കോഴഞ്ചേരി : അവകാശങ്ങൾക്കുവേണ്ടി സംസാരിക്കാൻ ആരേയും ഭയപ്പെടേണ്ടതില്ലെന്ന് കേരളത്തെ പഠിപ്പിച്ചത് സി.കേശവനാണെന്നും അദ്ദേഹത്തിന്റെ ഇന്നത്തെ സാന്നിദ്ധ്യമാണ് വെള്ളാപ്പള്ളി നടേശനെന്നും മന്ത്രി വീണാജോർജ് പറഞ്ഞു. കോഴഞ്ചേരി നഗരത്തിലെ നവീകരിച്ച സി.കേശവൻ സ്ക്വയറിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി. സി.കേശവനെ ജയിലറയിലടച്ച് നിവർത്തന പ്രക്ഷോഭത്തെ ഇല്ലാതാക്കാൻ അധികാരി വർഗം ശ്രമിച്ചപ്പോൾ, അദ്ദേഹം അഗ്നിനാളം പോലെ സമരത്തെ നാടാകെ പടർത്തി. 1935 മെയ് മാസത്തിലാണ് സി.കേശവൻ കോഴഞ്ചേരി പ്രസംഗം നടത്തിയത്. അദ്ദേഹത്തിന്റെ സ്മരണകളെ പുതുതലമുറയ്ക്ക് പകർന്നുനൽകാൻ വിവിധ പരിപാടികൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യാതിഥിയായി പങ്കെടുത്തു. കോഴഞ്ചേരി മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിക്ടർ ടി.തോമസ്, മുൻ എം.എൽ.എ കെ.സി.രാജഗോപാൽ, എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻബാബു, വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, യോഗം ഡയറക്ടർ ബോർഡ് അംഗം പി.ആർ.രാഖേഷ്, എൽ.എസ്.ജി.ഡി എക്സിക്യൂട്ടീവ് എൻജിനിയർ അനിത.എസ്, അസി.എൻജിനിയർ വിജയകൃഷ്ണൻ.ജി എന്നിവർ പ്രസംഗിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി.ഈശോ സ്വാഗതവും മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം പ്രദീപ് നന്ദിയും പറഞ്ഞു.
സി.കേശവന്റെ സ്മരണകൾ ഉയർത്തിപ്പിടിക്കണം:
വെള്ളാപ്പള്ളി നടേശൻ
കോഴഞ്ചേരി : പിന്നാക്ക വിഭാഗങ്ങളുടെ നാവായി പ്രവർത്തിച്ച സി.കേശവന്റെ സ്മരണകൾ ഉയർത്തിപ്പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഈഴവർ ഉൾപ്പടെയുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം കിട്ടിയത് കോഴഞ്ചേരി പ്രസംഗത്തിന്റെ പ്രസക്തിയും ശക്തിയുമാണെന്നും എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നവീകരിച്ച സി.കേശവൻ സ്‌ക്വയറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഈഴവരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉൾപ്പെടുന്ന പിന്നാക്ക വിഭാഗത്തിന്റെ നാവായി അവരുടെ അവകാശങ്ങൾക്കുവേണ്ടിയാണ് സി.കേശവൻ പോരാടിയത്. ദിവാനായിരുന്ന സർ സി.പിയെ നികൃഷ്ട ജീവി എന്ന് വിളിക്കാൻ അദ്ദേഹം തന്റേടം കാട്ടി. പിന്നാക്ക വിഭാഗത്തിന് രാജഭരണകാലത്തുതന്നെ സംവരണം, പ്രജാസഭയിൽ അംഗത്വം, വോട്ടവകാശം എന്നിവയെല്ലാം നേടിത്തന്നത് സി.കേശവന്റെ നിവർത്തന പ്രക്ഷോഭത്തിലൂടെയാണ്. കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |