മേയ്‌മോൾക്ക് കിട്ടാനുള്ള 22.5ലക്ഷം ഹൈക്കോടതിയിൽ കെട്ടിവയ്ക്കണം
കൊച്ചി: വനംവകുപ്പിനെതിരെ ഹൈക്കോടതിയിൽ നേരിട്ട് വാദിച്ചു ജയിച്ച സന്തോഷത്തിലാണ് പിഎച്ച്.ഡി വിദ്യാർത്ഥിനി മേയ്‌മോൾ. ഹർജിക്കാരിക്ക് അർഹതയുള്ള 45ലക്ഷം രൂപയിൽ ആദ്യഗഡുവായി നൽകിയ 22.5ലക്ഷം കഴിച്ചുള്ള തുക രണ്ടാഴ്ചയ്ക്കകം ഹൈക്കോടതിയിൽ കെട്ടിവയ്ക്കാനാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കഴിഞ്ഞ 18ന് ഉത്തരവിട്ടത്.
വന്യജീവിശല്യം കാരണം റീബിൽഡ് കേരള ഡെവലപ്‌മെന്റ് പ്രോഗ്രാം (കെ.ഡി.ആർ.പി) അനുസരിച്ച് വനംവകുപ്പിന് കൈമാറിയ ഭൂമിയുടെ നഷ്ടപരിഹാരത്തിനായി കോതമംഗലം തൃക്കാരിയൂർ കുർബാനപ്പാറ പൈനാടത്ത് മേയ്‌മോൾ പി. ഡേവിസാണ് ഒന്നരവർഷം അഭിഭാഷകരില്ലാതെ പോരാടിയത്.
തൃക്കാരിയൂർ, കുർബാനപ്പാറ മേഖലയിലെ 155 കുടുംബങ്ങൾക്കൊപ്പമാണ് മേയ്മോളും ക്യാൻസർ ബാധിതയായ മാതാവ് മോളിയും കൈവശഭൂമി കൈമാറാനുള്ള സന്നദ്ധത അറിയിച്ചത്. 2023 ആഗസ്റ്റ് 22ന് നൽകിയ അപേക്ഷയിൽ നടപടിയുണ്ടായില്ല. മറ്റ് അപേക്ഷകർ മടിച്ചുനിൽക്കെ മേയ്മോൾ ഹൈക്കോടതിയെ സമീപിച്ചു. വക്കീൽ ഇല്ലാതെ കേസ് വാദിച്ചു. ഹർജിയിൽ രജിസ്ട്രി കണ്ടെത്തിയ 22 പോരായ്മകളും
പരിഹരിച്ചു.
മൂന്നു മാസത്തിനുള്ളിൽ വനംവകുപ്പ് മുഴുവൻ തുകയും നൽകണമെന്ന് സിംഗിൾബെഞ്ച് വിധിച്ചു. പക്ഷേ, 45ലക്ഷം രൂപയിൽ 22.5ലക്ഷം നൽകി സ്ഥലം ഏറ്റെടുക്കാൻ ശ്രമിച്ചു. ഇതിനെതിരെ മേയ്മോൾ കോടതിയലക്ഷ്യ ഹർജി ഫയൽചെയ്തു. അനുകൂല വിധിയുണ്ടായിട്ടും വനംവകുപ്പ് ലംഘിച്ചു. വീണ്ടും കോടതിയെ സമീപിച്ചപ്പോൾ വനംവകുപ്പ് പുനഃപരിശോധന ഹർജി ഫയൽ ചെയ്തു. അതിനെതിരെ മേയ്മോൾ സമർപ്പിച്ച അപ്പീലാണ് വിജയംകണ്ടത്. ഭൂമിയുടെ കൈവശാവകാശ രേഖകൾ വനംവകുപ്പിന് രജിസ്റ്റർചെയ്ത് നൽകിയശേഷം ഹർജിക്കാരിക്ക് തുകകൈപ്പറ്റാം.
ഭൂമി കൈമാറ്റ പദ്ധതി
2018ൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് റീ ബിൽഡ് കേരള ഡെവലപ്‌മെന്റ് പ്രോഗ്രാം. വന്യമൃഗശല്യമുള്ള വനപ്രദേശത്ത് താമസിക്കുന്ന,ആദിവാസികൾ അല്ലാത്തവരുടെ ഭൂമി നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത് പുനരധിവസിപ്പിക്കുന്നതാണ് പദ്ധതി.
തൃക്കാരിയൂർ പൈനാടത്ത് പരേതനായ ഡേവിസിന്റെയും മോളിയുടേയും മകളാണ് 35 കാരിയായ മേയ്‌മോൾ. ചരിത്രത്തിലും ആർക്കിയോളജിയിലും ബിരുദാനന്തര ബിരുദവും നെറ്റും പാസായി. വന്യമൃഗശല്യമുള്ള കൃഷിഭൂമിയിൽ പിതാവിന്റെ മരണശേഷം അമ്മയും മകളും മാത്രമായിരുന്നു താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |