കോഴിക്കോട് : രാമനാട്ടുകര - വെങ്ങളം ആറുവരിപ്പാതയിലെ വേങ്ങേരി മേൽപ്പാത രണ്ട് ദിവസത്തിനകം പൂർണമായും ഗതാഗതത്തിന് തുറന്നുകൊടുക്കും. സർവീസ് റോഡിന്റെ ടാറിംഗ് ഇന്നലെയോടെ പൂർത്തിയായി. മേൽപ്പാതയുടെ ടാറിംഗ് നാളെ പൂർത്തിയാകും. ഓവുചാലുകളുടെ പണിയും പൂർത്തിയായി. വേങ്ങേരി മേൽപ്പാത തുറക്കുന്നതോടെ ഇതുവഴിയുള്ള ഗതാഗതം കൂടുതൽ സുഗമമാകും. 45 മീറ്ററിൽ നിർമ്മിച്ച മേൽപ്പാതയുടെ 13 മീറ്റർ ഭാഗം 2024 സെപ്തംബറിൽ ഗതാഗതത്തിന് തുറന്ന്
കൊടുത്തിരുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടേതുൾപ്പെടെയുള്ള പെെപ്പ് ലെെനുകൾ മാറ്റുന്ന പ്രവൃത്തി വന്നതോടെയാണ് നിർമാണം നീണ്ടുപോയത്.
രാമനാട്ടുകര- വെങ്ങളം റീച്ച്
ജൂണിന് മുമ്പ് പൂർത്തിയാകും
രാമനാട്ടുകര- വെങ്ങളം റീച്ചിന്റെ കരാർ കാലാവധി അവസാനിക്കുന്നത് മേയ് 27 നാണ്. അതിന് മുമ്പ് പണി പൂർത്തിയാക്കാൻ കഴിയുമെന്ന് കരാറുകാരായ കെ.എം.സി കൺസ്ട്രക്ഷൻസ് അധികൃതർ പറഞ്ഞു. 96 ശതമാനം ജോലികൾ പൂർത്തിയായി.
അറപ്പുഴ പാലത്തിന്റെ കോൺക്രീറ്റിംഗ് പൂർത്തിയായി. കോരപ്പുഴയ്ക്ക് കുറുകെയുള്ള മേൽപ്പാലത്തിന്റെ അവസാന കോൺക്രീറ്റിംഗ് രണ്ട് ദിവസത്തിനകം പൂർത്തിയാകും. ഇതോടെ രാമനാട്ടുകര - വെങ്ങളം റീച്ചിലെ പ്രധാന പ്രവൃത്തികൾ മുഴുവനായും പൂർത്തിയാകും. സർവീസ് റോഡുകളുടെ ടാറിംഗ് ഉൾപ്പെടെയുള്ള ജോലികൾ എല്ലായിടത്തും പുരോഗമിക്കുകയാണ്. 28.4 കിലോമീറ്റർ ദേശീയ പാതയിൽ ഓരോ 500 മീറ്ററിലും നിരീക്ഷണ ക്യാമറകളും ഓരോ 40 മീറ്ററിലും ലെെറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. സർവീസ് റോഡുകളിലേക്കുകൂടി വെളിച്ചം കിട്ടുന്ന രീതിയിലാണ് ലെെറ്റുകൾ സ്ഥാപിക്കുന്നത്.
13.5 മീറ്റർ വീതം വരുന്ന രണ്ട് പാതകളായാണ് 27 മീറ്റർ വീതിയിൽ ദേശീയപാത ആറുവരിയാക്കുന്നത്. മദ്ധ്യത്തിൽ 60 സെന്റിമീറ്ററിലാണു മീഡിയൻ. ഇരുഭാഗത്തും 50 സെന്റിമീറ്റർ വീതിയിൽ കോൺക്രീറ്റ് മതിലുമുണ്ടാകും. 6.75 മീറ്റർ വീതിയിലാണ് അഴുക്കുചാലിനൊപ്പം സർവീസ് റോഡുകൾ ക്രമീകരിക്കുന്നത്. 28 ലക്ഷം ക്യൂബിക് മീറ്റർ മണ്ണാണ് റോഡ് നിർമാണത്തിനായി
ഉപയോഗിച്ചത്.
'' പ്രധാന പ്രവൃത്തികളെല്ലാം പൂർത്തിയായി. കാലാവധിക്കകം പണികൾ പൂർത്തിയാകും. നേരത്തെ മഴ പെയ്താലും പെയിന്റിംഗ്, ലൈറ്റ് സ്ഥാപിക്കൽ പോലുള്ള ജോലി മാത്രമേ ശേഷിക്കൂ.
- കെ.വിശ്വനാഥൻ ( കെ.എം.സി കൺസ്ട്രക്ഷൻസ് പി.ആർ.ഒ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |