പത്തനംതിട്ട : കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളം ശബരിമല വിമാനത്താവളമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ജില്ലാ തല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ ജില്ലയ്ക്ക് വിമാനത്താവളം ലഭ്യമാകുമെന്നും പദ്ധതി വിജയത്തിലെത്തിക്കാൻ സാധിക്കുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റേത് വികസന വിരുദ്ധ നയമാണ്. വായ്പാ പരിധി മുൻകാല പ്രാബല്യത്തോടെ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു.
മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായൺ, കെ.യു.ജനീഷ് കുമാർ, ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം എന്നിവർ പങ്കെടുത്തു. എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു, പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, സെക്രട്ടറി, ഡി. അനിൽ കുമാർ, അടൂർ യൂണിയൻ കൺവീനർ മണ്ണടി മോഹൻ, ജില്ലയിലെ വ്യവസായ പ്രമുഖർ, രവീന്ദ്രൻ എഴുമറ്റൂർ, കലഞ്ഞൂർ മധു, പി.എസ് നായർ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, പ്രൊഫ ടി.കെ.ജി നായർ, സാഹിത്യകാരൻ കാശിനാഥ്, സി.പി.എം മുൻ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ബാബു തോമസ് തുടങ്ങിയവർ പങ്കെടുത്തു. സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, തൊഴിലാളി പ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, സാംസ്‌കാരിക രംഗത്ത് നിന്നുള്ളവർ, കായിക പ്രതിഭകൾ, വ്യവസായികൾ, പ്രവാസികൾ, സമുദായ നേതാക്കൾ തുടങ്ങിയ അഞ്ഞൂറോളം പേരുമായി മുഖ്യമന്ത്രി സംവദിച്ചു.
ലഹരിക്കെതിരെ ഒന്നിക്കണം
ജി.എസ്.ടി കൗൺസിൽ കേന്ദ്രത്തിനെതിരെ ശബ്ദമുയർത്തിയ ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിലെ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ കൂടെയുണ്ടാകും. ലഹരിക്കെതിരെ സമൂഹം ഒന്നിക്കണം . ലഹരി വേണ്ട എന്ന് പറയാനുള്ള ആർജവം യുവതലമുറ നേടണം. പൊതുസമൂഹത്തിന്റെ പൂർണ പിന്തുണ ഇതിനാവശ്യമാണെന്ന് സംസ്ഥാന പാഠപുസ്തക നിർമ്മാണ സമിതി അംഗം ഡോ. അജിത് ആർ പിള്ളയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
സമഗ്ര വികസനം:വീണാ ജോർജ്
സമാനതകളില്ലാത്ത വികസനത്തിനാണ് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സംസ്ഥാനം സാക്ഷ്യം വഹിച്ചതെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലയിലും സമാനമായ വികസനമാണ് ഇക്കാലയളവിൽ നടന്നത്. 9 വർഷം മുമ്പ് ആധുനിക രീതിയിൽ ടാർ ചെയ്ത ഒരു റോഡുപോലും പത്തനംതിട്ട നഗരത്തിൽ ഇല്ലായിരുന്നു. ഇന്ന് അഞ്ച് നിയോജക മണ്ഡലങ്ങളിലും എല്ലാ റോഡുകളും കിഫ്ബി ഉൾപ്പെടെ വിവിധ പദ്ധതികളിലൂടെ ആധുനിക രീതിയിൽ സഞ്ചാരയോഗ്യമാക്കി. എല്ലാ രംഗത്തും പത്തനംതിട്ട ജില്ലയിൽ വൻവികസനമാണ് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ സർക്കാർ സ്‌കൂളുകളും ഹൈടെക്ക് ആയി മാറുന്നു. പത്തനംതിട്ടയിൽ കോന്നി മെഡിക്കൽ കോളജ് എന്ന സ്വപ്നം യാഥാർത്ഥ്യമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |