കോട്ടയം: തിരുവാതുക്കൽ പ്രദേശം ഇന്നലെ രാവിലെ ഞടുക്കത്തോടെയാണ് വ്യവസായി വിജയകുമാറിന്റെയും ഭാര്യയുടെയും മരണവാർത്ത ഉൾക്കൊണ്ടത്. മരണവാർത്തയറിഞ്ഞ് പ്രദേശവാസികൾ സംഭവസ്ഥലത്തേക്ക് കുതിച്ചു. ജംഗ്ഷനും സമീപത്തെ പ്രദേശങ്ങളിലും വലിയ ജനക്കൂട്ടമാണ് രൂപപ്പെട്ടത്. ജനത്തിരക്ക് മൂലം ബസ് സർവീസുള്ള റോഡിൽ ഗതാഗതതടസവും നേരിട്ടു. തിരുവാതുക്കലിലെ കൂറ്റൻ ബംഗ്ലാവിൽ നടന്ന കൊലപാതകം തിങ്കളാഴ്ച അർദ്ധരാത്രിക്ക് ശേഷമെന്നാണ് പൊലീസ് നിഗമനം. വീട്ടിൽ നിന്ന് സംശയത്തക്ക തരത്തിലുള്ള ശബ്ദമോ മറ്റോ പ്രദേശവാസികൾ കേട്ടിരുന്നില്ല.
വിജയകുമാറിന്റെ വീട്ടിൽ രണ്ട് നായ്ക്കൾ ഉണ്ടായിരുന്നു. എന്നാൽ, ഇവയിൽ ഒന്ന് അടുത്തകാലത്താണ് ചത്തത്. അവശേഷിച്ചിരുന്ന നായ രാത്രി ശബ്ദമുണ്ടാക്കിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കൊലപാതകവിവരം അറിഞ്ഞ് വീട്ടിലേക്ക് എത്തിയവരുടെ ശ്രദ്ധയിൽ ആദ്യം പതിഞ്ഞത് മുൻഭാഗത്തെ വാതിലിന് സമീപത്ത് ഉപേക്ഷിച്ച അമ്മിക്കല്ലാണ്. സംശയത്തിന്റെ നിഴലിലുള്ള അന്യസംസ്ഥാന തൊഴിലാളി അമിത് നാട്ടുകാർക്ക് സുപരിചിതനാണ്. കൊലപാതക വാർത്തയറിഞ്ഞ് മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.
നാട്ടുകാരുമായി അടുപ്പമില്ല
നഗരത്തിലും മറ്റ് ഇടങ്ങളിലും നിരവധി ബിസിനസ് സംരംഭങ്ങൾ കൊല്ലപ്പെട്ട വിജയകുമാറിന്റെ ഉടമസ്ഥതയിലുണ്ട്. വിജയകുമാറിനും കുടുംബത്തിനും നാട്ടുകാരുമായി അത്രഅടുപ്പവുമില്ല. തിങ്കളാഴ്ച രാത്രി 9.30വരെ തിരുനക്കരയിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഓഫീസിൽ വിജയകുമാറുണ്ടായിരുന്നു. തങ്ങളോട് ഏറെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്ന് ജീവനക്കാർ പറയുന്നു.
വീട്ടുജോലിക്കാരി രേവമ്മ വന്ന് വിവരം പറഞ്ഞപ്പോഴാണ് കൊലപാതകവിവരം അറിഞ്ഞത്. ഉടൻ തന്നെ പൊലീസിലും വാർഡ് കൗൺസിലർ ടോം കോരയെയും വിവരം അറിയിക്കുകയായിരുന്നു. (വേണു,സമീപത്തെ വ്യാപാരി)
അയൽവാസികളുമായി വിജയകുമാറിന് വലിയ അടുപ്പമില്ല. വീടിന് പുറത്തേയ്ക്ക് ഇവരെ അധികം കാണാറില്ല. (മെറീന ജോൺ, അയൽവാസി)
ഏറെ നിശ്ചയിച്ചുറപ്പിച്ച കൊലപാതകം ആയിരുന്നു ദമ്പതികളുടേത്. (വി.കെ അനിൽകുമാർ
സമീപവാസി, മുൻ നഗരസഭ കൗൺസിലർ)
കഠിനാധ്വാനം, വളർച്ച
അതിവേഗത്തിൽ
കോട്ടയം: എയർഫോഴ്സിലെ ജോലി രാജിവെച്ച് ഗൾഫ് നാടുകളിലേക്ക് പോയ വിജയകുമാർ ഏറെ കഷ്ടപ്പെട്ടാണ് സാമ്പത്തിക വളർച്ച നേടിയത്. നാട്ടിൽ നിന്ന് പച്ചക്കറിയും മറ്റും ഗൾഫ് നാടുകളിൽ എത്തിച്ച് ചെറിയ രീതിയിൽ വ്യാപാരം തുടങ്ങിയാണ് ബിസിനസിൽ ചുവടുറപ്പിച്ചത്. ഭാര്യ മീര ഗൾഫിൽ ഡോക്ടറായിരുന്നു. ദീർഘകാലത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലെത്തിയ വിജയകുമാർ കോട്ടയത്തെ തന്റെ പ്രവർത്തമണ്ഡലമാക്കി.
തിരുനക്കര മഹാദേവക്ഷേത്രത്തിന് സമീപം മുൻ നഗരസഭാ ചെയർമാനായ ടി.കെ.ഗോപാലകൃഷ്ണ പണിക്കരുടെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉൾപ്പെടുന്ന നഗരമദ്ധ്യത്തിലെ കണ്ണായ സ്ഥലം വാങ്ങി. വിവാഹത്തിനും മറ്റു പരിപാടികൾക്കും ലക്ഷങ്ങൾ വാടക ലഭിക്കുന്ന ഇരുനില എ.സി ഓഡിറ്റോറിയമാക്കി. തിരുവാതുക്കൽ കവലക്കു സമീപം നിർമല ഹോസ്പിറ്റൽ പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് ഇരുനില മാളിക നിർമ്മിച്ചത്. ഫ്ലാറ്റ് നിർമ്മാണത്തിലും മറ്റും പങ്കാളിയായി ബിസിനസ് സാമ്രാജ്യവും വിപുലപ്പെടുത്തി. സാമ്പത്തികമായി ബുദ്ധിമുട്ടിയിയിരുന്ന പലരെയും സഹായിച്ചു. ജീ വകാരുണ്യ പ്രവർത്തനത്തിലും സജീവമായിരുന്നുവെങ്കിലും ഇതൊന്നും പരസ്യപ്പെടുത്താൻ താത്പര്യം കാണിച്ചിരുന്നില്ല. ഏറെ ബുദ്ധിമുട്ടി സ്വന്തം പ്രയത്നത്താലാണ് വിജയകുമാർ ബിസിനസ് രംഗത്ത് വളർന്നതെന്ന് ദീർഘകാലമായി വിജയകുമാറുമായി അടുത്തബന്ധമുള്ള അനൂപ് അച്യുതപൊതുവാൾ പറഞ്ഞു.
മകന്റെ മരണം
തളർത്തി
എട്ടുവർഷം മുമ്പ് മകൻ ഗൗതമിന്റെ ദുരൂഹമരണമാണ് വിജയകുമാറിനെയും ഭാര്യ മീരയെയും തളർത്തിയത്. സുഹൃത്തിനെ കണ്ടിട്ടുവരാമെന്നു പറഞ്ഞു സന്ധ്യയോടെ കാറുമെടുത്തു പുറത്തുപോയ ഗൗതമിനെ കാരിത്താസിന് സമീപം റെയിൽവേട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമില്ലാതിരുന്നിട്ടും ലോക്കൽ പൊലീസും ക്രൈബ്രാഞ്ചും ആത്മഹത്യയെന്നു കണ്ടെത്തി കേസ് എഴുതിത്തള്ളുകയായിരുന്നു. ഇതിൽ തൃപ്തനാകാതെ സ്വകാര്യ അന്വേഷണ ഏജൻസിയെ ഏർപ്പെടുത്തി. മരണത്തിൽ അവർ ദുരൂഹത കണ്ടെത്തിയതോടെയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നെഞ്ചിലും കഴുത്തിലും ആഴത്തിൽ മുറിവേറ്റ ഗൗതം ഏറെദൂരം നടന്ന് ട്രെയിനിന് മുമ്പിൽചാടി ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത തള്ളിയ ഹൈക്കോടതി സി.ബി.ഐ ആന്വേഷണ ആവശ്യം അംഗീകരിച്ചു. ഇതിന് പിന്നാലെയാണ് വിജയകുമാർ ഭാര്യയ്ക്കൊപ്പം അരുംകൊലചെയ്യപ്പെട്ടത്. ഇന്നലെ പൊലീസ് ഇൻക്വസ്റ്റ് നടക്കുമ്പോൾ സി.ബി.ഐ സംഘം തിരുവാതുക്കലിലെ വീട്ടിൽ എത്തിയിരുന്നു.
ആഡംബര
വീട്ടിലെ
അരുംകൊല
കോട്ടയം: അത്യാഡംബര വീട്, കാവൽക്കാരൻ, പത്തടിയിലേറെ ഉയരമുള്ള ചുറ്റുമതിൽ. റിമോട്ട് കൺട്രോൾ കൊണ്ട് നിയന്ത്രിക്കാവുന്ന ഗേറ്റ്, സി.സി.ടി.വിയുടെ സംരക്ഷണം. 16 സി.സി ടി.വി ക്യാമറകൾ. സുരക്ഷാ സൗകര്യങ്ങൾ ഏറെയുണ്ടായിട്ടും നഗരമദ്ധ്യത്തിൽ അയ്യായിരം സ്ക്വയർഫീറ്റിന് മുകളിലുള്ള വീട്ടിൽ നടന്ന അതിക്രൂര കൊലപാതകത്തിന്റെ ഞെട്ടിലിലാണ് നാട്ടുകാർ. വിദേശത്ത് ബിസിനസ് ആരംഭിച്ച കാലത്താണ് വിജയകുമാർ തിരുവാതുക്കലിൽ ആഡംബര വീട് നിർമ്മിച്ചത്. മുറികളിൽ ആഡംബര സംവിധാനങ്ങളോരോന്നും കാലത്തിനനുസരിച്ച് കൂട്ടിച്ചേർത്തു. മകന്റെ മരണത്തോടെ ഒറ്റപ്പെട്ട പോയ വിജയകുമാറിന് നായ്ക്കളോട് ഏറെ പ്രിയമായിരുന്നു. നാലു ദിവസം മുമ്പ് ജാക്കിയെന്ന വളർത്തുനായ ചത്തതിന്റെ മനോവിഷമത്തിലായിരുന്നു വിജയകുമാർ. വളരെ കുറച്ച് സൗഹൃദങ്ങളേയുണ്ടായിരുന്നുള്ളൂ. നാട്ടുകാർക്ക് വീടുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |