ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് തുറന്ന കത്തുമായി ആലപ്പുഴ മെഡിക്കൽ കോളേജിലെ അറ്റൻഡർ. വിമൽ വി എന്ന യുവാവാണ് തുറന്ന കത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളുടെ മൃതദേഹങ്ങൾ കണ്ട് മനസ് മരവിച്ചു പോകാറുണ്ടെന്നാണ് വിമൽ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. പലപ്പോഴും കരഞ്ഞ് പോകുമെന്നും വിമൽ കുറിപ്പിൽ പറയുന്നു. കുട്ടികൾ ചെറുതും വലുതുമായ കാരണങ്ങൾ കൊണ്ട് സ്വയം ജീവനൊടുക്കുന്ന പശ്ചാത്തലത്തിലാണ് വിമൽ കത്ത് പങ്കുവച്ചിരിക്കുന്നത്. കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ കൗൺസിലിംഗ് നൽകണമെന്നും കൃത്യമായി രക്ഷിതാക്കളുമായുളള മീറ്റിംഗുകൾ ആവശ്യമാണെന്നും വിമൽ കത്തിൽ പറയുന്നു.
വിമലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബഹുമാനപ്പെട്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി സാർ അറിയുന്നതിന്, അങ്ങയുടെ സമക്ഷം ഇതു എത്തുന്നതിനു വേണ്ടി ഒരു തുറന്ന കത്ത്. സർ എന്റെ പേര് വിമൽ. വി എന്നാണ്. ഞാൻ വണ്ടാനം മെഡിക്കൽ കോളേജിലെ എച്ച്ഡിഎസ് ആണ്. എന്റെ വിഷയം സാർ നമ്മുടെ കുഞ്ഞുങ്ങൾക്ക് ആഴ്ചയിൽ ഒരു ദിവസം കൗൺസിലിംഗ് ക്ലാസും കൂടാതെ പാരന്റ്സ് മീറ്റിംഗും വയ്ക്കണം. സാർ ദിവസവും ഒരുപാട് മൃതശരീരങ്ങൾ കണ്ടു മനസു മുരടിച്ചു പോകാറുണ്ട്. ഞങ്ങൾ കരയാറില്ല എന്നാലും പലപ്പോഴും ഞങ്ങൾ കരഞ്ഞു പോകും. എന്ത് എന്നു ചോദിച്ചാൽ സാർ ഇപ്പോൾ നമ്മളുടെ കുഞ്ഞു മക്കൾ ദിനം പ്രതി ആത്മഹത്യ ചെയ്യുകയാണ്.
കാരണം വളരെ ലളിതം ആണ്. അച്ഛനും അമ്മയും വാങ്ങി കൊടുത്ത മാലയ്ക്കു നീളം കുറവ്, ക്രിക്കറ്റ് കളിച്ചു വന്നിട്ട് കുളിക്കാൻ പറഞ്ഞാൽ, അമ്മ വഴക്ക് പറഞ്ഞാൽ, പുതിയ മൊബൈൽ വാങ്ങി കൊടുക്കാത്ത കൊണ്ട്. സാർ ഇങ്ങനെ കുറെ അധികം വാശികൾ കുഞ്ഞു മക്കളുടെ ജീവൻ എടുക്കാൻ കാരണമാകുന്നു. ഹൃദയ വേദനയോടെ ആണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. ഇന്നും എന്റെ ചൂണ്ടു വിരൽ വിറക്കും കാരണം പോസ്റ്റ്മോർട്ടം കഴിഞ്ഞു കുഞ്ഞുങ്ങൾ ആയാലും മറ്റു പലരും ആയാലും നല്ല വണ്ണം ഒരുക്കി വസ്ത്രം ഇട്ട് ഈ വരുന്ന മൃതശരിരങ്ങൾ ഞങ്ങൾ ഒരുക്കി വിടാറുണ്ട്.
പക്ഷെ സർ പലപ്പോഴും ഞങ്ങൾ പതറി പോകാറുണ്ട്. എനിക്കും ഒരു മകൾ ഉണ്ട്. ഇന്ന് അവളെ ഞാനും എന്റെ ഭാര്യയും പൊന്നു പോലെ ആണ് നോക്കുന്നത്. ഇതുപോലെ ആണ് എല്ലാ അച്ഛനും അമ്മമ്മാരും കുഞ്ഞുങ്ങളെ നോക്കുന്നത് എന്നും എനിക്ക് അറിയാം. എനിക്കും അവർക്കും അവരെ വളർത്തി വലുതാക്കി അവർക്കു വേണ്ടി ജീവിക്കാനേ അറിയൂ. ഇത് അങ്ങേക്കും പൊതുവെ ഈ എഴുതുന്ന കത്താണ്. എല്ലാവർക്കും വേണ്ടി ആണ് ഇന്ന് ഇത് എഴുതാൻ കാരണം. 13 വയസ് ഉള്ള കുഞ്ഞു ഇന്നും തൂങ്ങി മരിച്ചു. ഇത് ഒരു അപേക്ഷയായി സ്വീകരിച്ചു വേണ്ട നടപടി കൈ കൊള്ളണം എന്നു വിനീതമായി അപേക്ഷിക്കുന്നു. എന്ന് വിമൽ. വി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |