മാന്നാർ : ഇന്ന് മലയാളവർഷത്തിലെ പത്താമുദയം അഥവാ മേടപ്പത്ത്. കടുത്തവേനൽ കഴിഞ്ഞ് സൂര്യൻ അത്യുച്ചരാശിയിൽ എത്തും. ഒപ്പം വേനൽമഴയും. കാർഷികവൃത്തി ഈശ്വരകർമ്മമെന്ന് വിശ്വസിച്ച നന്മനിറഞ്ഞ മനസുകളുടെ അനുഷ്ഠാനമാണ് മേടപ്പത്തിലെ വിളവിറക്കൽ. വിഷുദിനത്തിൽ ശ്രീകൃഷ്ണചിന്തയോടെ കൃഷിയിടങ്ങൾ പാകമാക്കും. സൂര്യപ്രീതി കർമ്മങ്ങളോടെ പത്താമുദയത്തിൽ അതിൽ വിത്തിറക്കും. അതാണ് ആചാരം. പത്താമുദയത്തിന് പത്തുതൈ എങ്കിലും നടണമെന്നാണ് ചൊല്ല്. തെങ്ങും വാഴയും പച്ചക്കറി ഇനങ്ങളും കിഴുങ്ങുവർഗ്ഗവിളകളുമെല്ലാം ഈ ദിവസത്തിലാണ് കർഷകർ നട്ടിരുന്നത്.
കൂടാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമദിനവുമാണിത്. ഈ ദിവസം സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികൾക്കു ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യും. നിത്യപൂജയില്ലാത്ത കാവുകളിലും മറ്റും പൂജകൾ നടക്കും. വീടു പാലുകാച്ചിനു ഈ ദിനം ഉത്തമമായി കരുതുന്നു. പത്താമുദയനാളിൽ വെള്ളിമുറം കാണിക്കൽ എന്നൊരു ചടങ്ങ് പണ്ടു ചിലയിടങ്ങളിൽ ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിലെ സൂര്യനെ ഉദയസമത്തു കാണിക്കുന്ന ചടങ്ങാണിത്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |