മാള: മലയാള ചലച്ചിത്ര രംഗത്തെ ഹാസ്യസാമ്രാട്ട് മാള അരവിന്ദന്റെ സ്മരണയ്ക്കായി ഷോപ്പിംഗ് കോംപ്ലക്‌സിന്റെ എട്ട് ഷട്ടറുകളിലും ജീവൻ തുടിക്കുന്ന ചിത്രങ്ങളൊരുക്കി വ്യവസായി. 2015ൽ മാള അരവിന്ദൻ വിട പറഞ്ഞെങ്കിലും അദ്ദേഹത്തിന് ഉചിതമായ സ്മാരകം ഉയർന്നിരുന്നില്ല. ഈ പരിഭവത്തിന് മറുപടിയെന്നോണമാണ് ഈ കലാകാരനെ സ്‌നേഹിച്ച ഗൾഫിൽ ജോലി ചെയ്യുന്ന ആലത്തൂർ ചാരുപടിയിലുള്ള മേനാച്ചേരി ബാബു മാളയുടെ വീടിന് മുൻവശത്ത് പണിത ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഷട്ടറുകളിൽ മാളയുടെ ചിത്രങ്ങൾ ഒരുക്കിയത്. കോംപ്ലക്സിന്റെ എട്ട് ഷട്ടറുകളിലും മാള അരവിന്ദൻ അഭിനയിച്ച കഥാപാത്രങ്ങളുടെ 12 അടി ഉയരവും 10 അടി വീതിയുമുള്ള ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്.
ഷട്ടറിൽ ഈ ചിത്രങ്ങൾ വരയ്ക്കുവാൻ ബാബു പലരെയും സമീപിച്ചെങ്കിലും ദൗത്യം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ഒടുവിൽ, മാളയിലെ മനു ആർട്‌സിന്റെ ഉടമ മനുവാണ് ഒരു സുഹൃത്ത് വഴി കലാകാരനായ കോഴിക്കോട് താമരശ്ശേരി സ്വദേശി ഉണ്ണിരാജനെ സമീപിക്കുന്നത്. ഉണ്ണിരാജൻ ഈ വെല്ലുവിളി ഏറ്റെടുത്തു. 15 ദിവസത്തോളം വടമ കോട്ടവാതിലിൽ താമസിച്ച് ഓരോ ചിത്രങ്ങളും തീർത്തു. മാള അരവിന്ദന്റെ മകൻ കിഷോർ, ഭാര്യ ഗീത, മകൾ കല എന്നിവരും ആത്മാർത്ഥമായി പ്രോത്സാഹനം നൽകി. പല ദിവസങ്ങളിൽ അവർ തന്നെ ഭക്ഷണവും ഒരുക്കി.
പണി പൂർത്തിയായപ്പോൾ, വടമ കോട്ടവാതിൽ റോഡിലൂടെ യാത്ര ചെയ്യുന്നവർ കോംപ്ലക്‌സിന് മുന്നിലെത്തുമ്പോൾ വാഹനം നിറുത്തി ഈ മനോഹര ചിത്രങ്ങൾ നോക്കി നിൽക്കും. മാള അരവിന്ദന്റെ സ്മരണയ്ക്കായി വരച്ച ഈ ചിത്രങ്ങൾ കാണുമ്പോൾ മലയാള സിനിമയുടെ ഒരു കാലഘട്ടം തന്നെ നമ്മുടെ മുമ്പിൽ വീണ്ടും ഉണരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |