിയാൽ നൂറുകണക്കിന് ഡോക്ടർ മത്സ്യങ്ങൾ കാൽപ്പാദം പൊതിയും.
സെൽഫി പോയിന്റ്
സിലോപ്പിയ ഉൾപ്പെടെ ആയിരത്തോളം മത്സ്യങ്ങളുള്ള വലിയൊരു കുളം. ഇതിന് നടുവിലെ തോണിയിലിരുന്ന് സെൽഫിയെടുക്കാം, മീൻ പിടിക്കാം. ഏറുമാടം,കാളയും വണ്ടിയും,പാടത്ത് വെള്ളം തേവാനുപയോഗിച്ചിരുന്ന പഴയ ജലചക്രം,രണ്ടു നിലകളിലെ മിനിയേച്ചർ കൊട്ടാരം ഇവിടമെല്ലാം സെൽഫി പോയിന്റുകളാണ്.
പെറ്റ് ഷോ ഹൗസ്
കറുപ്പും വെളുപ്പും നിറത്തിലെ കൈയിലെടുക്കാൻ പറ്റുന്ന വിഷമില്ലാത്ത പോൾ പൈത്തൻ പാമ്പുകൾ,വവിധതരം പക്ഷികൾ,കോഴികൾ,ഗ്രേ പാരറ്ര്,അലങ്കാര മത്സ്യങ്ങൾ,കിളികൾ,ഓന്തിന്റെ വർഗ്ഗത്തിലുള്ള ഇഗ്വാന,പറക്കുന്ന അണ്ണാൻ എന്നിവയെല്ലാമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |