മുഹമ്മ: കാൽപ്പന്ത് കളിയുടെ ലഹരിയിലാണ് കാവുങ്കൽ പ്രദേശത്തെ പുതുതലമുറ. കാവുങ്കൽ ഗ്രാമീണ ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ളബ്ബിന്റെ കാവുങ്കൽ ക്ഷേത്ര മൈതാനത്തെ ഗ്രൗണ്ടിലാണ് പരിശീലനം. സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കാൻ തക്കവിധം കുട്ടികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാവുങ്കൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപീകരിച്ച കാവുങ്കൽ ഗ്രാമീണ ഫുട്ബോൾ അക്കാദമിയാണ് അവധിക്കാല പരിശീലനത്തിന് അവസരമൊരുക്കുന്നത്.
രാവിലെ മുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ 120 ഓളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. 7വയസുകാരൻ മുതൽ 18 വയസുകാരൻ വരെയുൾപ്പെടും ഇതിൽ . 15പെൺകുട്ടികളും ഇക്കൂട്ടത്തിലുണ്ട്.
മുഹമ്മ, തണ്ണീർമുക്കം പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നുപോലും രക്ഷിതാക്കൾ കുട്ടികളെ ഇവിടെ പരിശീലനത്തിനായി എത്തിക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 6.30 മുതൽ 8.30 വരെ തുടരുന്ന പരിശീലനം സ്കൂൾ തുറക്കുന്നതോടെ ശനിയും ഞായറും ബുധനാഴ്ചകളിലും നടക്കും. ഈ ക്ളബ്ബിന്റെ ഗ്രൗണ്ടിൽ കളിച്ചു വളർന്ന ബീച്ച് ഫുട്ബോൾ കേരള ടീം ക്യാപ്റ്റൻ ലെനിൻ മിത്രനും ഇവിടെ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. ജി.സുജിത്ത്,സി പി.പ്രവീൺ,എ.അനിൽകുമാർ,സി.ജി.രാഗേഷ് എന്നിവരാണ് മറ്റ് പരിശീലകർ. അക്കാദമിയുടെ ചെയർമാൻ ഗിരീഷ്, കൺവീനർ എൻ.എസ്.സോജിമോൻ,ഗ്രാമീണയുടെ ഭാരവാഹികൾ എന്നിവരും പരിശീലനത്തിന് നേതൃത്വം നൽകുന്നു. 50 വർഷമായി പ്രവർത്തിച്ചുവരുന്ന ഗ്രാമീണയിലൂടെ കായിക പരിശീലനം നേടിയ നിരവധി പേർ പി.എസ്.സിയിലൂടെ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇവിടെ പരിശീലനം നേടിയ കുട്ടികളെ പങ്കെടുപ്പിച്ച് മേയ് രണ്ടാം വാരം ജില്ലാ തല ഫുട്ബോൾ മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |