കനത്ത മഴ : ഒന്നരക്കോടിയിലധികം രൂപയുടെ നാശനഷ്ടം
തൃശൂർ : ചൊവ്വാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും 1.66 കോടിയുടെ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിലും കനത്ത മഴയിലും നാശനഷ്ടം സംഭവിച്ച തൃശൂർ പുല്ലഴിയിലെ വീടും, വൈദ്യുതി പോസ്റ്റുകൾ വീണ് നാശം സംഭവിച്ച ഒളരി കൊട്ടിൽ റോഡ് ഭാഗവും കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. വൈദ്യുതി ലൈനുകൾ പൊട്ടി വീഴുകയും വീടിന്റെ ട്രസ് വർക്ക് പൂർണ്ണമായും തകരുകയും ചെയ്ത സ്ഥലങ്ങളിൽ കളക്ടർ നേരിട്ടെത്തി നാശനഷ്ടം വിലയിരുത്തി. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണും മരച്ചില്ലകൾ ഒടിഞ്ഞു വീണുമാണ് പരക്കെ നാശനഷ്ടമുണ്ടായത്. തൃശൂർ താലൂക്കിലാണ് കൂടുതൽ നാശനഷ്ടം. ഒല്ലൂക്കര, അയ്യന്തോൾ, മരത്താക്കര, അരണാട്ടുകര, ഒല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലും നാശനഷ്ടമുണ്ടായി. സ്ഥലസന്ദർശനത്തിൽ കളക്ടറോടൊപ്പം തൃശൂർ താലൂക്ക് തഹസിൽദാർ ടി.ജയശ്രീ, വില്ലേജ് ഓഫിസർ ഷീജ രാജ്, ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായി. തൃശൂർ, ഇരിങ്ങാലക്കുട, കെ.എസ്.ഇ.ബി സർക്കിളിൽ മാത്രം 1.13 കോടിയുടെ നാശ നഷ്ടം സംഭവിച്ചു.
വീട് തകർന്നത്
(തൃശൂർ താലൂക്ക്)
ഒരു വീട്
(പൂർണമായി)
47 വീട് (ഭാഗികമായി)
നാശനഷ്ടം 23 ലക്ഷം
17.86 ലക്ഷത്തിന്റെ കൃഷിനാശം
126 കർഷകർ
5.97 ഹെക്ടർ കൃഷി
(ഒല്ലൂക്കര, അന്തിക്കാട്, വെള്ളാങ്ങല്ലൂർ എന്നീ ബ്ലോക്കിൽ).
രാവ് പകലാക്കി ഫയർഫോഴ്‌സ്
തൃശൂർ: 64 കോളുകൾ, ഉറക്കമില്ലാത്ത രാത്രി... ചൊവ്വാഴ്ച വൈകിട്ട് ഒരുമണിക്കൂറോളം പെയ്ത കനത്തമഴയിലും വീശിയടിച്ച കാറ്റിലും നഗരം വിറച്ചപ്പോൾ രാവ് വെളുക്കുവോളം ഫയർഫോഴ്‌സിന് തീരാപ്പണി. മഴതുടങ്ങി അരമണിക്കൂറിനുള്ളിൽ തന്നെ തൃശൂർ ഫയർഫോഴ്‌സിൽ കോളുകളെത്തി തുടങ്ങി.
തൃശൂർ ഫയർ ഫോഴ്‌സിന് കൈകാര്യം ചെയ്യുന്നതിനും അപ്പുറത്തേക്ക് കാര്യങ്ങൾ നീങ്ങിയതോടെ ജില്ലയിലെ മറ്റെല്ലാ ഫയർഫോഴ്‌സ് സ്റ്റേഷനുകളും സഹായത്തിനെത്തി. ഗുരുവായൂർ, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, കുന്നംകുളം, പുതുക്കാട് സ്റ്റേഷനുകളിൽ നിന്നുള്ള ഫയർമാൻമാരും വാഹനങ്ങളും തൃശൂർ നഗരത്തിൽ മഴക്കെടുതികൾ ശരിയാക്കാനെത്തി.
മാള, നാട്ടിക സ്റ്റേഷനുകളൊഴിച്ച് മറ്റെല്ലാ ഫയർ സ്റ്റേഷനുകളിലെയും സ്‌ക്വാഡ് തൃശൂരിൽ എത്തിയിരുന്നു. തെക്കൻ മേഖലയിൽ മാള സ്റ്റേഷനെയും പടിഞ്ഞാറൻ മേഖലയിൽ നാട്ടികയെയും കാവൽ നിറുത്തിയായിരുന്നു അഗ്‌നിശമന സേനയുടെ തൃശൂരിലെ രക്ഷാപ്രവർത്തനം. രാത്രി ഏഴരയോടെ തുടങ്ങിയ പ്രവൃത്തികൾ പുലർച്ചെ രണ്ടരയോടെയാണ് അവസാനിപ്പിച്ചത്. പിന്നീട് രാവിലെ ആറരയോടെ വീണ്ടും ഫയർഫോഴ്‌സ് രംഗത്തിറങ്ങി.
ഫയർഫോഴ്‌സ് തൃശൂർ സ്റ്റേഷൻ ഓഫീസർ ബി. വൈശാഖ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ടി. അനിൽകുമാർ, ഹരികുമാർ, സീനിയർ ഫയർ ഓഫീസർമാരായ പി.കെ. രഞ്ജിത്ത്, എം.ജി. രാജേഷ്, അരുൺകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
പെരുമഴയിൽ നഷ്ടമേറെ
പള്ളിക്കുളം ജംഗ്ഷനിലും തിരുവാണിക്കാവിന് സമീപവും കാര്യാട്ടുകര, മുക്കാട്ടുകര, കണ്ണൻകുളങ്ങര എന്നിവിടങ്ങളിലും വലിയ മരങ്ങളാണ് കാറ്റിൽ നിലംപൊത്തിയത്. പാലസ് റോഡിൽ കല്യാണിന് സമീപം മരങ്ങൾ വീണ് എട്ട് ബൈക്കുകൾക്ക് കേടുപറ്റി. ഒല്ലൂക്കര തിരുവാണിക്കാവിന് സമീപം ആൽമരം വീണ് രണ്ട് കാറുകളും അഞ്ച് ബൈക്കുകളും തകർന്നു.
ചെമ്പുക്കാവിലും കിഴക്കുംപാട്ടുകരയിലും പുതൂർക്കരയിലും കെട്ടിടങ്ങൾക്ക് മുകളിലുള്ള ട്രസ് പറന്നുപോയി. പള്ളിക്കുളത്ത് പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബോർഡും എം.ജി റോഡിൽ പാറയിൽ ഏജൻസീസിന്റെ ബോർഡും പറന്നിളകി.
മരം വീണത്
ജില്ലാ ആശുപത്രി പരിസരം, സ്വരാജ് റൗണ്ടിൽ രണ്ടിടത്ത്, തേക്കിൻകാട് മൈതാനം, പള്ളിക്കുളം, നടത്തറ കാച്ചേരി, പട്ടാളക്കുന്ന്, പറവട്ടാനി ഫോറസ്റ്റ് സ്റ്റേഷൻ, മുക്കാട്ടുകര, കൃഷ്ണപുരം വേണൂസ് പരിസരം, കാളത്തോട്, മണ്ണുത്തി ഡോൺ ബോസ്‌കോ സ്‌കൂൾ, ഒല്ലൂക്കര തിരുവാണിക്കാവ് ക്ഷേത്രപരിസരം, കളക്ടറേറ്റ് ഓഫീസ് പരിസരം, അയ്യന്തോൾ നിർമലമാതാ കോൺവെന്റ് പരിസരം, ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരം, ചേറ്റുപുഴ പാലം, കാര്യാട്ടുകര പീച്ചി റോഡ്, സെന്റ് പീറ്റേഴ്‌സ് റോഡ്, പുത്തൻവെട്ടുകുഴി, കണ്ണൻകുളങ്ങരയിൽ മൂന്നിടത്ത്, ചിയ്യാരം, ഒല്ലൂക്കാവ് അമ്പലം, ശക്തൻ എൽ.ഐ.സി ഓഫീസ് പരിസരം, കിഴക്കുംപാട്ടുകരയിൽ അഞ്ചിടത്ത്, പനമുക്ക് പള്ളി, കുറ്റുമുക്ക് നെട്ടിശ്ശേരി മേഖല.
മഴക്കെടുതിയിൽ വൈദ്യുതി വിഭാഗത്തിന്
ലക്ഷങ്ങളുടെ നഷ്ടം
തൃശൂർ : കനത്ത മഴയിലും കാറ്റിലും നിരവധി ഇടങ്ങളിൽ വൈദ്യുതി തടസപ്പെട്ടു. മിഷൻ ക്വാർട്ടേഴ്‌സ്, വെളിയന്നൂർ, പറവട്ടാനി മേഖലകളിൽ 15,000 ഓളം പേർക്ക് വൈദ്യുതി നൽകിയിരുന്ന ഇക്കണ്ടവാര്യർ റോഡിലെ 33 കെ.വി സബ് സ്‌റ്റേഷനിലേക്കുള്ള വൈദ്യുതിയെത്തുന്ന സ്‌ട്രെക്ച്ചർ തകർന്ന് മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. കോർപ്പറേഷൻ പരിധിയിലെ നാല് സെക്ഷനുകളിലായി അമ്പതിലേറെ പോസ്റ്റുകൾ തകർന്നു. ഒല്ലൂക്കരയിൽ ആലുകൾ വീണ് നിരവധി പോസ്റ്റുകൾ ഒടിഞ്ഞു. കോർപ്പറേഷൻ പരിധിയിൽ മാത്രം ലക്ഷങ്ങളുടെ നഷ്ടം. കിഴക്കുംപാട്ടുകരയിൽ 15 ഓളം പോസ്റ്റുകളാണ് നിലം പതിച്ചത്. ചൊവ്വാഴ്ച്ച രാത്രി തകരാറിലായ വൈദ്യുതി ബന്ധം ഇന്നലെ രാത്രിയോടെ പുന:സ്ഥാപിച്ചു. അയ്യന്തോൾ മേഖലയിലും കോടതി പരിസരത്തും വ്യാപക നാശമുണ്ടായി. നഗരത്തിന്റെ പല ഭാഗങ്ങളിൽ 24 മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി. ഇന്നലെ രാവിലെ മുതൽ നൂറോളം ജീവനക്കാർ കഠിന പ്രയത്‌നം ചെയ്താണ് വൈദ്യുതി വിതരണം പുന:സ്ഥാപിച്ചത്.
മൃഗശാലയിൽ വൻനഷ്ടം
ശക്തമായ കാറ്റിൽ തൃശൂർ മൃഗശാലയിൽ വ്യാപക നഷ്ടം. അഞ്ച് മരം കടപുഴകി. ഹിപ്പോപൊട്ടാമസ്, മ്ലാവുകൾ എന്നിവയെ പാർപ്പിച്ചിരിക്കുന്ന കൂടുകൾ മരം വീണ് തകർന്നു. മൃഗങ്ങളും മറ്റു ജീവികളും അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടികളുടെ പാർക്കിലേക്കും മരം വീണു. മുറിച്ചുമാറ്റിയ മരങ്ങൾ ക്രെയിൻ ഉപയോഗിച്ചാണ് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |