ലഹരി വസ്തുക്കളുടെ ഉപയോഗവും, ലഹരിപ്പുറത്തുള്ള അക്രമങ്ങളും അനുദിനം വർദ്ധിച്ചുവരികയാണ്. സമൂഹത്തിന്റെ എല്ലാ തുറകളിലും ഇത് വ്യാപകമാണ്. നിരോധിത ലഹരി വസ്തുക്കളുമായി യുവാക്കളെ പിടികൂടുന്നതും നിത്യസംഭവങ്ങളായി മാറി. ലഹരിയെ പിടിച്ചുകെട്ടാൻ രാപ്പകലില്ലാതെ സർക്കാർ സംവിധാനങ്ങളുൾപ്പെടെ പ്രവർത്തിക്കുമ്പോഴാണ് സമൂഹത്തിന് മാതൃകയാകേണ്ട കലാകാരന്മാരുടെ ഇടയിലും മയക്കുമരുന്ന് ഉപയോഗം വ്യാപകമെന്ന വാർത്തകൾ പുറത്തുവരുന്നത്.
ചെറിയ ഇടവേളയ്ക്കുശേഷമാണ് മലയാള സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം വാർത്തകളിൽ ഇടം പിടിക്കുന്നത്. സിനിമ സെറ്റുകളിലെ അക്രമാസക്തമായ ലഹരി ഉപയോഗത്തെക്കുറിച്ച് നടിയും സംസ്ഥാന അവാർഡ് ജേതാവുമായ വിൻസി അലോഷ്യസ് പേര് വെളിപ്പെടുത്താതെ നടത്തിയ ആരോപണമാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. ശേഷം കുറ്റാരോപിതനായ നടൻ ഷെെൻ ടോം ചാക്കോയുടെ ഭാഗത്തുനിന്നുണ്ടായ നാടകീയ പരമായ സമീപനങ്ങളും പെരുമാറ്റങ്ങളും പൊതുജനത്തെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. കഴിഞ്ഞയാഴ്ച ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പരാതിയിൽ നടന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇതാദ്യമായല്ല ഇദ്ദേഹത്തിനെതിരെ പരാതികളുയരുന്നത്. മുൻപ് ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ആദ്യത്തെ കേസ് അവസാനിപ്പിച്ചതിൽ പൊലീസ് ഒത്തുകളിയുണ്ടെന്ന ആരോപണവും പിന്നീട് ഉയർന്നിരുന്നു.
മറ്റുളളവർക്ക് ബുദ്ധിമുട്ടുകളുണ്ടാക്കാത്ത വിധത്തിൽ തന്റെ സ്വാതന്ത്ര്യം ഉപയോഗിക്കാനും നിയമം അനുവദിക്കുന്ന ലഹരിവസ്തുക്കൾ ഉപയോഗിക്കാനും ഏതൊരാൾക്കും അവകാശമുണ്ട്. മറ്റൊരാൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം ഒരു വ്യക്തി മദ്യപിക്കുന്നതോ പുകവലിക്കുന്നതോ ഒരു തെറ്റായി ആരും കരുതുന്നില്ല. അത് അവരുടെ വ്യക്തി സ്വാതന്ത്ര്യമായി കണക്കാക്കാം. എന്നാൽ വിൻസി അലോഷ്യസിന്റെ കാര്യത്തിൽ സംഭവിച്ചെന്നു പറയും പോലെ മറ്റുള്ളവരുടെ മേൽ കടന്നാക്രമണം നടത്തുന്നിടത്തോളം പോന്ന ലഹരിയുടെ ഉപയോഗം സമൂഹത്തിന് തന്നെ ആപത്ക്കരമാണ്.
സമൂഹത്തിൽ ലഹരി ഉപയോഗിക്കുന്നവർ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. മുൻകാലങ്ങളിൽ ചിലർ മയക്കുമരുന്ന് ഉപയോഗം അതീവ രഹസ്യമായിരുന്നെങ്കിൽ ഇന്ന് പരസ്യമായി തന്നെ ഇത്തരം കാര്യങ്ങൾ സിനിമ സെറ്റിൽ നടക്കുന്നതായി നിർമാതാക്കൾ തന്നെ പറയുന്നു. പുകയുടെ ആധിക്യം മൂലം പലരുടെയും കാരവാനുകളിൽ കയറാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്നും, ഒരുമിച്ചിരുന്ന് ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതായും പരാതികൾ ഉയരുന്നുണ്ട്.
വേണ്ടത് ഒറ്റക്കെട്ടായ
പ്രവർത്തനം
സിനിമ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ തൊഴിൽ മേഖലകളിലുമുള്ള ലഹരിമരുന്നിന്റെ ഉപയോഗം ചെറുക്കേണ്ടത് ആവശ്യമാണ്. അതിനായി ശക്തമായ തീരുമാനങ്ങളെടുക്കേണ്ടത് അതത് തൊഴിൽമേഖലകൾ തന്നെയാണ്. മുൻപ് അത്തരം പ്രശ്നങ്ങൾ ഉയർന്ന സാഹചര്യത്തിലൊന്നും സിനിമ മേഖലയിലെ പ്രബലമായ സംഘടനകൾ ശക്തമായ നിലപാടുകൾ എടുത്തിരുന്നില്ല.
മുൻപ് ഇത്തരം സാഹചര്യങ്ങളിൽ പ്രതികരിക്കാനോ, നേരിട്ട ദുരനുഭവങ്ങൾ പുറത്തുപറയാനോ ധെെര്യമില്ലാതിരുന്നതായി ഇപ്പോൾ പലരും വെളിപ്പെടുത്തുന്നുണ്ട്. സിനിമാമേഖലയിൽ മാനസികമോ ശാരീരികമോ ആയ അതിക്രമങ്ങളിൽ സ്ത്രീകൾ ആദ്യം പരാതി നൽകേണ്ടത് ഐ.സി (ഇന്റേണൽ കമ്മിറ്റി)യിലാണ്. കേരള ഹൈക്കോടതിയുടെ വിധിയിലൂടെ ഓരോ സിനിമാ സെറ്റിലും ഒരു ആഭ്യന്തരപരിശോധനാ സമിതി ഉണ്ടായിരിക്കേണ്ടതാണെന്ന് നിയമം ഉറപ്പാക്കിയിട്ടുണ്ട്. പരാതികൾ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടുകയും രഹസ്യമായും ന്യായമായും അന്വേഷണം നടത്തപ്പെടുകയും ചെയ്യുന്നതാണ് ഐ.സി യുടെ ഉത്തരവാദിത്വം. സിനിമാ തൊഴിലിടം ലഹരിമുക്തമാക്കാനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായി തുടരേണ്ടതുണ്ട്. പീഡനം എന്നതുകൊണ്ട് നിയമം നിർവ്വചിക്കുന്നത് ശാരീരികമായ അതിക്രമങ്ങൾ മാത്രമല്ല. ജോലി സ്ഥലത്ത് സ്ത്രീകൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഏതൊരു പെരുമാറ്റവും ഇതിൽ ഉൾപ്പെടുന്നതാണ്. അത്തരം ഘട്ടങ്ങളിൽ നിയമപരമായ എല്ലാ അവകാശങ്ങളും ഉപയോഗപ്പെടുത്തിയാണ് മുന്നോട്ട് പോകേണ്ടത്. നടി വിൻസി അലോഷ്യസിന് പരാതിയില്ലെങ്കിലും സിനിമ സെറ്റിലെ ലഹരി ഉപയോഗത്തെ കുറിച്ച് നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുമെന്നാണ് സംസ്ഥാന സർക്കാറും വ്യക്തമാക്കിയത്. നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അത് റിപ്പോർട്ട് ചെയ്യാനും വേണ്ട നിയമനടപടികളുമായി മുന്നോട്ട് പോകാനും എല്ലാവരും സന്നദ്ധരാകണം. പരാതികൾ ഒതുക്കി തീർക്കുന്ന പ്രവണതയാണ് പലപ്പോഴും ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങളുടെ ആക്കം കൂട്ടുന്നതും.
മാതൃകയാകണം
തൊഴിലിടങ്ങൾ
യുവാക്കളുൾപ്പെടെയുള്ള വലിയ ആരാധക വൃന്ദമാണ് മലയാള സിനിമയിലെ അഭിനേതാക്കൾക്കുള്ളത്. അവരുടെ പ്രവൃത്തികളിലെ ശരിതെറ്റുകൾ നോക്കാതെ അത് ജീവിതത്തിൽ പകർത്തുന്ന യുവ തലമുറയുമുണ്ട്. സിനിമാരംഗങ്ങൾ ലഹരി ഉപയോഗത്തെയും അക്രമങ്ങളെയും, വയലൻസിനെയും പ്രേത്സാഹിപ്പിക്കുന്നു എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ചിത്രീകരണത്തിലും , പ്രവർത്തിക്കുന്ന ഇടങ്ങളിലും നിയമത്തിനും നീതിക്കും നിരക്കാത്ത പ്രവർത്തനങ്ങളോ, സംഭവങ്ങളോ ഉണ്ടാകാതെ സൂക്ഷിക്കണം. സിനിമ മാത്രമല്ല എല്ലാ തൊഴിലിടങ്ങളും ഇതിൽ ഉണർന്നു പ്രവർത്തിക്കണം.
പുതിയ തലമുറയെ വഴിതെറ്റിക്കുന്ന ഇത്തരം പ്രവണതകൾക്ക് സമൂഹത്തിന് മാതൃകയാവേണ്ട കലാ മേഖലകളിൽ നിന്നുള്ളവർ പരസ്യമായോ രഹസ്യമായോ പിന്തുണ നൽകുന്നതും, പങ്കാളികളാവുന്നതും തെറ്റായ പ്രവണതയാണ്. അവർ മനസിലാക്കിയില്ലെങ്കിൽ അത് ബോദ്ധ്യപ്പെടുത്തി കൊടുക്കേണ്ട ചുമതല ബന്ധപ്പെട്ടവർക്കുണ്ട്. അധികാരികൾ സന്ദർഭത്തിനൊത്ത് ഉയർന്ന് പ്രവർത്തിച്ച് ഇത്തരം പ്രവണതകൾ പൂർണ്ണമായി തുടച്ചു നീക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |