കല്ലറ: കല്ലറ-തൊളിക്കുഴിക്കാർക്കിനി നടുവൊടിയാതെ യാത്ര ചെയ്യാം. കാത്തിരിപ്പിനൊടുവിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായിട്ടും പണി ആരംഭിക്കാത്ത കല്ലറ-തൊളിക്കുഴി റോഡിന്റെ അവസ്ഥയെക്കുറിച്ച് കേരളകൗമുദി വാർത്തനൽകിയിരുന്നു. തിരുവനന്തപുരം - കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡുകളിൽ ഒന്നാണ് തൊളിക്കുഴി-കല്ലറ റോഡ്. ചുറ്റുമുള്ള ചെറുറോഡുകൾ വരെ ആധുനിക രീതിയിൽ പുനർനിർമ്മിക്കപ്പെട്ടപ്പോഴും കല്ലറ പള്ളിമുക്ക് മുതൽ തൊളിക്കുഴി വരെയുള്ള അഞ്ച് കിലോമീറ്റർ റോഡിനെ കാലങ്ങളായി അധികൃതർ മറന്ന മട്ടായിരുന്നു. എന്നാലിപ്പോൾ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി നെടുമങ്ങാട് സെക്ഷനിൽ വെഞ്ഞാറമൂട് എ.ഇക്ക് കീഴിലുള്ള റോഡിന് സർക്കാർ അഞ്ച് കോടി രൂപ അനുവദിക്കുകയും ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയാവുകയുമായിരുന്നു.
ടാറിംഗ് നടത്തിയിരുന്നില്ല
ജില്ലയിലെ ആറ്റിങ്ങൽ,വാമനപുരം മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ ചടയമംഗലം നിയോജക മണ്ഡലവും ഉൾപ്പെടുന്ന റോഡാണിത്. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച റോഡിൽ പത്ത് വർഷങ്ങൾക്ക് മുമ്പാണ് റീടാറിംഗ് ചെയ്തിട്ടുള്ളത്. ഓട നിർമ്മാണം നടത്തിയിട്ടില്ലാത്തതിനാൽ റോഡിന്റെ ഇരുവശങ്ങളിലും മഴവെള്ളമൊഴുകി ഗർത്തങ്ങളും രൂപപ്പെട്ടിരിക്കുകയായിരുന്നു.
ബസുകളും സർവീസ് നിറുത്തിയിരുന്നു
വാഹനങ്ങൾ ദിവസേന അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. റോഡിന്റെ ശോച്യാവസ്ഥ കാരണം ഒട്ടുമിക്ക ബസുകളും സർവീസ് നടത്തിയിരുന്നില്ല. കിളിമാനൂർ,കടയ്ക്കൽ ഭാഗങ്ങളിൽ നിന്ന് കല്ലറയിലെത്തുന്നതിന് യാത്രക്കാർ കൂടുതലായി ഉപയോഗിക്കുന്നത് ഈ റോഡിനെയാണ്.ശബരിമല സീസണാകുന്നതോടെ ഇതുവഴി ധാരാളം വാഹനങ്ങൾ പോകും. മീൻമൂട്ടി,പൊൻമുടി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ പോകുന്നതിനും യാത്രക്കാർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
തുക: 5കോടി
നിർമ്മിക്കുന്നത് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ
ഈ റോഡിലെ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള പാലങ്ങൾ കൂടി ഇനി പുതുക്കിപ്പണിയേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |