കൊല്ലം: കടുത്ത ചൂടിൽ ഉഷ്ണരോഗങ്ങളും നിർജലീകരണവും ഉൾപ്പെടെ ബാധിക്കാൻ സാദ്ധ്യതയുള്ളതിനാൽ വളർത്തുമൃഗങ്ങൾ, പക്ഷികൾ എന്നിവയുടെ പരിചരണത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ.
തണുത്ത ശുദ്ധജലം കറവപ്പശുക്കൾക്കും കൂട്ടിലിടുന്ന പക്ഷിമൃഗാദികൾക്കും ലഭ്യമാക്കുക എന്നത് വളരെ പ്രധാനമാണ്. വിദേശയിനം നായ്ക്കൾ, പൂച്ചകൾ, പക്ഷികൾ എന്നിവയെ യാത്ര ചെയ്യിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. തീറ്റ രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം. കന്നുകാലികൾ, പോത്ത്, പൂച്ച, അലങ്കാര പക്ഷികൾ, വളർത്തുനായ്ക്കൾ തുടങ്ങിയവയ്ക്കെല്ലാം കൂടുതൽ കരുതൽ ആവശ്യമാണ്.
ശരാശരി താപനില ഉയരുമ്പോൾ മൃഗങ്ങളുടെ പ്രതിരോധ ശേഷിയും വിശപ്പും കുറയും. ഇപ്പോഴത്തെ പ്രതിസന്ധികൾ നേരിടാൻ ജില്ലയിലെ എല്ലാ മൃഗാശുപത്രികളെയും സജ്ജമാക്കിയിട്ടുണ്ട്. ഡ്രിപ് രൂപത്തിലുള്ള മരുന്നുകളും മറ്റു ജീവൻ രക്ഷാ മരുന്നുകളും ശേഖരിച്ചിട്ടുണ്ട്. സൂര്യാഘാതമേൽക്കാതെ വളർത്തുമൃഗങ്ങളെ പരിപാലിക്കാൻ ശ്രദ്ധിക്കണം. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെയും നിർദേശം അനുസരിച്ചാണ് മൃഗസംരക്ഷണ മേഖലയ്ക്കുള്ള മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. സൂര്യാഘാത അടിയന്തിര വൈദ്യസഹായം, നഷ്ടപരിഹാരം എന്നിവ ഉറപ്പാക്കാൻ ഹീറ്റ് ആക്ഷൻ പ്ലാൻ എന്ന തയ്യാറാക്കി കർഷകർക്കും പൊതുജനങ്ങൾക്കും നൽകിയിട്ടുണ്ട്.
സൂര്യാഘാത ലക്ഷണം
തളർച്ച , ഭക്ഷണം വേണ്ടാത്ത അവസ്ഥ, പനി, വായിൽ നിന്നു നുരയും പതയും, വായ തുറന്ന് ശ്വാസ്വോഛ്വാസന, പൊള്ളിയ പാടുകൾ
കന്നുകാലികളുടെ വേനൽക്കാല പരിചരണം
പകൽ 11 നും വൈകിട്ട് 3 നും ഇടയിൽ തുറസായ സ്ഥലങ്ങളിൽ മേയാൻ വിടരുത്
ആസ്ബസ്റ്റോസ് ഷീറ്റോ തകര ഷീറ്റോ കൊണ്ട് മേഞ്ഞ തൊഴുത്തിൽ നിന്ന് പുറത്തിറക്കി മരത്തണലിൽ കെട്ടണം
തൊഴുത്തിൽ മുഴുവൻ സമയവും ഫാൻ പ്രവർത്തിപ്പിക്കുന്നത് നല്ലതാണ്
തെങ്ങോല, ടാർപോളിൻ എന്നിവ ഉപയോഗിച്ച് മേൽക്കൂരയ്ക്ക് കീഴെ സീലിംഗ് ഒരുക്കുന്നത് ചൂട് കുറയ്ക്കും
നിർജലീകരണം തടയാനും പാൽ നഷ്ടം കുറയ്ക്കാനും തൊഴുത്തിൽ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം
താപനില നിശ്ചിത പരിധിക്ക് മുകളിൽ ഉയരുന്ന ഘട്ടങ്ങളിൽ എസ്.എം.എസ് വഴിയുള്ള മുന്നറിയിപ്പ് കർഷകർക്ക് ലഭ്യമാക്കാനുള്ള സംവിധാനം മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാനത്തെ 5 ലക്ഷത്തിൽപരം കർഷക ഭവനങ്ങളുടെ ലൊക്കേഷനുകൾ വകുപ്പ് മാപ്പ് ചെയ്തിട്ടുണ്ട്
ഡോ. ഡി. ഷൈൻകുമാർ, മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |