തിരുവനന്തപുരം: ബഹിരാകാശ നിലയമെന്ന സ്വപ്നത്തിന് കരുത്തുനൽകി ഐ.എസ്.ആർ.ഒ ഇന്നലെ സ്പേഡെക്സ് ഉപഗ്രഹങ്ങളെ വീണ്ടും കൂട്ടിച്ചേർത്തു .ഡിസംബർ 30ന് വിക്ഷേപിച്ച രണ്ട് സ്പേഡെക്സ് ഉപഗ്രഹങ്ങളെ ഇത് രണ്ടാം തവണയാണ് കൂട്ടിചേർക്കുന്നത്. നേരത്തെ കൂട്ടിചേർക്കുകയും പിന്നീട് വേർപെടുത്തുകയും ചെയ്തിരുന്നു. ബഹിരാകാശത്തുവെച്ച് സ്പെയ്സ് സ്റ്റേഷൻ സജ്ജമാക്കുന്നതടകം വൻ ദൗത്യങ്ങൾ നിർവ്വഹിക്കാനുള്ള കഴിവാണ് ഐ.എസ്.ആർ.ഒ ആർജ്ജിച്ചത് .കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗാണ് ഐ.എസ്.ആർ.ഒയുടെ അഭിമാനനേട്ടം എക്സിലൂടെ അറിയിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം വേർപെടുത്തൽ നടത്താനാണ് തീരുമാനം.
ഞായറാഴ്ച വൈകിട്ട് 7ന് ഭൂമിക്ക് 460കിലോമീറ്റർ ഉയരത്തിൽ 45ഡിഗ്രി ചരിവിലുള്ള ഭ്രമണപഥത്തിലാണ് രണ്ടാം ഡോക്കിംഗ് നടത്തിയത്.ഇനിയും വിവിധ തരത്തിൽ,വിവിധ രീതികളിൽ,വ്യത്യസ്തമായ സാഹചര്യങ്ങളിൽ ഡോക്കിംഗ് പരീക്ഷണങ്ങൾ നടത്താനാണ് ഐ.എസ്.ആർ.ഒ. ആലോചിക്കുന്നത്.
രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവച്ചു സംയോജിപ്പിക്കുന്ന പ്രക്രിയയാണ് ഡോക്കിംഗ്. എസ്.ഡി.എക്സ് 01,എസ്.ഡി.എക്സ് 02 എന്നീ പേരുള്ള ചേസർ,ടാർജറ്റ് ഉപഗ്രഹങ്ങൾ ഉപയോഗിച്ചാണ് ഡോക്കിംഗ് പരീക്ഷണം നടത്തിയത്.
ജനുവരി 16ന് ആയിരുന്നു ആദ്യ പരീക്ഷണം പൂർത്തിയാക്കിയത്. മാർച്ച് 13ന് ഉപഗ്രഹങ്ങളെ വേർപ്പെടുത്തുന്ന ഡി ഡോക്കിംഗും വിജയകരമായി പൂർത്തിയാക്കി. 2024 ഡിസംബർ 30നാണ് സ്‌പേഡെക്സ് ദൗത്യത്തിനായി ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.
ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങൾ.
"അനായാസമായും പിഴവുകളില്ലാതെയും രണ്ടാം ഡോക്കിംഗ് പൂർത്തിയാക്കാനായതാണ് നേട്ടം."
-ഡോ.വി.നാരായണൻ,
ഐ.എസ്.ആർ.ഒ. ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |