തിരുവനന്തപുരം: പണം വാങ്ങി പ്രതികൾക്ക് നിയമ വിരുദ്ധ സൗകര്യങ്ങൾ നൽകിയതിന് പാലക്കാട് ജില്ലാ ജയിൽ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബുവിനെതിരെ വിജിലൻസ് അന്വേഷണം. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ഡെപ്യൂട്ടി സൂപ്രണ്ടാണ്. 2023 ൽ മലപ്പുറം എടവണ്ണ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുടെ ഫോൺകോളുകളും, മെസ്സേജുകളും പരിശോധിച്ചപ്പോഴാണ് ഡെപ്യൂട്ടി സൂപ്രണ്ടുമായുള്ള ബന്ധം കണ്ടെത്തിയത്. കുറ്റവാളികളുമായി നിരന്തരം ബന്ധം സ്ഥാപിച്ചിരുന്നതായും അവർക്ക് നിയമ വിരുദ്ധ സൗകര്യങ്ങൾ ചെയ്ത് കൊടുത്തിരുന്നതായും ഇതിനായി പ്രതികളിൽ നിന്ന് പണം വാങ്ങിയതായും പൊലീസ് കണ്ടെത്തി. ഇക്കാര്യം മലപ്പുറം ജില്ലാ പൊലീസ് മേധാവി, സംസ്ഥാന പൊലീസ് മേധാവി വഴി വിജിലൻസ് ഡയറക്ടറെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. പ്രതികൾക്ക് സൗകര്യമൊരുക്കിയതിന്റെ വിശദ വിവരങ്ങൾ കണ്ടെത്തി വിജിലൻസ് സർക്കാരിനെ അറിയിക്കും. തുടർന്ന് കടുത്ത നടപടികളുണ്ടാവുമെന്ന് വിജിലൻസ് അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |