ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങളുടെ റൂട്ട് മാറ്റം പ്രഖ്യാപിച്ച് എയര്‍ലൈന്‍ കമ്പനികള്‍. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി അടയ്ക്കാനുള്ള തീരുമാനമാണ് റൂട്ട് മാറ്റത്തിന് പിന്നില്‍. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നീ കമ്പനികളാണ് റൂട്ട് മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ അമേരിക്ക, യൂറോപ്പ്, യുകെ, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടും.
പുതിയ വ്യോമ പാതകള്‍ ദൈര്‍ഘ്യമേറിയതായതിനാല്‍ ചില വിമാന സര്‍വീസുകളുടെ ദൈര്‍ഘ്യം കൂടാന്‍ സാദ്ധ്യതയുണ്ടെന്നും യാത്രക്കാരോട് മുന്‍കൂട്ടി ഖേദം പ്രകടിപ്പിക്കുന്നുവെന്നും എയര്‍ ഇന്ത്യയും, ഇന്‍ഡിഗോ എയര്‍ലൈന്‍സും അറിയിച്ചു. സമൂഹമാദ്ധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് വിമാന കമ്പനികളുടെ മുന്നറിയിപ്പ്. പുതിയ തീരുമാനം വിമാനങ്ങളുടെ സമയക്രമത്തേയും ബാധിക്കും.
യാത്രിക്കാര്‍ക്ക് ഉണ്ടാകാനിടയുള്ള അസൗകര്യങ്ങള്‍ കണക്കിലെടുത്ത് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ വിമാന സമയങ്ങളും ഷെഡ്യൂളുകളും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അഭ്യര്‍ത്ഥിച്ചു.
ചൊവ്വാഴ്ച ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ കര്‍ശനമായ നടപടികളിലേക്ക് നീങ്ങിയതോടെയാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാതെ വ്യോമാതിര്‍ത്തി അടയ്ക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഒരു ആക്രമണം ഉണ്ടാകുമോയെന്ന് പാകിസ്ഥാന്‍ ഭയക്കുന്നുണ്ടെന്ന് വേണം പാകിസ്ഥാന്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |