തിരുവനന്തപുരം: മകൾ വിനീതയുടെ മൃതദേഹം കാണാൻ ധൈര്യമില്ലായിരുന്നെന്ന് അമ്മ രാഗിണി കോടതിയിൽ മൊഴി നൽകി. പൊലീസാണ് മൃതദേഹം തിരിച്ചറിയാൻ തന്നെ സ്ഥലത്തെത്തിച്ചത്. അവിടെ തളർന്നിരുന്നുപോയി. മകൻ വിനോദാണ് മൃതദേഹം കണ്ട് തിരിച്ചറിഞ്ഞതെന്നും രാഗിണി മൊഴി നൽകി. വിനീതയുടെ മൃതദേഹത്തിൽ സ്വർണമാല ഉണ്ടായിരുന്നില്ലെന്ന് വിനോദ് മൊഴി നൽകി.
2022 ഫെബ്രുവരി 7ന് നാലര പവൻ തൂക്കമുള്ള ദളപതി മോഡലിലുള്ള മാല പ്രതി രാജേന്ദ്രൻ തന്റെ ഫിനാൻസ് സ്ഥാപനത്തിൽ 92,000 രൂപയ്ക്ക് പണയം വച്ചിരുന്നതായി, തിരുനെൽവേലി ലവഞ്ചിപുരം സ്വദേശിയും തമിഴ്‌നാട് അഞ്ചുഗ്രാമം ഭാരത് ഫിനാൻസ് ഉടമയുമായ പളനിസ്വാമി മൊഴി നൽകി. പണയം വയ്ക്കാനെത്തിയപ്പോൾ രാജേന്ദ്രന്റെ വലതു കൈയിൽ മുറിവുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിനിടെ വലത് കൈയിലുണ്ടായ മുറിവിന് രാജേന്ദ്രൻ പേരൂർക്കട ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തേങ്ങ ചുരണ്ടിയപ്പോഴുള്ള മുറിവാണെന്നാണ് ആശുപത്രിയിൽ പറഞ്ഞത്. ഹോട്ടൽ ആവശ്യത്തിനുള്ള ഇലക്ട്രിക് ചിരവയിൽ തന്റെ വലത് കൈ വച്ച് രാജേന്ദ്രൻ മുറിവുണ്ടാക്കിയെന്നും പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |