
ഇടുക്കി: ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ബോഡി ബിൽഡിംഗ് മത്സരങ്ങളിലൂടെ മിന്നിത്തിളങ്ങുന്ന അബ്ബാസ് മന്ത്രിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മിസ്റ്റർ ഇടുക്കി പട്ടം നേടിയ മേലേഗൂഡല്ലൂർ സ്വദേശിയായ 32കാരൻ അബ്ബാസ് പീരുമേട് കൃഷിഭവനിൽ താൽക്കാലിക ജീവനക്കാരനാണ്. നീ എന്തിന് ജിമ്മിൽ പോകുന്നതെന്ന പരിചയക്കാരുടെ ആക്ഷേപത്തിന് അബ്ബാസ് മറുപടി നൽകിയത് തന്റെ കിരീട നേട്ടത്തിലൂടെയാണ്. ഇത് ശാരീരിക പരിമിതികൾ നേരിടുന്നവർക്ക് വലിയ പ്രചോദനമാണ്
തനിക്ക് ഈ ജന്മം ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മനസിലുറപ്പിച്ച് ജീവിതം കഴിച്ചുക്കൂട്ടുന്നവർക്ക് സാദ്ധ്യതകളുടെ പുതിയ ലോകം തുറക്കാൻ താനൊരു നിമിത്തമായെന്ന് അബ്ബാസ് കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. അച്ഛനും അമ്മയും സഹോദരനും രണ്ട് സഹോദരിമാരും അടങ്ങുന്നതാണ് അബ്ബാസിന്റെ കുടുംബം. 143 സെന്റീമീറ്റർ നീളവും 40 കിലോഗ്രാം ഭാരവുമുള്ള ഈ ചെറുപ്പക്കാരന് 47 ശതമാനം അംഗപരിമിതിയുണ്ട്.
രണ്ടുവർഷം മുൻപാണ് വർക്കൗട്ടുകൾ ആരംഭിച്ചതെന്നും സുഹൃത്തുക്കളോടൊപ്പമാണ് നാട്ടിലെ തന്നെ ഈഗിൾ ഫിറ്റ്‌നെസ് ജിമ്മിൽ പോയിതുടങ്ങിയതെന്നും അബ്ബാസ് പറയുന്നു. ആദ്യം ബേസിക്ക് വർക്കൗട്ടുകളാണ് ചെയ്തു തുടങ്ങിയതെന്നും അല്പം കഴിഞ്ഞപ്പോഴാണ് ശാരീരിക പരിമിതിയുള്ളവരുടെ ശരീര സൗന്ദര്യ മത്സരത്തിൽ എന്തുകൊണ്ട് പങ്കെടുത്തുകൂടായെന്ന തീരുമാനത്തിൽ എത്തിച്ചേർന്നതെന്നും അബ്ബാസ് ചിന്തിച്ചു.

തന്റെ കുടുംബവും സുഹൃത്തുക്കളും ജിം പരിശീലകരായ പത്മകുമാർ സിഎസ്, ഷർബിൻ എ എസ് എന്നിവർ പൂർണ പിന്തുണയോടൊപ്പം നിന്നെന്നും കഴിഞ്ഞ വർഷം മുതൽ മത്സരങ്ങളിൽ പങ്കെടുത്ത് തുടങ്ങുകയായിരുന്നുവെന്നും അബ്ബാസ് പറയുന്നു. കൃഷിഭവനിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ ജിമ്മിലേക്ക് പോകുകയാണ് അബ്ബാസിന്റെ പതിവ്. കൃത്യമായ ഭക്ഷണക്രമവും പിന്തുടരുന്നുണ്ട്. രണ്ട് മണിക്കൂറിലധികം സമയമാണ് വർക്കൗട്ടുകൾക്കായി മാറ്റിവയ്ക്കുന്നത്.

ആഗ്രഹം
2019ലാണ് കൃഷിഭവനിൽ താൽക്കാലിക ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചത്. ബോഡിബിൽഡിംഗ് മേഖലയിൽ സ്ഥിരംജോലി കിട്ടണമെന്നാണ് ആഗ്രഹം. ശാരീരിക പരിമിതിയുള്ളവർ വീട്ടിൽ ഒതുങ്ങാതെ പുറത്തേക്ക് വരണം. ജിം ഉപേക്ഷിക്കാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ആഗ്രഹം. എന്നെ ഞാനാക്കി മാറ്റിയത് ജിമ്മാണ്. മിസ്റ്റർ കേരളയിലും മിസ്റ്റർ ഇന്ത്യ ഫിസിക്കലി ചലഞ്ചിലും പങ്കെടുക്കണം. പക്ഷെ അതിൽ സാമ്പത്തികമായി നല്ല ചെലവ് വരും. സാധാരണക്കാരായ എല്ലാവർക്കും ഈ മേഖലയിലൂടെ കടന്നുവരാമെന്നും അബ്ബാസ് പറയുന്നു.

സന്തോഷം മാത്രം
തന്റെ വീഡിയോകൾ കണ്ട് അഭിനന്ദിക്കാനും പ്രചോദനം പകരുന്നതാണെന്ന് പറയാനും നിരവധി ആളുകൾ വിളിക്കാറുണ്ടെന്ന് അബ്ബാസ് പറയുന്നു. ശാരീരികമായും മാനസികമായും ദൈനംദിന ജീവിതത്തിൽ ഒരുപാട് മാറ്റം വന്നയാതും അബ്ബാസ് കേരളകൗമുദിയോട് പറഞ്ഞു. 'ആത്മവിശ്വാസത്തോടെയാണ് ഇപ്പോൾ വീടിന് പുറത്തേക്കിറങ്ങുന്നത്. മറ്റുള്ളവർക്ക് പ്രചോദനമാകുന്നതിൽ അഭിമാനമുണ്ട്. നിനക്ക് ജിമ്മിന്റെ ആവശ്യമുണ്ടോയെന്ന് ചോദിച്ചവരുണ്ട്. അത് ഞാൻ മോശം അനുഭവമായി കാണുന്നില്ല. പ്രചോദനമായാണ് കാണുന്നത്. പക്ഷെ അവരെ കൊണ്ടുതന്നെ എല്ലാം മാറ്റി പറയിച്ചു'- ആത്മവിശ്വാസത്തോടെ അബ്ബാസ് പറഞ്ഞു. 2025ൽ മിസ്റ്റർ ഇടുക്കി കാറ്റഗറി ജേതാവായ അബ്ബാസ് ആ വർഷംതന്നെ മിസ്റ്റർ കേരളയിൽ മൂന്നാം സ്ഥാനവും നേടി. സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കണമെന്ന ആഗ്രത്തിലാണ് ഇയാൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |