കോട്ടയം : ''തേനീച്ച കൃഷി ആരംഭിച്ചിട്ട് 28 വർഷമായി. ആദ്യമായിട്ടാണ് ഇത്രയും മോശം സീസൺ. സീസൺ സമയമായിട്ടും ഭീമമായനഷ്ടമാണ് ഇത്തവണ ഉണ്ടായത് . തേനീച്ച കൃഷി ചെയ്യുന്ന കാഞ്ഞിരപ്പള്ളി സ്വദേശി സുമേഷിന്റെ വാക്കുകളാണിത്. പ്രതികൂല കാലാവസ്ഥയിൽ തേൻ ഉത്പാദനത്തിലുണ്ടായിരിക്കുന്ന വൻകുറവാണ് കർഷകരെ ദുരിതത്തിലാക്കിയത്. ജില്ലയിൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി താലൂക്കുകളിലാണ് കൂടുതലായി തേനീച്ച കൃഷി. ഒരു പെട്ടിക്കുള്ളിൽ നിന്ന് മുൻകാലങ്ങളിൽ 12 കിലോ വരെ തേൻ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ നാലായി കുറഞ്ഞു. വൻതേനാണ് കൂടുതലായും കൃഷി ചെയ്യുന്നത്. ഒരു കിലോ തേനിന്റെ വില 180, 200 രൂപയാണ്. മുൻകാലങ്ങളിൽ 260 രൂപ വരെ ലഭിച്ചിരുന്നു. ചെറുതേൻ കിലോയ്ക്ക് 3000 രൂപയാണ് വില. കുറഞ്ഞ വിലയ്ക്ക് കർഷകരിൽ നിന്ന് തേനെടുത്തശേഷം, സോഷ്യൽമീഡിയകളിലൂടെ അധിക വിലയ്ക്ക് വില്പന നടത്തുന്ന ഇടനിലക്കാർ സജീവമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗുണമേന്മകുറഞ്ഞതുമായ വ്യാജതേനുകളും വിപണി കീഴടക്കി.
മഴക്കാല പരിപാലനം കീശകീറും
റബറിന്റെ തളിരില മൂപ്പിടുമ്പോഴാണ് ഏറ്റവും കൂടുതൽ തേൻ ലഭിക്കുന്നത്. റബറിന് വില കുറഞ്ഞതോടെ മലയോരമേഖലയിലെ നിരവധി മരങ്ങൾ വെട്ടിമാറ്റി കൈത, മറ്റ് പച്ചക്കറി കൃഷികളിലേക്ക് തിരിഞ്ഞതും പ്രതിസന്ധിയായി. മഴക്കാലത്ത് തേനീച്ചയുടെ പരിപാലനം ചെലവേറിയതാണ്. ഒരു പെട്ടിയ്ക്ക് 200 ഗ്രാം പഞ്ചസാര വേണം. വർഷകാല സംഭരണത്തിനായി ഒരു കൂടിന് ഒന്നരകിലോയിലധികം പഞ്ചസാരയാണ് വേണ്ടി വരും. ആഴ്ചയിൽ ഒന്ന് വീതമാണ് തീറ്റ നൽകേണ്ടത്. പഞ്ചസാര ലായനി തിളപ്പിച്ചാറിച്ച് അരിച്ചെടുത്താണ് തീറ്റ നൽകേണ്ടത്. കൂടുതൽ തേനീച്ച പെട്ടിയുള്ളവർ ജോയിന്റ് ചെയ്താണ് തീറ്റ നൽകുന്നത്.
പരിശീലന പദ്ധതികളും ഫലം കാണുന്നില്ല
റബർ ബോർഡ്, ഖാദി ബോർഡ്, ഹോർട്ടികോർപ്പ് തുടങ്ങിയവ തേനീച്ചകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിശീലന പദ്ധതികൾ നടത്തുന്നുണ്ട്. എന്നാൽ പുതിയ തലമുറ മേഖലയിലേക്ക് എത്തുന്നത് കുറവാണ്. തേനീച്ചയുടെ കുത്ത്, പരിപാലനം, ചെലവ് തുടങ്ങിയവ വെല്ലുവിളി നിറഞ്ഞതാണ്. തേനിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ കൂടുതലായി ഉത്പാദിപ്പിച്ചാൽ കർഷകർക്ക് വിപണി ലഭ്യമാകും.
''40 വർഷത്തിന് മുകളിലായി രംഗത്തുണ്ട്. ചെറുകിട സംരംഭം തുടങ്ങുന്നതിനുള്ള സബ്‌സിഡി മാത്രമാണ് ലഭിക്കുന്നത്. വിപണി കണ്ടെത്തുന്നതിനും മെച്ചപ്പെട്ട വില ലഭിക്കുന്നതിനും നടപടി സ്വീകരിക്കണം.
(ജോയ്‌സ്, തേനീച്ച കർഷകൻ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |