'ചില കാര്യങ്ങൾ അങ്ങനെയാണ്, ചെറിയ ലക്ഷ്യങ്ങളിൽ തട്ടി വീണാലും വലിയ ലക്ഷ്യങ്ങൾ നമ്മളെ കാത്തിരിക്കുന്നുണ്ടാകും, വീണ്ടും ഓടുന്നവന് മാത്രം'-ഒരു സമയത്ത് കേരളത്തിലെ യുവാക്കൾക്കിടയിൽ തരംഗമായി മാറിയ സിനിമാ ഡയലോഗാണിത്. ഇത് അക്ഷരം പ്രതി ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് കൊട്ടാരക്കര സ്വദേശിനിയും സിവിൽ സർവീസ് പരീക്ഷയിൽ 47-ാം റാങ്കും സ്വന്തമാക്കിയ നന്ദന. ഇന്നലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ, 23കാരിയായ നന്ദനയുടെ കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലം കൂടിയായിരുന്നു ആ 47-ാം റാങ്ക്.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് 2022ലാണ് നന്ദന ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം സ്വന്തമാക്കിയത്. സ്‌കൂൾ കാലഘട്ടത്തിൽ സിവിൽ സർവീസ് പരീക്ഷ വെറും കേട്ടറിവായിരുന്നുവെന്നും കോളേജിലെത്തിയതോടെയാണ് കൂടുതൽ വിവരങ്ങൾ മനസിലാക്കിയതെന്നും നന്ദന കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു. മലയാളികളായ ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ തന്നെ കൂടുതൽ സ്വാധീനിച്ചിട്ടുണ്ടെന്നും നന്ദന കൂട്ടിച്ചേർത്തു. ബിരുദത്തിനു ശേഷം തിരുവനന്തപുരത്തെ ഫോർച്യൂൺ അക്കാഡമിയിൽ പരിശീലനത്തിനായി പ്രവേശിക്കുകയും 2023ൽ പ്രിലിമിനറി പരീക്ഷ എഴുതുകയും ചെയ്തു. വെറും ഒന്നര മാർക്കിന്റെ വ്യത്യാസത്തിലാണ് പ്രിലിമിനറി പരീക്ഷയിൽ വിജയിക്കാൻ കഴിയാതെ പോയതെന്ന് നന്ദന പറയുന്നു. കഠിനമായി പരിശ്രമിച്ചിട്ടും പ്രിലിംസ് കിട്ടാതെ വന്നപ്പോൾ നിരാശ തോന്നിയിരുന്നില്ലെന്ന് നന്ദന വ്യക്തമാക്കി.വീണ്ടും തീവ്രമായി പരിശീലനം നടത്തിയാണ് ഈ വിജയത്തിലെത്തിയതെന്നും റാങ്കുകാരി പറഞ്ഞു.
തന്റെ പരിശീലന രീതികളെക്കുറിച്ച് ചോദിച്ചപ്പോൾ നന്ദനയുടെ മറുപടി ഇങ്ങനെയായിരുന്നു. 'അക്കാഡമിയിൽ നിന്ന് ലഭിച്ച നോട്ടുകളും പുസ്തകങ്ങളും നിരന്തരം വായിച്ച് മനസിലാക്കുകയും മോക്ക് ടെസ്റ്റുകൾ നിരന്തരം ചെയ്തുമാണ് പരിശീലിച്ചത്. സിവിൽ സർവീസ് മോഹികൾക്കായുളള മലയാളം സിനിമകളായ വിക്രമാദിത്യനും ഉദാഹരണം സുജാതയും പ്രചോദനാത്മകമായിട്ടുണ്ട്'- നന്ദന പറഞ്ഞു.
അഭിമുഖം കഴിഞ്ഞപ്പോൾ നല്ല സന്തോഷമായിരുന്നു. കൂടുതൽ ചോദ്യങ്ങളും വന്നത് കേരളത്തെ സംബന്ധിച്ചുളളതായിരുന്നു. കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ, വ്യവസായം, ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന സിനിമ, ഇംഗ്ലീഷ് സാഹിത്യം തുടങ്ങിയവയെക്കുറിച്ചുളള ചോദ്യങ്ങളാണ് വന്നതെന്നും നന്ദന പറഞ്ഞു. അദ്ധ്യാപകരായ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പിന്തുണ നന്ദനയുടെ കൂടെയുണ്ടായിരുന്നു. നന്ദനയുടെ അച്ഛൻ ഗിരീഷ്, വാളകം ആർവിഎച്ച്എസ് സ്‌കൂളിലെ അദ്ധ്യാപകനാണ്. അമ്മ പ്രഭ തേവന്നൂർ ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയുമാണ്. സഹോദരൻ വൈശാഖ് പ്ലസ് ടു വിദ്യാർത്ഥിയാണ്. സ്വന്തമായി പരിശീലനം നടത്തി സിവിൽ സർവീസ് മോഹം സ്വന്തമാക്കാമെന്നും 47-ാം റാങ്കുകാരി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |