വടക്കഞ്ചേരി: മുദ്രപ്പത്രക്ഷാമത്തിന് ശാശ്വത പരിഹാരം കാണാനും വ്യാജമുദ്രപ്പത്രം തടയാനുമായി നടപ്പാക്കിയ ഇ-സ്റ്റാമ്പിംഗ് സംവിധാനത്തിൽ വെബ്‌സൈറ്റ് തകരാർ ജനങ്ങളെ വട്ടംകറക്കുന്നു. ഓൺലൈൻ വഴി പണമടച്ച് വെൻഡർമാർ മുദ്രപ്പത്രം പ്രിന്റ് എടുത്ത് നൽകുന്നതാണ് സംവിധാനമാണിത്. ട്രഷറി വെബ്‌സൈറ്റ് ഇടയ്ക്കിടെ പണിമുടക്കുന്നതിനാൽ മുദ്രപ്പത്രം വാങ്ങാനെത്തുന്നവർക്ക് ഏറെനേരം കാത്തുനിൽക്കേണ്ടിവരുന്നു. ഓൺലൈനിൽ വിവരങ്ങൾ നൽകുന്നതിനിടെ വെബ്‌സൈറ്റ് പണി മുടക്കിയാൽ വിവരങ്ങളെല്ലാം വീണ്ടും ആദ്യം മുതൽ നൽകണം. വെബ്‌സൈറ്റ് ശരിയായില്ലെങ്കിൽ അടുത്ത ദിവസം വീണ്ടുമെത്തണം. ഒരാൾ മുദ്രപ്പത്രം വാങ്ങാനെത്തുമ്പോൾ ഒന്നാംകക്ഷിയുടെയും രണ്ടാംകക്ഷിയുടെയും പേരും വിലാസവും ഫോൺ നമ്പറും ഓൺലൈനിൽ നൽകണം. തുടർന്ന്, വാങ്ങുന്നയാളുടെ മൊബൈലിലേക്ക് ഒ.ടി.പി വരും. ഒ.ടി.പി ഓൺലൈനിൽ നൽകിക്കഴിയുമ്പോഴാണ് മുദ്രപ്പത്രം പ്രിന്റ് ചെയ്യാനാവുക. ഇതിനിടയിൽ എന്തെങ്കിലും തടസ്സമുണ്ടായാൽ ചിലപ്പോൾ പണം നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ടെന്ന് വെൻഡർമാർ പറയുന്നു. 50 മുതൽ 500 വരെ രൂപയുള്ള ചെറിയ മുദ്രപ്പത്രങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. വാടകക്കരാർ, വസ്തുവിൽപ്പന കരാർ, വാഹനവിൽപ്പന കരാർ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയെല്ലാം ചെറിയവിലയുടെ മുദ്രപ്പത്രങ്ങളാണ് വേണ്ടത്. ഇ-സ്റ്റാമ്പിംഗിന്റെ തുടക്കത്തിലെ സ്വാഭാവിക തടസങ്ങളാണ് ഇപ്പോഴുള്ളതെന്നും ഇവ പരിഹരിച്ചു വരികയാണെന്നും ട്രഷറി അധികൃതർ പറഞ്ഞു. സാങ്കേതിക തകരാർ മൂലമുണ്ടാകുന്ന നഷ്ടം നികത്താൻ പ്രിന്റ്രിംഗ് ചാർജ് വേണമെന്നാണ് വെൻഡർമാർ ആവശ്യപ്പെടുന്നത്. ഇ-സ്റ്റാമ്പിംഗ് വന്നതോടെ ചെലവ് കൂടിയതായും വെൻഡർമാർ പറയുന്നു. ഒരു മുദ്രപ്പത്രം പ്രിന്റ്ര് ചെയ്യാൻ ഒമ്പതു രൂപ ചെലവുണ്ടെന്നും ചാർജ് ഈടാക്കാൻ അനുവദിച്ചില്ലെങ്കിൽ അധികനാൾ പിടിച്ചുനിൽക്കാനാകില്ലെന്നും വെൻഡർമാർ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു മുദ്രപ്പത്രത്തിന് 10 രൂപ ചാർജ് ഈടാക്കാനുള്ള അനുമതി നൽകണമെന്ന് സർക്കാരിനോട് വേണ്ടെഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |