പത്തനംതിട്ട : കളക്ടറേറ്റിൽ ആർ.ഡി.എക്സ് ബോംബ് പൊട്ടിത്തെറിക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ച് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.
സൈബർ സെൽ കേസ് അന്വേഷിക്കുന്നുവെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഒരു തുമ്പും കിട്ടിയില്ല. കഴിഞ്ഞ മാർച്ച് 18നായിരുന്നു ജില്ലാ കളക്ടറുടെ ഇ-മെയിൽ അഡ്രസിൽ ഭീഷണി സന്ദേശമെത്തിയത്.
കളക്ടറേറ്റിൽ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയ സംഭവത്തിൽ പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡിവൈ.എസ്.പി നന്ദകുമാറിനാണ് അന്വേഷണ ചുമതല. ഇംഗ്ളീഷിൽ എത്തിയ ഭീഷണിസന്ദേശം വ്യാജമാണെന്നാണ് പൊലീസ് നിഗമനം. എന്നാൽ, സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല. ഇ-മെയിൽ അധികൃതർക്ക് വിവരം തേടി കത്തയച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ സൈബർ വിഭാഗം പറയുന്നത്. എന്നാൽ മറുപടി കിട്ടിയിട്ടില്ല.
മാർച്ച് 18ന് രാവിലെ 6.48നാണ് കളക്ടർക്ക് സന്ദേശമെത്തിയത്. 9.45ന് കളക്ടറുടെ ഇ - മെയിൽ പരിശോധിച്ച ഒാഫീസ് ജീവനക്കാരനാണ് ഇംഗ്ളീഷിലുള്ള സന്ദേശം കണ്ടത്. കളക്ടറേറ്റിൽ ആർ.ഡി.എക്സ് പൈപ്പ് ബോംബ് പൊട്ടിത്തെറിക്കുമെന്നും മുൻകരുതലായി ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശം. 2001ലെ പാർലമെന്റ് ആക്രമണ കേസിലെ മുഖ്യപ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ ഒാർമ്മയ്ക്കായാണ് ഇതെന്നുമായിരുന്നു സന്ദേശത്തിൽ. ആസിഫ് ഗഫൂർ എന്ന പേരിലായിരുന്നു സന്ദേശം. കളക്ടർ എസ്.പ്രേംകൃഷ്ണൻ സിവിൽ സർവീസ് പരിശീലന ക്ളാസെടുക്കാൻ ഗോവയിലായിരുന്നു ഈസമയം. കളക്ടറുടെ ഹുസൂർ ശിരസ്തദാറാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന്, ഡോഗ്, ബോംബ് സ്ക്വാഡുകൾ എത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ആസിഫാ ഗഫൂർ ?
തീവ്രവാദികളുടേതെന്നോ അവരെ പിന്തുണയ്ക്കുന്നവരുടേതന്നോ സംശയിക്കാവുന്ന മെയിൽ സന്ദേശം പൊലീസ് ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. ആസിഫാ ഗഫൂർ എന്ന മെയിലിൽ നിന്നാണ് സന്ദേശം എത്തിയത്.
പത്തനംതിട്ട കളക്ടറേറ്റിൽ ഭീഷണിസന്ദേശം ലഭിച്ച ദിവസം തന്നെ തിരുവനന്തപുരം, തൃശൂർ കളകക്ടറേറ്റുകളിലും ഭീഷണിസന്ദേശം എത്തിയിരുന്നു. മൂന്ന് സംഭവങ്ങളും മൂന്ന് കേസുകളായിട്ടാണ് അന്വേഷിക്കുന്നത്.
ഭീഷണി സന്ദേശം ലഭിച്ച ദിവസം തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. എസ്.പിയുമായും സംസാരിച്ചിരുന്നു.
എസ്.പ്രേംകൃഷ്ണൻ, ജില്ലാ കളക്ടർ.
ഭീഷണി സന്ദേശത്തിന്റെ ഉറവിടം തേടി ഇ മെയിൽ അധികൃതർക്കും ഫേസ്ബുക്കിനും കത്തു നൽകിയിരുന്നു. മറുപടി ലഭിച്ചിട്ടില്ല.
വി.അജിത്കുമാർ, ജില്ലാ പൊലീസ് ചീഫ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |