കൊല്ലം: ജീവൻ രക്ഷാമാർഗമായ ഐ.സി.യു ആംബുലൻസുകളിലും രക്ഷയില്ല. മെഡിക്കൽ അടിയന്തര ഘട്ടങ്ങളിൽ നിർണായകവും ജീവൻ രക്ഷിക്കുന്നതുമായ പരിചരണം നൽകാനുള്ള പല സൗകര്യങ്ങളും ഇല്ലാതെയാണ് ആംബുലൻസുകളിൽ പലതും പ്രവർത്തിക്കുന്നതെന്ന് പരാതി ഉയരുന്നു.
ഇവയിൽ പലതിലും ആവശ്യത്തിന് ഓക്സിജൻ സിലിണ്ടറുകൾ ഉണ്ടാവാറില്ലെന്നും തീവ്രപരിചരണ സേവനങ്ങൾ നൽകുന്നതിൽ വിദഗ്ദ്ധരായ ജീവനക്കാർ ഇല്ലെന്നുമുള്ള ഗുരുതര ആക്ഷേപങ്ങളാണ് ഉയരുന്നത്. യാത്രാ സമയങ്ങളിൽ അവശ്യമായ പരിചരണം നൽകുന്നതിന് നൂതന ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങളും പരിശീലനം ലഭിച്ച മെഡിക്കൽ പ്രൊഫഷണലുകളും ഉൾപ്പെടുന്ന മെഡിക്കൽ ട്രാൻസ്പോർട്ട് വാഹനമാണ് ഐ.സി.യു (ഇന്റൻസീവ് കെയർ യൂണിറ്റ്) ആംബുലൻസ്.
മരുന്നുകളും നൂതന മെഡിക്കൽ ഉപകരണങ്ങളായ വെന്റിലേറ്ററുകൾ, ഡിഫിബ്രില്ലേറ്ററുകൾ, കാർഡിയാക് മോണിറ്ററുകൾ, ഇൻഫ്യൂഷൻ പമ്പുകൾ, പോർട്ടബിൾ അൾട്രാസൗണ്ട് മെഷീനുകൾ, ബ്ലഡ് അനലൈസറുകൾ, ഇ.സി.ജി ഉപകരണങ്ങൾ തുടങ്ങിയ അടിയന്തര ഉപകരണങ്ങൾ അവയിൽ സജ്ജീകരിച്ചിരിക്കണമെന്നാണ് നിയമം.
എന്നാൽ പല ആംബുലൻസുകളിലും പേരിന് വേണ്ടി ഇവയിൽ ചിലത് മാത്രമാണ് സജ്ജീകരിച്ചിട്ടുള്ളത്. സർക്കാർ ആശുപത്രികളിൽ ഉൾപ്പടെ ഐ.സി.യു ആംബുലൻസ് ആവശ്യത്തിന് ഇല്ലാത്ത സാഹചര്യത്തിൽ സ്വകാര്യ ഐ.സി.യു ആംബുലൻസുകളെയാണ് ആശ്രയിക്കേണ്ടിവരുന്നത്. ഇവ സ്വകാര്യ ഏജൻസികളുടെയും മറ്റുമായതിനാൽ ഇവയിലെ സജ്ജീകരണങ്ങളെക്കുറിച്ച് ആശുപത്രി അധികൃതർക്കും വ്യക്തമായ ധാരണ ഉണ്ടാകാറില്ല.
കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സ്വകാര്യ ഏജൻസിയുടെ ഐ.സി.യു ആംബുലൻസിലാണ് രോഗിയെ കൊണ്ടുപോയത്. എന്നാൽ ആംബുലൻസിൽ രോഗിക്ക് ആവശ്യമായ ഓക്സിജൻ ഉൾപ്പടെയുള്ള ജീവൻ സൗകര്യങ്ങൾ ഒന്നും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് ഐ.സി.യു ആംബുലൻസുകളിലെ സൗകര്യങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നത്.
ഓട്ടം സൗകര്യങ്ങൾ ഇല്ലാതെ
കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഒരു ആശുപത്രിയിൽ നിന്ന് മറ്റൊന്നിലേക്ക് പോകുന്നേരം ഗതാഗത സമയത്ത് ഉടനടി പരിചരണം ഉറപ്പാക്കാനാണ് ഐ.സി.യു ആംബുലൻസുകൾ ഉപയോഗിക്കുന്നത്. സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |