ആശുപത്രികൾക്ക്
വേണം 'ആരോഗ്യം'
ആരോഗ്യരംഗത്ത് സമീപ കാലത്ത് കോഴിക്കോട് കൈവരിച്ച നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്. നഗരത്തിനകത്തും പുറത്തുമുള്ള കുടുംബാരോഗ്യകേന്ദ്രങ്ങളെല്ലാം അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടും ചികിത്സ കൊണ്ടും മെച്ചപ്പെട്ടു. നിപയേയും കൊവിഡിനെയും പിടിച്ചുകെട്ടിയ ഖ്യാതിയിൽ അഭിമാനിക്കുമ്പോഴും ദിവസേന നൂറുകണക്കിന് രോഗികൾ ചികിത്സക്കെത്തുന്ന ജില്ലാ, താലൂക്ക് ആശുപത്രികൾ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയെങ്കിലും പലയിടത്തും ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ല. ശസ്ത്രക്രിയ വിഭാഗം പലയിടത്തും പേരിനുമാത്രം. എക്‌സറേ, ഇ.സി.ജി, സ്‌കാനിംഗ് തുടങ്ങിയവ ബോർഡുകളിൽ ഒതുങ്ങി. കോഴിക്കോട് ജില്ലയിലെ പ്രധാന ആശുപത്രികളുടെ വളർച്ചയും തളർച്ചയും തേടുകയാണ് ഇന്നുമുതൽ.
കോഴിക്കോട്: ജില്ലാ ആശുപത്രിയെന്നാണ് ബീച്ച്.ഗവ.ആശുപത്രി അറിയപ്പെടുന്നത്. തീരദേശ മേഖലകളിൽ നിന്നടക്കം ആയിരക്കണക്കിന് രേഗികൾ ചികിത്സ തേടുന്ന നഗരത്തിലെ പ്രധാന ആശുപത്രിയിൽ ഇപ്പോഴും കാണുന്നത് പരിമിതികൾ മാത്രം.
ഒ.പിയിലും അത്യാഹിത വിഭാഗത്തിലുമായി ദിനം പ്രതി 2000- 2500 ആളുകൾ ചികിത്സക്കെത്തുന്ന ബീച്ച് ആശുപത്രിയിൽ ലബോറട്ടറിയും ഫാർമസിയും പ്രവർത്തിക്കുന്നത് നിലംപൊത്താറായ കെട്ടിടത്തിൽ. ആകെയുള്ള 18 വാർഡുകളിൽ മൂന്നെണ്ണം അറ്റകുറ്റപ്പണികൾക്കായി അടച്ചിരിക്കുകയാണ്. 60 ഡോക്ടർമാർ വേണ്ടിടത്ത് 55 പേർ ഉണ്ടെങ്കിലും അത്യാഹിത വിഭാഗത്തിൽ ഒരു ഡ്യൂട്ടി ഡോക്ടറും രണ്ടോ മൂന്നോ ഹൗസ് സർജൻമാരും മാത്രമാണ് ഉണ്ടാവുക. നഗരപരിധിയിലെ സർക്കാർ ആശുപത്രിയായതിനാൽ പൊലീസ് കേസുകളുമായി ബന്ധപ്പെട്ട പരിശോധനകളെല്ലാം ഇവിടെയാണ് നടത്തുന്നത്. വൈകിട്ടായാൽ ഇത്തരം പരിശോധന കൂടുന്നതിനാൽ തിരക്കും ഏറുകയാണ്. അതേസമയം ഒരു വർഷത്തോളം അടഞ്ഞ് കിടന്ന കാത്ത് ലാബ് പ്രവർത്തനക്ഷമമായത് രോഗികൾക്ക് ഏറെ ആശ്വസമാണ്. രണ്ട് ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.
നേട്ടങ്ങൾ
450 ബെഡ്
55 ഡോക്ടർമാർ
കാത്ത് ലാബ്
ലഹരിവിമുക്തി കേന്ദ്രം
കോട്ടങ്ങൾ
ന്യൂറോളജി വിഭാഗം നിലച്ചു
ന്യൂറോളജിസ്റ്റില്ല
സ്‌ട്രോക്ക് യൂണിറ്റിന്റെ പ്രവർത്തനം അവതാളത്തിൽ
ലബോറട്ടറി, ഫാർമസി പ്രവർത്തിക്കുന്നത് പൊളിഞ്ഞ കെട്ടിട
ത്തിൽ
നവീകരണത്തിനായി മാസ്റ്റർ പ്ലാൻ തയ്യാർ
ലബോറട്ടറി, ഫാർമസി ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ആശുപത്രിക്കെട്ടിടത്തിന് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. 77 കോടി രൂപ ചെലവിൽ നാല് നില കെട്ടിടമാണ് തയ്യാറാക്കുന്നത്.
ആശുപത്രി വികസനത്തിനായി തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് സാങ്കേതികാനുമതി ലഭിച്ചു. ഇതിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
- ഡോ. ജീവൻലാൽ ( സൂപ്രണ്ട്, ഗവ. ജനറൽ ആശുപത്രി (ബീച്ച് ) , കോഴിക്കോട് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |