കഞ്ചിക്കോട്: പാൽ ഉദ്പാദനത്തിലുണ്ടായ ഗണ്യമായ കുറവ്, കാലിത്തീറ്റയുടെയും വൈക്കോലിന്റെയും വില വർദ്ധന, പച്ചപുല്ലിന്റെ ലഭ്യതക്കുറവ് എന്നിവ കാരണം കടുത്ത പ്രതിസന്ധി നേരിട്ട് ക്ഷീരകർഷകർ. പലരും പശുവളർത്തൽ ഉപേക്ഷിച്ച് മറ്റ് തൊഴിൽ മേഖലകളിലേക്ക് ചേക്കേറുകയാണ്. കഞ്ചിക്കോട് മേഖലയിലെ ഏറ്റവും വലിയ ക്ഷീരസംഘമായ ചുള്ളിമട ക്ഷീരോത്പാദന സഹകരണ സംഘത്തിൽ 300 ഓളം കർഷകരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 160 കർഷകരാണുള്ളത്. മേഖലയിലെ മറ്റ് ചെറുകിട ക്ഷീരസംഘങ്ങളിലും കർഷകരുടെ എണ്ണത്തിൽ ആനുപാതികമായ കുറവുണ്ടായിട്ടുണ്ട്.
ഉത്പാദന ചെലവും വരുമാനവും പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് കർഷകർ പശുക്കളെ വിറ്റ് തുടങ്ങിയത്. പൊതുവെ പ്രതിസന്ധി നേരിടുന്ന ക്ഷീരമേഖല വേനൽ എത്തിയതോടെ തകർച്ചയിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. വേനൽ ചൂടിൽ പുല്ലുകൾ കരിഞ്ഞുണങ്ങിയതോടെ പച്ചപ്പുല്ല് കിട്ടാനില്ലാതായി. ഇത് പാൽ ഉത്പാദനം കുറയാൻ കാരണമായി. തീറ്റയ്ക്ക് കാലിത്തീറ്റയെയും വൈക്കോലിനെയും മാത്രം ആശ്രയിക്കേണ്ട സ്ഥിതിയായി. ഒരു ചാക്ക് കാലിത്തീറ്റക്ക് 1500 രൂപയും ഒരു ചാക്ക് തവിടിന് 1400 രൂപയും ഒരു കെട്ട് വൈക്കോലിന് 300 രൂപയുമാണ് വില. പച്ചപ്പുല്ല് കൊടുക്കുമ്പോൾ കിട്ടുന്നത്രയും പാല് കാലിത്തീറ്റ കൊടുക്കുമ്പോൾ കിട്ടില്ല. ഒരേ സമയത്ത് തീറ്റച്ചെലവ് കൂടുകയും പാൽ ഉത്പാദനം കുറയുകയും ചെയ്തത് കർഷകരെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ഇതിന് പുറമെ ചൂട് കൂടിയതോടെ പാലിന്റെ കൊഴുപ്പ് കുറയാൻ തുടങ്ങി. കൊഴുപ്പ് നോക്കിയാണ് ക്ഷീര സംഘങ്ങൾ പാലിന് വില നൽകുന്നത്. പാലിന് കൊഴുപ്പ് കുറതോടെ കിട്ടുന്ന വിലയിലും കുറവ് വന്നു. ചെറുകിട കർഷകരെയാണ് ഇത് സാരമായി ബാധിക്കുന്നത്. വൻകിട ഫാമുകളിൽ ഫാനുകൾ സ്ഥാപിച്ച് തൊഴുത്ത് ശിതികരിക്കുകയും ഫാമിന്റെ ജലസേചന സൗകര്യമുള്ള കൃഷിയിടങ്ങളിൽ പച്ചപ്പുല്ലുകൾ വെച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് വലിയ ചെലവ് വരും. ഏതാനും പശുക്കളെ മാത്രം വളർത്തുന്ന കർഷകർക്ക് ഇത് താങ്ങാനാവില്ല. തമിഴ്നാട്ടിൽ നിന്നും ഏജന്റുമാരെത്തി കറവപശുക്കളെ വാങ്ങി കൊണ്ടു പോകുന്നത് കഞ്ചിക്കോടും വാളയാറും പതിവ് കാഴ്ച്ചയായി മാറിയിരിക്കുകയാണ്. ത്രിതല പഞ്ചായത്തുകളിൽ നിന്നോ മിൽമയിൽ നിന്നോ സർക്കാർ തലത്തിലോ സഹായം കിട്ടിയെങ്കിൽ മാത്രമെ ക്ഷീരകർഷകർക്ക് പിടിച്ച് നിൽക്കാൻ പറ്റുകയുള്ളുവെന്ന് ചുള്ളിമട ക്ഷീരോത്പാദക സംഘം പ്രസിഡന്റ് എസ്.ജയകാന്തൻ പറഞ്ഞു. ക്ഷീരകർഷകർക്കുള്ള പാൽ വില വർദ്ധിപ്പിച്ച് അധികം വരുന്ന തുക ഗവൺമെന്റ് സബ്സിഡിയായി നൽകുകയാണെങ്കിൽ വിപണിയിലെ പാൽവില വർദ്ധിപ്പിക്കാതെ തന്നെ ക്ഷീര കർഷകരെ സഹായിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |