ആലപ്പുഴ : കാലവർഷത്തിനു മുന്നോടിയായി തോട്ടപ്പള്ളി പൊഴിമുഖം തുറക്കുന്നതിനുള്ള ജോലികൾക്ക് സർക്കാർ ഫണ്ട് അനുവദിക്കാത്തത് തിരിച്ചടിയാകുന്നു. പൊഴിമുഖത്ത് മണൽച്ചാൽ വെട്ടുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ജലസേചന വകുപ്പ് ആലപ്പുഴ എക്സിക്യുട്ടീവ് എൻജിനീയർ 20ലക്ഷം രൂപയുടെ പദ്ധതി മാർച്ചിന് മുമ്പ് സമർപ്പിച്ചിരുന്നു.
പൊഴിമുഖം തുറക്കുന്നതിന്റെ ടെണ്ടർ മേയ് 15ന് മുമ്പ് പൂർത്തീകരിക്കേണ്ടതാണ്. 2018ലെ പ്രളയത്തിന് ശേഷം കഴിഞ്ഞവർഷം വരെ പൊഴിമുഖങ്ങളിലെ മണൽ നീക്കുന്നതിനുള്ള ചുമതല പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിനായിരുന്നു. ഇവിടെ നിന്നുള്ള മണൽ നീക്കവുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതോടെ കഴിഞ്ഞ വർഷം അവസാനത്തോടെ കെ.എം.എം.എല്ലിനെ സർക്കാർ ഒഴിവാക്കിയിരുന്നു.
ഇത്തവണ പൊഴിമുഖം അടഞ്ഞപ്പോൾ 500മീറ്ററിലധികം നീളത്തിലാണ് നിലവിൽ മണൽത്തിട്ടയുള്ളത്. 8 മീറ്റർ വീതിയിലും 4മീറ്റർ താഴ്ചയിലുമാണ് ചാൽവെട്ടുക. കഴിഞ്ഞ തവണ അടിയന്തര സാഹചര്യത്തിൽ ചാലുവെട്ടിയതിനുള്ള തുക കരാറുകാരന് ദുരന്ത നിവാരണ അതോറിട്ടിയുടെ ഫണ്ടിൽ നിന്ന് ഇതുവരെ നൽകിയിട്ടില്ല. പൊഴിമുഖം കൃത്യസമയത്ത് തുറക്കാനായില്ലെങ്കിൽ കുട്ടനാട് അപ്പർ കുട്ടനാട് മേഖലയിലെ 30,000ഹെക്ടർ നെൽകൃഷിയും ആയിരക്കണക്കിന് ഹെക്ടർ കരകൃഷിയും നിരവധി കുടുംബങ്ങളും വെള്ളത്തിൽ മുങ്ങിത്താഴും. ഷട്ടറുകളുടെ തുരുമ്പും കേബിളുകളുടെ തകരാറും പരിഹരിക്കുന്ന ജോലിയും മെക്കാനിക്കൽ വിഭാഗം ഇതുവരെ ആരംഭിച്ചിട്ടില്ല. പാലത്തിൽ 40 ഷട്ടറുകളാണുള്ളത്. നിലവിലുള്ള പാലത്തിന് സമാന്തരമായ രണ്ട് പാലങ്ങൾ കൂടി നിർമ്മിക്കുന്നതിനുള്ള പൈലിംഗ് പൂർത്തികരിച്ചതോടെ നീരൊഴുക്കിന് ശക്തി കുറയാനുള്ള സാധ്യത കണക്കിലെടുത്തുള്ള മുന്നോരുക്കം നടത്തണമെന്ന് കർഷകരുടെ ആവശ്യം.
എങ്ങുമെത്താതെ ആഴം വർദ്ധിപ്പിക്കൽ
ലീഡിംഗ് ചാനലിലെ നീരൊഴുക്ക് ശക്തമാക്കുന്നതിനുള്ള ആഴം വർദ്ധിപ്പിക്കൽ ജോലികൾ എഴുവർഷമായിട്ടും എങ്ങുമെത്തിയില്ല. സ്പിൽവേ ചാനൽ മുതൽ വീയപുരം വരെയുള്ള 11കിലോമീറ്റർ നീളത്തിൽ, പാലത്തിനും അഴിമുഖത്തിനും ഇടയിലുള്ള മണൽ നീക്കം ചെയ്യാനാണ് പദ്ധതി. സർക്കാരിന് ഒരു ചെലവുമില്ലാതെ 5.12 ലക്ഷം എംക്യൂബ് മണൽ നീക്കം ചെയ്യുന്ന പദ്ധതി ഇറിഗേഷൻ വകുപ്പാണ് നടപ്പാക്കുന്നത്. പാലത്തിന് കിഴക്ക് ഭാഗത്തെ മണലുംചെളിയും നീക്കം ചെയ്യുന്നതിന് സ്വകാര്യ വ്യക്തിയ്ക്കും ധാതുമണൽ ഉള്ള പൊഴിമുഖത്തെ ആഴംവർദ്ധിപ്പിക്കുന്നതിന് ചവറ കെ.എം.എം.എല്ലിനുമാണ് കരാർ നൽകിയിട്ടുള്ളത്. ഇതിൽ കെ.എം.എം.എല്ലിന്റെ ചുമതലയിലുള്ള ഭാഗത്ത് മണൽ നീക്കിയെങ്കിലും പാലത്തിന് കിഴക്ക് ഭാഗത്തെ മണൽ നീക്കം ചെയ്യുന്ന ജോലികൾ പാതിവഴിയിലാണ്.
പൊഴി തുറക്കലിന് ആവശ്യപ്പെട്ട തുക: 20ലക്ഷം
കനാലിന്റെ ആഴം വർദ്ധിപ്പിക്കൽ കരാർ കാലാവധി നാലുമാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. കാലവർഷം എത്തും മുമ്പേ ആഴം വർദ്ധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കും
- സജീവ്, എക്‌സിക്യൂട്ടിവ് എൻജിനിയർ, ഇറിഗേഷൻ വകുപ്പ്, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |