സംസ്ഥാനത്ത് നാല്പത് ശതമാനത്തോളം സ്ത്രീകളിൽ പ്രസവാനന്തര വിഷാദാവസ്ഥ (പോസ്റ്റ്പാർട്ടം ഡിപ്രഷൻ) കാണപ്പെടുന്നു എന്നും, ഇവരിൽ പത്തു ശതമാനത്തോളം പേർ മാത്രമാണ് ചികിത്സ തേടുന്നതെന്നും വെളിപ്പെടുത്തിക്കൊണ്ട് 'കേരളകൗമുദി" പ്രസിദ്ധീകരിച്ച വാർത്ത ഞെട്ടലോടെയാണ് വായിച്ചത്. ജീവിതരീതിയിലും ശൈലിയിലും വന്നിട്ടുള്ള മാറ്റങ്ങൾ കാരണം പൊതുവെ ആളുകൾക്കിടയിൽ നൈരാശ്യം, വിഷാദം, സമ്മർദ്ദം എന്നിവ അധികമാണ്. ഇത്തരം കുടുംബ പശ്ചാത്തലമുള്ളവരിൽ പ്രസവാനന്തര വിഷാദം അനുഭവപ്പെടാം എന്നാണ് വിദഗ്ദ്ധ ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.
ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ, കുഞ്ഞിനെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട സമ്മർദ്ദം, ഏകാന്തത എന്നിവയെല്ലാം ഗുരുതരവും സങ്കീർണവുമായ ഈ മാനസികാവസ്ഥയ്ക്ക് വഴിവച്ചേക്കാം. നിർഭാഗ്യവശാൽ, ഭാര്യയും ഭർത്താവും ജോലിക്കാരായ അണുകുടുംബങ്ങളിൽ ഇപ്പറഞ്ഞ സാഹചര്യങ്ങൾക്കെല്ലാം സാദ്ധ്യത അധികമാണ്. ഗർഭാനന്തരം പണ്ടത്തെപ്പോലെയുള്ള ശുശ്രൂഷകളോ പരിചരണമോ വിശ്രമമോ ഒന്നും പുതിയ സാഹചര്യത്തിൽ സ്ത്രീകൾക്ക് ലഭിക്കാറുമില്ല. പൊതുവെ പണ്ടത്തെ അപേക്ഷിച്ച് മാനസികാരോഗ്യം കുറഞ്ഞവരാണ് ഈ തലമുറയിലെ യുവതികൾ. ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോൾ, പ്രസവാനന്തര വിഷാദം എന്ന മാനസികാവസ്ഥയെ കേരളം ഗൗരവപൂർവം കാണേണ്ടിയിരിക്കുന്നു.
ആശുപത്രികളോടനുബന്ധിച്ചു തന്നെ അമ്മമാർക്ക് കൗൺസലിംഗ് നല്കുക, പ്രസവാനന്തര ശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുഞ്ഞിന്റെ അമ്മയ്ക്കും അച്ഛനും വീട്ടുകാർക്കും മതിയായ ബോധവത്കരണം നല്കുക, പ്രസവശേഷം ഹോർമോണുകളുടെ അളവിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനം സൃഷ്ടിച്ചേക്കാവുന്ന ശാരീരിക, മാനസിക പ്രതികരണങ്ങളെക്കുറിച്ച് ബോദ്ധ്യപ്പെടുത്തുക, നിശ്ചിത ഇടവേളകളിൽ ആശുപത്രിയിൽ നിന്നുതന്നെ ബന്ധപ്പെട്ട് മാതാവിന്റെ മാനസികാരോഗ്യം പരിശോധിക്കുന്നതിന് സർക്കാർ തലത്തിൽത്തന്നെ സംവിധാനമൊരുക്കുക എന്നിവയൊക്കെയാണ് പ്രതിവിധികൾ. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ടതാണ്.
പ്രീതി, പേരൂർക്കട
തിരിുവനന്തപുരം
പേര് മാറിയാൽ സേവനം
നന്നാകുമോ?
വൈദ്യുതി ബോർഡിലെ ജീവനക്കാരുടെ തസ്തികകളുടെ പേരുകൾ മാറ്രാൻ പോകുന്നതായി വാർത്ത കണ്ടിരുന്നു. ജീവനക്കാരുടെ തസ്തികപ്പേരുകൾ മാറുന്നതുകൊണ്ട് പൊതുജനങ്ങൾക്ക് എന്താണ് നേട്ടം? ഗ്രാമീണ മേഖലകളിൽ താമസിക്കുന്നവർക്ക് അറിയാം, വൈദ്യുതി പോകുന്ന അവസരങ്ങളിൽ വൈദ്യുതി ഓഫീസുകളിലേക്ക് വിളിച്ച് അന്വേഷിച്ചാൽ കിട്ടുന്ന മറുപടി! ഒരു വൈദ്യുതി പോസ്റ്റ് ഒന്നു മാറ്റി സ്ഥാപിക്കണമെങ്കിൽ അപേക്ഷയും ഫീസും മാത്രം പോരാ, ശുപാർശയും കൈമണിയുമായി പിറകേ നടക്കണമെന്നതാണ് അവസ്ഥ.
സർക്കാർ ജീവനക്കാർക്ക് കിട്ടുന്നതിന്റെ ഇരട്ടിയിലും അധികമാണ് കെ.എസ്.ഇ.ബി ജീവനക്കാരുടെ ശമ്പളം. ചോദിച്ചാൽ പറയും, സർക്കാരിനു കീഴിലാണെങ്കിലും കെ.എസ്.ഇ.ബി ഇപ്പോൾ പ്രത്യേക കമ്പനിയാണെന്ന്. എന്തായാലും തസ്തികപ്പേര് മാറിയതുകൊണ്ടു മാത്രം ഇതുവരെ ഒരു പൊതുമേഖലാ സ്ഥാപനവും രക്ഷപ്പെട്ടിട്ടില്ല. സർക്കാർ സ്ഥാപനങ്ങൾ ആദ്യം ജനസൗഹൃദമാകട്ടെ; പിന്നെയാകാം പേരുമാറ്റം.
എ.കെ. അനിൽകുമാർ,
നെയ്യാറ്റിൻകര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |