തിരുവനന്തപുരം: ശ്രവണ- സംസാര വൈകല്യമുള്ള ആറാംക്ലാസുകാരനെ പീഡിപ്പിച്ച ഹോസ്റ്റൽ വാർഡന് 18 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. വിളപ്പിൽ സ്വദേശി ജീൻ ജാക്‌സനാണ് പോക്സോ കോടതി ജഡ്‌ജി ആർ.രേഖ വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. പ്രതി ചെയ്തത് ക്ഷമിക്കാൻ പറ്റുന്ന തെറ്റല്ലെന്ന് കോടതി പറഞ്ഞു. പ്രതിയുടെ ശിക്ഷ പൊതു സമൂഹത്തിന് മാതൃകയാകണമെന്നും കോടതി വ്യക്തമാക്കി. 2019 സെപ്തംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ പീഡിപ്പിക്കുന്നത് മറ്റൊരു വിദ്യാർത്ഥി കണ്ടിരുന്നു. പ്രതി രണ്ട് കുട്ടികളെയും ഭീഷണിപ്പെടുത്തി. പിന്നീട് വിവരമറിഞ്ഞ മറ്റ് കുട്ടികൾ പറഞ്ഞാണ് അദ്ധ്യാപകർ വിവരമറിയുന്നത്. ഇതോടെ അദ്ധ്യാപകർ പൊലീസിൽ വിവരമറിയിച്ചു.
അതേസമയം, മറ്റൊരു അദ്ധ്യാപകനായ റോബിൻസൺ പ്രതിക്ക് അനുകൂലമായി നൽകിയ മൊഴി കോടതി അംഗീകരിച്ചില്ല. ഇരുകുട്ടികളെയും ആംഗ്യഭാഷാ പരിഭാഷകന്റെ സഹായത്തോടെയാണ് കോടതി വിസ്തരിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |