കൊല്ലം: മദ്ധ്യഭാഗത്തെ സ്പാൻ നിർമ്മിക്കാനുള്ള ചലിക്കുന്ന തട്ട് യന്ത്രത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ എത്താത്തതിനാൽ പെരുമൺ- പേഴുംതുരുത്ത് പാലം നിർമ്മാണം സ്തംഭിക്കുമെന്ന് ആശങ്ക. ചലിക്കുന്ന തട്ട് യന്ത്രത്തിന്റെ അഞ്ച് കോടിയോളം രൂപയുടെ സാമഗ്രികൾ കഴിഞ്ഞയാഴ്ച കമ്പനി എത്തിച്ചിരുന്നു.
പാലത്തിന്റെ പരിഷ്കരിച്ച എസ്റ്റിമേറ്റ് നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബി അംഗീകരിച്ചാലേ ഒരു കോടി രൂപയുടെ ശേഷിക്കുന്ന യന്ത്രങ്ങൾ എത്തിക്കൂവെന്നാണ് കരാർ കമ്പനിയുടെ നിലപാട്. ഗർഡറുകളിൽ താങ്ങിനിറുത്തുന്നതിന് പകരം പാലത്തിന്റെ മദ്ധ്യഭാഗത്തെ മൂന്ന് സ്പാനുകൾ പൈലോണുകളിൽ സ്റ്റീൽ റോപ്പുകളിൽ തൂക്കിയാണ് നിറുത്തുന്നത്. മദ്ധ്യഭാഗത്ത് 70 മീറ്റർ നീളത്തിലുള്ള ഒരു സ്പാനും ഇരുവശങ്ങളിലുമായി 42 മീറ്റർ വീതമുള്ള രണ്ട് സ്പാനുകളുമാണുള്ളത്. ഇതിൽ താത്കാലിക പിയർ ക്യാപ്പ് നിർമ്മിച്ച് മദ്ധ്യഭാഗത്ത് നിന്ന് ഇരുവശങ്ങളിലേക്കും 13.5 മീറ്റർ നീളത്തിൽ ആകെ 9 മീറ്റർ സ്ലാബ് നിർമ്മാണം പൂർത്തിയായി. ചലിക്കുന്ന തട്ട് യന്ത്രം ഉപയോഗിച്ച് ഇരുവശങ്ങളിലും മൂന്ന് മീറ്റർ വീതം ഘട്ടംഘട്ടമായാണ് ശേഷിക്കുന്ന സ്ലാബ് നിർമ്മിക്കുന്നത്. ഏപ്രിൽ 1 നാണ് 9 മീറ്റർ സ്ലാബ് കോൺക്രീറ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പ് സ്ലാബിന്റെ ഷട്ടർ ഇളകിയിരുന്നു. എന്നാൽ സ്ഥലത്തുണ്ടായിരുന്ന 18 തൊഴിലാളികളെ കരാർ കമ്പനി തിരുവനന്തപുരത്തേക്ക് മാറ്റി. അപ്രോച്ച് റോഡിന്റെ നിർമ്മാണം മാത്രമാണ് നിലവിൽ നടക്കുന്നത്.
ബിൽ കുടിശിക 5.5 കോടി
ഇതുവരെ പൂർത്തിയാക്കിയ നിർമ്മാണത്തിന്റെ 5.5 കോടിയുടെ ബിൽ കരാർ കമ്പനിക്ക് മാറിക്കിട്ടാനുണ്ട്. മൂന്ന് മാസം മുമ്പ് ബിൽ കുടിശിക ചൂണ്ടിക്കാട്ടി കരാർ കമ്പനി പണി നിറുത്തിവയ്ക്കാനൊരുങ്ങിയതോടെ 75 ലക്ഷം രൂപയുടെ ബിൽ മാറി നൽകിയിരുന്നു. പരിഷ്കരിച്ച എസ്റ്റിമേറ്റ് അംഗീകരിച്ച ശേഷം അത് അടിസ്ഥാനമാക്കിയേ ബില്ലുകൾ മാറിനൽകാനാകൂ.
നിർമ്മാണം തുടങ്ങിയത്-2020 ഡിസംബറിൽ
പാലത്തിന്റെ നീളം-434 മീറ്റർ
പൂർത്തിയാകാൻ-3 സ്പാനുകൾ
മദ്ധ്യഭാഗത്തേത്-70 മീറ്റർ
ഇരുവശങ്ങളിലും-42 മീറ്റർ
പൂർത്തിയായത്-9 മീറ്റർ സ്ലാബ്
ബാക്കിയുള്ളത്-151 മീറ്റർ
ഏകദേശം ഒരുകോടി രൂപ വിലയുള്ള യന്ത്രഭാഗങ്ങൾ കൂടി എത്തിയാലെ ശേഷിക്കുന്ന നിർമ്മാണം ആരംഭിക്കാനാകൂ. ഇക്കാര്യം കെ.ആർ.എഫ്.ബിയെ അറിയിച്ചിട്ടുണ്ട്. അഞ്ചരക്കോടിയുടെ ബിൽ മാറിക്കിട്ടാനുണ്ട്.
കരാർ കമ്പനി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |