കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വർണ പണയ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് ഓഹരി ഉടമകൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിലേക്ക് 26 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. അംഗങ്ങളുടെ രജിസ്റ്ററിൽ ഏപ്രിൽ 25ന് പേരുള്ളവർക്കാണ് ഇടക്കാല ലാഭവിഹിതത്തിന് അർഹത. 30 ദിവസത്തിനകം സെബിയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പണം ലഭിക്കും. പ്രാരംഭ ഓഹരി വിൽപ്പന നടന്ന 2011 മുതൽ കമ്പനി എല്ലാ വർഷവും മുത്തൂറ്റ് ഫിനാൻസ് ലാഭവിഹിതം നൽകുന്നുണ്ട്. പത്തു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് ആകെ 181.50 രൂപ ലാഭവിഹിതമാണ് ഇതുവരെ നൽകിയിട്ടുള്ളത്. എല്ലാ ഓഹരി ഉടമകൾക്കും ദീർഘകാല മൂല്യം നൽകാനുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ഇടക്കാല ലാഭവിഹിത പ്രഖ്യാപനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
എല്ലാ ബിസിനസുകളിലും മൂല്യം നൽകുന്നതിനൊപ്പം സ്വർണ പണയ മേഖലയിലെ മുൻതൂക്കം ശക്തമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസ്യത, സുതാര്യത, ഉത്തരവാദിത്തമുള്ള സാമ്പത്തിക സേവനങ്ങൾ തുടങ്ങിയവയിലെ പാരമ്പര്യത്തോടെ മുത്തൂറ്റ് ഫിനാൻസ് രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്വർണ പണയ വായ്പാ കമ്പനിയെന്ന സ്ഥാനം ശക്തമാക്കുകയാണെന്നും ജോർജ് അലക്സാണ്ടർ മുത്തൂറ്റ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |