പള്ളിക്കൽ : ഇരുപത്തിയെട്ടാം വയസിൽ ശ്രീനഗറിൽ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സി ആർ പി എഫ് ജവാന്റെ മകന് സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ആശ്രിത നിയമനം നൽകാതെ സർക്കാർ. അടൂർ തെങ്ങമം സ്വദേശി എസ്.സഹദേവന്റെ മകൻ അഭിദേവിനാണ് നീതിനിഷേധിക്കുന്നത്. ശ്രീനഗറിൽ സി ആർ പി എഫ് കോൺസ്റ്റബിളായിരുന്ന എസ്.സഹദേവൻ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ 1999 ഫെബ്രുവരി 19ന് വീരമൃത്യുവരിച്ചു. അന്ന് അഭിദേവിന് മൂന്ന് വയസായിരുന്നു. പതിനെട്ട് വയസ് പൂർത്തിയായപ്പോൾ ആശ്രിതനിയമനത്തിനായി അഭിദേവ് സംസ്ഥാന സർക്കാരിൽ അപേക്ഷ നൽകി.
എന്നാൽ ആശ്രിത നിയമനം നൽകാനാവില്ലെന്ന വിചിത്രമായ തീരുമാനമാണ് സർക്കാരിൽ നിന്നുണ്ടായത്. ഇതിനെതിരെ അഭിദേവ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിയമപോരാട്ടം നടത്തി. ജവാന്റെ മകന് ആശ്രിതനിയമനം നൽകണമെന്ന ഉത്തരവാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. ഹൈക്കോടതി ഉത്തരവ് ശരിവച്ച് 2024 നവംബർ 26ന് മൂന്ന് മാസത്തിനകം അഭിദേവിന് നിയമനം നല്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തുടർന്ന് പത്തനംതിട്ട ജില്ലയിൽ എൽ.ഡി ക്ളർക്ക് തസ്തികയിൽ ഒഴിവുവരുന്ന മുറയ്ക്ക് നിയമനം നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. എന്നാൽ കോടതി നിർദേശിച്ച കാലയളവ് കഴിഞ്ഞിട്ടും നിയമന ഉത്തരവ് ലഭിച്ചില്ലന്ന് അഭിദേവ് കേരളകൗമുദിയോട് പറഞ്ഞു.
സുപ്രീം കോടതി ഉത്തരവ് വന്നിട്ട് ആറുമാസം പിന്നിട്ടിട്ടും നിയമനം ലഭിച്ചിട്ടില്ല. അധികൃതരിൽ നിന്ന് നീതി ലഭിക്കാൻ കാത്തിരിക്കുകയാണ്.
അഭിദേവ്.എസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |