പത്തനംതിട്ട : വേനലവധിയായതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികളുടെ തിരക്കേറിയെങ്കിലും വേണ്ടത്ര സുരക്ഷയില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം കോന്നി ആനത്താവളത്തിൽ നാല് വയസുകാരനായ അഭിരാം കോൺക്രീറ്റ് തൂൺ ഇളകിവീണ് മരിച്ചത് സുരക്ഷാവീഴ്ച വ്യക്തമാക്കുന്ന സംഭവമാണ്. ജില്ലിലെ മറ്റ് വിനോദകേന്ദ്രങ്ങളിലും ഇതേ അപകട ഭീഷണി നിലനിൽക്കുന്നു. ആനത്താവളത്തിൽ നാലോ അഞ്ചോ വനിതാസ്റ്റാഫും ഒരു പുരുഷ സ്റ്റാഫും മാത്രമാണ് ദുരന്തമുണ്ടായ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നത്.
കുറുമ്പു കാട്ടി നിന്ന ആനകളിൽ ഒന്നിന് ചങ്ങലയില്ലായിരുന്നുവെന്ന് അവിടെ ഉണ്ടായിരുന്ന ഡോ.ശ്രീജിത്ത് നാരായണൻ പറഞ്ഞു. ചങ്ങലയില്ലാത്ത ആനയെ തൊടാൻ അടുത്തേക്ക് പോയ യുവതിയെ താൻ പിന്തിരിപ്പിക്കുകയായിരുന്നു. ആനക്കൂടിലെ ഭൂരിഭാഗം നിർമിതികൾക്കും പുരാവസ്തുക്കളുടെ പഴക്കമുണ്ടെന്ന് സഞ്ചാരികൾ പറയുന്നു. കുട്ടികളടക്കം നൂറ് കണക്കിനാളുകളാണ് ദിവസേന കോന്നി ആനത്താവളത്തിൽ എത്തുന്നത്.
അടവിയിലും അപകട ഭീഷണി
കുട്ടവഞ്ചി സവാരി നടക്കുന്ന അടവിയിലും സുരക്ഷാ പരിശോധന നടത്തേണ്ടതുണ്ട്. അടവിയിൽ ടിക്കറ്റ് എടുത്ത് പുഴയോരത്തേക്ക് നടക്കുന്ന വഴിയിൽ രണ്ടു തടിപ്പാലങ്ങളുണ്ട്. ഒന്ന് പുതിയതും ഉയർന്നു നിൽക്കുന്നതും, രണ്ടാമത്തേത് പഴക്കം ചെന്നതും താഴ്ന്നതുമാണ്. തടിയിൽ ആണി തറച്ചിരിക്കുന്നതും കാണാം. മുതിർന്ന ആളുകൾ നടപ്പാലത്തിലൂടെ നടക്കുന്നത് ഭയത്തോടെയാണ്. സവാരിക്കുള്ള കുട്ടവഞ്ചിയിൽ ദ്വാരമുള്ളവയുമുണ്ട്. ഇതിലൂടെ വെള്ളം കുട്ടയിൽ കയറുന്നത് അപകടം വിളിച്ചുവരുത്തും. ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന് സഞ്ചാരികൾക്ക് കർശന നിർദേശം നൽകാറില്ലെന്നും ആക്ഷേപമുണ്ട്.
പഴഞ്ചൻ ബസുകളുമായി ഗവി യാത്ര
ലോകമാകെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്ക് പാക്കേജ് ടൂറിന് ഉപയോഗിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകൾ വനാന്തരങ്ങളിലൂടെ സർവീസ് നടത്തുന്നത് സാങ്കേതിക പരിശോധന ഇല്ലാതെയാണ്. കാലപ്പഴക്കം ചെന്ന ബസുകളിൽ സഞ്ചാരികളെ നിറച്ചാണ് യാത്ര. ചടയമംഗലത്ത് നിന്ന് 38 യാത്രക്കാരുമായി ഗവിയിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് വനത്തിൽ കുടുങ്ങിയത് നാല് ദിവസം മുൻപാണ്. ഗവി വനമേഖലയിലെ നാൽപ്പതേക്കർ എന്ന സ്ഥലത്താണ് ബസ് തകരാറിലായത്. പത്തനംതിട്ടയിൽ നിന്ന് പകരം എത്തിച്ച ബസും തകരാറിലായി. പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ബസുകൾ ഇതിന് മുൻപ് പലതവണ ഗവി വനത്തിൽ കുടുങ്ങിയിട്ടുണ്ട്. വന്യമൃഗങ്ങളുള്ള സ്ഥലങ്ങളിൽ ബസ് കേടാകുന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കുന്നു.
മൊബൈൽ റേഞ്ച് ഇല്ലാത്ത മേഖലകളിൽ നിന്ന് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ വരുന്നു. കെ.എസ്.ആർ.ടി.സി ഗവി പാക്കേജുകൾ വൻ ലാഭത്തിലാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ആനത്താവളത്തിലെ സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുത്തു. അടവിയിൽ സുരക്ഷാ പരിശോധന നടത്തും. ഗവി യാത്രയ്ക്ക് പരിശോധന നടത്തി തകരാർ പരിഹരിച്ച ബസുകൾ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കെ.യു ജനീഷ് കുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |