ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ മരണം സംഭവിച്ചു. അടുത്ത കാലത്തായി വാർത്തകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കേൾക്കുന്ന ഒന്നാണിത്. ആരോഗ്യ സംരക്ഷണത്തിനായി വ്യായാമം ചെയ്യുന്നവരുടെ ജീവൻ കവരുന്നത് എങ്ങനെയെന്ന ചോദ്യം ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. എന്തുകൊണ്ടാണ് ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ കുഴഞ്ഞുവീണ് മരിക്കുന്നത്? അമിതമായ വ്യായാമം അതിനൊരു കാരണമാണെന്ന് ഹൃദ്രോഗ വിദഗ്ദനായ ഡോ. പിപി മുഹമ്മദ് മുസ്തഫ പറയുന്നു.
'ജിമ്മിൽ അധികവും കുഴഞ്ഞുവീണ് മരിക്കുന്നതിന്റെ പ്രധാന കാരണം ഹാർട്ട് അറ്റാക്ക് കൊണ്ടല്ല. അത് കാർഡിയാക് അറസ്റ്റ് കൊണ്ടാണ്. ഹാർട്ട് അറ്റാക്കും കാർഡിയാക്ക് അറസ്റ്റും വ്യത്യസ്തമാണ്. ഹാർട്ട് അറ്റാക്ക് എന്നുവച്ചാൽ ഹൃദയത്തിന്റെ രക്തക്കുഴലിൽ പെട്ടെന്ന് രക്തം കട്ടപിടിച്ചിട്ട് ബ്ലോക്ക് സംഭവിക്കുന്നതാണ്. ഹാർട്ട് അറ്റാക്കുള്ള എല്ലാവർക്കും കാർഡിയാക് അറസ്റ്റ് ഉണ്ടാവണമെന്നില്ല. ഹാർട്ട് അറ്റാക്കുള്ള ഒരു വ്യക്തിക്ക് കാർഡിയാക്ക് അറസ്റ്റ് ഉണ്ടായാൽ മാത്രമാണ് അദ്ദേഹം മരിക്കുകയുള്ളൂ. അതല്ലാത്തവർ ആശുപത്രിയിൽ എത്തും, ഞങ്ങൾ അവരുടെ ബ്ലോക്ക് നീക്കും.
ചില ആളുകൾക്ക് ഹാർട്ട് അറ്റാക്ക് ഇല്ലാതെ തന്നെ എറിത്മിയ എന്നൊരു അവസ്ഥയുണ്ട്. ഹൃദയമിടിപ്പിൽ താളപ്പിഴ സംഭവിച്ച് പെട്ടെന്ന് മരണം സംഭവിക്കാറുണ്ട്. അത് പ്രധാനപ്പെട്ടതാകുന്നതിന് കാരണമുണ്ട്, ഇപ്പോൾ അമിതമായ വ്യായാമം എന്നൊരു ട്രൻഡ് നിലവിലുണ്ട്. നമ്മുടെ ശരീരത്തിന് വേണ്ടതിനേക്കാൾ കൂടുതൽ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഹൃദയാരോഗ്യത്തിന് ഒരു അര മണിക്കൂറുള്ള നടത്തം മാത്രം ചെയ്യാൻ കഴിയുകയാണെങ്കിൽ അതുമതി.
ജിമ്മിൽ മൂന്നും നാലും മണിക്കൂർ വ്യായാമം ചെയ്യുന്നത് ബോഡി ബിൽഡിംഗിന് വേണ്ടിയാണ്. ആരോഗ്യത്തിന് വേണ്ടിയല്ല. അത് ഞങ്ങൾ ഒരിക്കലും നിർദ്ദേശിക്കുന്നില്ല. ആഴ്ചയിൽ അഞ്ച് ദിവസം അരമണിക്കൂർ നീളുന്ന വ്യായാമം. അതാണ് നിർദ്ദേശിക്കുന്നത്. ജിമ്മിലെ മരണങ്ങൾക്ക് ഇങ്ങനെയൊരു കാരണം കൂടിയുണ്ട്. ഒരു പരിധിക്ക് അപ്പുറം വ്യായാമം ചെയ്യുന്നത് അത്ര നല്ലതല്ല'- ഡോ. പിപി മുഹമ്മദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |