കൊച്ചി: കുറുപ്പംപടിയിലെ പ്രവർത്തനം നിലച്ച പാറമടയിൽ നിന്ന് 2380 ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണം തമിഴ്നാട്ടിലേക്ക്.
ഇവ നിർമ്മിച്ച തിരുപ്പൂരിലെ രാജാ എക്സ്‌പ്ളോസീവ്സ് എന്ന സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തി. കേരളത്തിലേക്ക് സ്ഫോടകവസ്തുക്കൾ വാങ്ങിയവരുടെ വിവരങ്ങൾ ശേഖരിച്ചു.
20 വർഷം മുമ്പ് പ്രവർത്തനം നിലച്ച പാറമടയിലെ വെള്ളക്കെട്ടിൽ ഒരു കൊല്ലം മുമ്പാണ് സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചതെന്ന് പൊലീസിന് സൂചന ലഭിച്ചു.
ശനിയാഴ്ച വൈകിട്ട് 380 ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെടുത്തത്. ഇന്നലെ രാവിലെ ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഫയർഫോഴ്സിന്റെ സ്കൂബ മുങ്ങൽ വിദഗ്ധർ പുറത്തെടുത്ത എട്ട് ചാക്കുകളിലായി 2100 ജലാറ്റിൻ സ്റ്റിക്കുകൾ ഉണ്ടായിരുന്നു. പുല്ലുവഴിയിലെ അംഗീകൃത മാഗസിൻ സൂക്ഷിപ്പു കേന്ദ്രത്തിലേക്ക് മാറ്റിയ സ്ഫോടകവസ്തുക്കൾ കൺട്രോളർ ഒഫ് എക്സ്‌പ്ളോസീവ്സും പൊലീസ് ഫോറൻസിക് വിഭാഗവും പരിശോധിക്കും. ജലാറ്റിൻ സ്റ്റിക്കുകൾക്ക് സ്ഫോടകശേഷി ഉണ്ടെന്നാണ് പൊലീസിന്റെ അനുമാനം.
ട്രേഡ് മാർക്കിൽ നിന്നാണ് തിരുപ്പൂരിലെ നിർമ്മാതാവിനെ തിരിച്ചറിഞ്ഞത്. ശനിയാഴ്ച രാത്രി തന്നെ ആലുവ റൂറൽ പൊലീസ് തിരുപ്പൂരിലേക്ക് പോയിരുന്നു. ഇന്നലെ രാവിലെ സ്ഥാപനത്തിൽ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.
ഓടക്കാലി മണ്ണൂർമോളം ഭാഗത്തെ പാറക്കെട്ടിലെ ആഴമേറിയ ഭാഗത്ത് ഒരു കൊല്ലത്തിനിടെയാണ് ഇവ ഒളിപ്പിച്ചതെന്ന് കരുതുന്നു. ശനിയാഴ്ച വൈകിട്ട് പാറമടയിലെ വെള്ളക്കെട്ടിൽ മീൻപിടിക്കാനെത്തിയ സംഘമാണ് വലവീശുന്നതിനിടെ ചാക്കുകൾ കണ്ടെത്തി പൊലീസിനെ അറിയിച്ചത്. കഴിഞ്ഞകൊല്ലം മീൻപിടിക്കാനെത്തിയപ്പോൾ വെള്ളക്കെട്ടിൽ ചാക്കുകളുണ്ടായിരുന്നില്ലെന്ന് ഇതേസംഘം മൊഴി നൽകിയിട്ടുണ്ട്.
മറ്റ് നാല് പാറമടകളിൽക്കൂടി മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. മനുഷ്യജീവന് അപായമുണ്ടാക്കുന്ന തരത്തിൽ ഉദാസീനമായി സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതിന് ഇന്ത്യൻ എക്സ്‌പ്ളോസീവ്സ് ആക്റ്റിലെയും ഭാരതീയ ന്യായ സംഹിതയിലെയും വകുപ്പുകൾ പ്രകാരമാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |